സ്വപ്‌നങ്ങള്‍ക്കും ഉയരെ
ലുതായാല്‍ ആരാണ് ഈ കുട്ടിയെ നോക്കുക, ആരെങ്കിലും അവളെ സ്‌നേഹിക്കുമോ?
സ്വന്തം അത്യാവശ്യങ്ങള്‍പോലും നിര്‍വഹിക്കാന്‍ സാധ്യമാവാത്ത ഈ കുഞ്ഞിന്റെ ഭാവി എന്താവും...''
അമ്മ ഐനസ് കോക്‌സിന്റെ ആധിമുറ്റിയ വാക്കുകള്‍ കാറ്റെടുത്ത് വിദൂരതയിലോളം എത്തിച്ചപ്പോഴും തേങ്ങലിന്റെ കണികകള്‍ അതില്‍ പറ്റിനിന്നിരിക്കണം. അമേരിക്കന്‍ സംസ്ഥാനമായ അരിസോണയിലെ ടക്‌സണ്‍ പട്ടണത്തിന്റെ ഭാഗമായ സെയേറ വിസ്റ്റയിലായിരുന്നു 1983 ഫെബ്രുവരി രണ്ടിന് അപൂര്‍വ ജന്മവൈകല്യവുമായി ആ പിറവി സംഭവിച്ചത്.
ഒരു കുഞ്ഞിന്റെ പിറവി വീടിനും നാടിനുമെല്ലാം സന്തോഷത്തിന്റെ നിമിഷങ്ങള്‍ സമ്മാനിക്കാറുണ്ടെങ്കില്‍ ജെസിക്ക കോക്‌സ് ജനിച്ചപ്പോള്‍ ആ നാട്ടില്‍ ആരെങ്കിലും സന്തോഷിച്ചിരിക്കാന്‍ സാധ്യതയില്ല. ജെസിക്കയുടെ മുഖം ഏതൊരു ഫിലിപ്പിനോ വംശജയുടെയും കുഞ്ഞിന്റേതിന് സമാനമായിരുന്നെങ്കിലും അവള്‍ക്ക് ഇരുകൈകളും ജന്മനാ ഉണ്ടായിരുന്നില്ലെന്നതാണ് സത്യം. ശാസ്ത്രത്തിന് കൃത്യമായി നിഗമനങ്ങളിലെത്താന്‍ സാധ്യമാവാത്ത ഒരു അത്യപൂര്‍വ ജനിതകവൈകല്യം.
ഭൂമിയുടെ ചൂടും തണുപ്പും കുളിരുമെല്ലാം ഏറ്റുവാങ്ങാന്‍ അവള്‍ എത്തിയത് ഏറെ പ്രത്യേകതകളോടെ. മനുഷ്യജന്മത്തില്‍ അത്യപൂര്‍വമായി സംഭവിക്കുന്ന ഒന്ന്. ആധുനികശാസ്ത്രം അവളുടെ അവസ്ഥക്കു മുന്നില്‍ നിസഹായയായി. നാടുമുഴുവന്‍ ആ ജന്മത്തില്‍ ആശങ്കപ്പെട്ടു. ആശുപത്രിക്കിടക്കയിലും വീടിന്റെ സുഖശീതളഛായയിലുമെല്ലാം ബന്ധുക്കളും കൗതുകം നിറഞ്ഞ മറ്റ് അനവധി കണ്ണുകളും അത്ഭുതജീവിയെപ്പോലെ ആ കുഞ്ഞിനെ ഉഴിയാനെത്തി.
ജെസിക്കയുടെ മാതാപിതാക്കള്‍ അവളെ കണ്ടത് അനുഗ്രഹ ജന്മമായി ആയിരുന്നെങ്കില്‍ ബന്ധുക്കളും നാട്ടുകാരുമെല്ലാം കൈകളില്ലാത്ത കുഞ്ഞ് ജീവിച്ചിരുന്നിട്ട് ആര്‍ക്കെന്ത് പ്രയോജനമെന്ന ചിന്താഗതിക്കാരായിരുന്നു. കുട്ടിയായിരിക്കെ തന്നെ അവള്‍ക്ക് തന്റെ ശാരീരിക ന്യൂനതകളെക്കുറിച്ച് കൃത്യമായ ബോധമുണ്ടായിരുന്നു. അതുകൊണ്ടാവാം അത്യപൂര്‍വവ്യക്തിത്വമായി ജെസിക്ക കോക്‌സ് മാറിയത്.
ജെസിക്കയെപോലൊരു പെണ്‍കുഞ്ഞു പിറന്നാല്‍ കുടുംബത്തില്‍ സ്‌ഫോടനങ്ങളുണ്ടായേക്കാം, പുറമേക്ക് ഏറെ ദൃശ്യമായില്ലെങ്കിലും. ദാമ്പത്യത്തിന്റെ താളംതെറ്റും. നാട്ടിലെങ്ങുമെന്നപോലെ ഭാര്യയെ പഴിച്ച് ഭര്‍ത്താവ് ഓടിയൊളിക്കും.
ജന്മം നല്‍കിയവര്‍ ചൊരിഞ്ഞ
ആത്മവിശ്വാസം
ഐനസ് കോക്‌സിന് ഗര്‍ഭകാലത്ത് നടത്തിയ പരിശോധനകളില്‍ ഒന്നില്‍പോലും ജനിക്കാനിരിക്കുന്നത് ശാരീരിക വെല്ലുവിളി നേരിടുന്ന ഒരു കുഞ്ഞായിരിക്കുമെന്ന് കണ്ടെത്തപ്പെട്ടില്ല. അതുകൊണ്ടുതന്നെ അനന്തമായ അമ്പരപ്പായിരുന്നു ഐനസ് കോക്‌സിനും വില്യം കോക്‌സിനും തങ്ങള്‍ ആറ്റുനോറ്റ് ലഭിച്ച കുഞ്ഞിനെ ആദ്യമായി ദര്‍ശിച്ചപ്പോള്‍. പക്ഷേ ഈ ദമ്പതികള്‍ ലോകത്തിന് തന്നെ മാതൃകയായത് ആ കുഞ്ഞിനെ വിശ്വത്തോളം വളര്‍ത്തി വലുതാക്കിയതിലൂടെയായിരുന്നു.
തങ്ങളുടെ പൊന്നോമന മകള്‍ ശാരീരിക വെല്ലുവിളി നേരിടുന്നവളാണെന്ന് ഒരിക്കലും ആ ദമ്പതികള്‍ ചിന്തിച്ചുകൂട്ടിയതേയില്ല. ആ ഒരു ഭാഗം മറന്നായിരുന്നു അവര്‍ അവളെ വളര്‍ത്തി വലുതാക്കിയത്. പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്കുള്ള കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തിലേക്ക് അയക്കുന്നതിന് പകരം മകള്‍ക്കായി തെരഞ്ഞെടുത്തത് പൊതുവിദ്യാലയമായിരുന്നു.
സഹപാഠികള്‍ ചെയ്യുന്നതെല്ലാം അവളും ചെയ്യണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു. കൈകളില്ലാത്തതിനാല്‍ ഊഞ്ഞാലുകള്‍ക്ക് മുന്‍പില്‍ കൊച്ചു ജെസീക്ക ദേഷ്യവും സങ്കടങ്ങളുമായി നിശ്ചലയായെങ്കിലും അവളുടെ കണ്ണും മനസും അപ്പോഴും
ആകാശങ്ങളുടെ അത്യുന്നതങ്ങളിലായിരുന്നു.
വളര്‍ച്ചയുടെ ഗതിവേഗത്തിനിടയില്‍ കൃത്രിമക്കൈകള്‍ അവളുടെ ജീവിതത്തിന്റെ ഭാഗമായി. ദീര്‍ഘകാലത്തെ പരിശീലനങ്ങള്‍ക്കും ഫിസിയോതെറാപ്പിപോലുള്ള ചികിത്സക്കും ശേഷമായിരുന്നു അവ അവളുടെ ദേഹത്തോട് ചേര്‍ത്തുവയ്ക്കപ്പെട്ടത്.
പതിനൊന്ന് വയസ് പിന്നിട്ടതോടെ എന്നെന്നേക്കുമായി ജെസിക്ക ജൈവികമല്ലാത്ത ആ വസ്തു ഉപേക്ഷിച്ചു. പിന്നീടുള്ള കാലം കാലുകൊണ്ട് ആ പ്രവര്‍ത്തികളെല്ലാം ഭംഗിയായി ചെയ്യുന്നതിലേക്കായി കേന്ദ്രീകരിക്കപ്പെട്ടു.
കൊച്ചു ജെസിക്കക്ക് ഓര്‍മയുറക്കുവോളം തനിക്കു ചുറ്റും ഭ്രമണംചെയ്യുന്ന ഉത്കണ്ഠാകുലമായ വാക്കുകളും നോട്ടങ്ങളും അസ്വാഭാവികതയുള്ളതാണെന്ന് തോന്നിയതേയില്ല. ഓര്‍മയുറച്ചതോടെ അവളുടെ ഉള്ളില്‍ കടലിരമ്പങ്ങള്‍ രൗദ്രതാളത്തിലേക്കെത്തി. ലോകത്തിന് മുന്നില്‍ തനിക്ക് എന്തുചെയ്യാനാവുമെന്ന് ചിന്താധീനയായി. അവള്‍ ഒരിക്കലും തോല്‍ക്കാനായി പിറന്നവളായിരുന്നില്ല. ലോകം നൂനതയായി കണ്ടതിനെ വാഴ്ത്തപ്പെടലുകളാക്കി തന്റെ ജന്മത്താല്‍ അവള്‍ തിരുത്തിയെഴുതി. ആ തിരുത്തെഴുത്ത് ഇപ്പോഴും തുടരുന്നു.
തൈകോ@ോ നല്‍കിയ ജീവിതപങ്കാളി
എല്ലാവരും വിവാഹമോതിരം കൈവിരലില്‍ അണിയുമ്പോള്‍ ജെസിക്കയുടെ മോതിരം വിളങ്ങുന്നത് കാലിലാണ്. കൃത്യമായി പറഞ്ഞാല്‍ ഇടത്തേകാല്‍വിരലിനാണ് ആ മഹാഭാഗ്യം സിദ്ധിച്ചത്. തൈകോണ്ടോ പരിശീലന കാലത്തായിരുന്നു ഇന്‍സ്‌ട്രെക്ടറായ പാട്രിക്ക് ചാമ്പര്‍ലൈനുമായി അടുക്കുന്നത്. ആ പ്രണയസ്പര്‍ശം 2012ല്‍ മന്ത്രകോടിയാല്‍ ഇരുവരും ബന്ധിതരാവുന്നതിലേക്ക് എത്തി. പിന്നീട് ഇന്നുവരെ കൈകളില്ലാത്തതിന്റെ യാതൊരു ബുദ്ധിമുട്ടും ജെസിക്ക അറിഞ്ഞിട്ടില്ല. രാജ്യങ്ങള്‍ ചുറ്റിയുള്ള സഞ്ചാരങ്ങളില്‍ മാത്രമല്ല, തൈകോണ്ടോ പരിശീലിപ്പിക്കുന്നതിലും ഇരുവരും ഒരുമെയ്യായി തുടരുകയാണ്.
ജന്മനഗരമായ സിയേറ വിസ്റ്റയിലായിരുന്നു പത്താം വയസില്‍ തൈകോണ്ടോ പരിശീലനത്തിന് തുടക്കമിട്ടത്. നാലു വര്‍ഷത്തിനകം ആദ്യ ബ്ലാക് ബെല്‍റ്റിന് ജെസിക്ക അര്‍ഹയായി. അരിസോണ യൂനിവേഴ്‌സിറ്റിയിലെ ബിരുദ പഠനകാലമായിരുന്നു അമേരിക്കന്‍ തയ്‌കൊണ്ടോ അസോസിയേഷ (എ.ടി.എ)ന്റെ ക്യാംപസ് ക്ലബുമായുള്ള ബന്ധത്തിനും പരിശീലന തുടര്‍ച്ചക്കും നിമിത്തമായത്.
ബ്ലാക്ക് ബെല്‍റ്റില്‍ രണ്ടും മൂന്നും ഡിഗ്രികള്‍ ജെസിക്ക സ്വായത്തമാക്കിയത് ഈ കാലഘട്ടത്തിലായിരുന്നു. കൈകള്‍കൊണ്ടുള്ള ഇടികള്‍ (പഞ്ച്) ക്ക് പകരം കാലുകൊണ്ടുള്ള കിക്കുകളിലായിരുന്നു ജെസിക്ക പ്രാഗല്‍ഭ്യം നേടിയത്. ഇതിനായി എ.ടി.എ തങ്ങളുടെ പാഠ്യപദ്ധതികളില്‍ ആവശ്യമായ മാറ്റം പ്രത്യേകമായി വരുത്തുകയായിരുന്നു. 2014ല്‍ അരിസോണ സ്‌റ്റേറ്റ് ചാംപ്യന്‍ പട്ടം ലഭിക്കുന്നതിലേക്കും ഈ പരിശീലനം എത്തിച്ചു.
2015ല്‍ ആത്മകഥാപരമായ 'ഡിസാം യുവര്‍ ലിമിറ്റ്‌സ്' എന്ന പുസ്തകവും ജെസിക്ക കോക്‌സിന്റേതായി പുറത്തിറങ്ങി. തങ്ങളുടെ പരിമിതികളെ എങ്ങനെ അതിജീവിക്കാമെന്നുള്ളതിനായി ലോകം മുഴുവനും വിദഗ്ധര്‍ നിര്‍ദേശിക്കുന്ന ഒരു പ്രചോദക പുസ്തകമായി ഇത് മാറിയിരിക്കുന്നു. റൈറ്റ് ഫൂട്ടെഡ് എന്ന പേരില്‍ ഒരു സിനിമയും ഈ മഹനീയ വനിതയെക്കുറിച്ച് നിര്‍മിക്കപ്പെട്ടിട്ടുണ്ട്. എമ്മി അവാര്‍ഡ് ജേതാവായ നിക് സ്പാര്‍ക് ആണ് ഈ സിനിമയുടെ സംവിധായകന്‍.
കാലുകള്‍ തന്നെ കൈകളും
ഇന്ന് ജെസിക്ക കോക്‌സ് എന്ന നാമം ലോക ചരിത്രത്തില്‍ അതിജീവനത്തിന്റെ സമാനതകളില്ലാത്ത ഇതിഹാസമായി തുന്നിച്ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. സ്‌നേഹനിധിയായ അമ്മയുടെ ആധിപിടിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായി അവള്‍ നമുക്കിടയിലുണ്ട്. തന്റെ മുപ്പത്തിയാറാം വയസിലും ലോകത്തിന് മുഴുവന്‍ പ്രചോദനമായി. വിവിധ ദേശങ്ങളിലൂടെ അവള്‍ തുടര്‍ച്ചയായ സഞ്ചാരത്തിലാണ്. ലോകം കാത്തിരിക്കുന്ന പ്രചോദനങ്ങളുടെ അക്ഷയഖനിയായ പ്രഭാഷകയാണവര്‍.
അവളുടെ വാക്കുകള്‍ കേള്‍ക്കാന്‍ ലോകത്തിന്റെ പല കോണുകളിലും ആളുകള്‍ മാസങ്ങളും ആഴ്ചകളും ദിനങ്ങളും എണ്ണി കാത്തിരിക്കുകയാണ്. ആ വ്യക്തിത്വത്തെ തങ്ങള്‍ക്ക് നേരില്‍ കാണാനാവുന്ന അസുലഭ നിമിഷവും കാത്ത് ആയിരങ്ങള്‍ ജീവിക്കുന്നു.
കൈകളുമായി പിറന്നുവീഴുന്നവര്‍ ചെയ്യുന്ന പ്രവര്‍ത്തികളെല്ലാം വൃത്തിയോടും വെടിപ്പോടും കാലുപയോഗിച്ച് ചെയ്യാന്‍ ജെസിക്ക കുട്ടിക്കാലത്തേ പരിശ്രമിച്ചിരുന്നു. കൈകളില്ലാതെ ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാക്കുന്ന അമേരിക്കന്‍ തൈകോണ്ടോ അസോസിയേഷനിലെ ആദ്യ അംഗമാണിവര്‍. ഇവര്‍ക്ക് രണ്ട് ബ്ലാക്ക് ബെല്‍റ്റുകള്‍കൂടി ഉണ്ടെന്നതും നമ്മെ അല്‍ഭുതപ്പെടുത്തിയേക്കാം. കൈയില്ലാത്ത സര്‍ഫര്‍ഫിങ് സ്‌കൂബാ ഡൈവിങ് പ്രതിഭ, തന്റെ കാലുകളില്‍ ഇന്ദ്രജാലം തീര്‍ക്കുന്ന നര്‍ത്തകി.. അങ്ങനെ ജെസിക്കയുടെ വിശേഷണങ്ങള്‍ പറഞ്ഞാല്‍ തീരില്ല.
പറന്നെത്തിപ്പിടിച്ച സ്വപ്നദൂരം
യൂനിവേഴ്‌സിറ്റി ഓഫ് അരിസോണയില്‍ നിന്ന് മനഃശാസ്ത്രത്തില്‍ ബിരുദവും നേടിയിട്ടുണ്ട്. തന്റെ ജന്മംപോലെ ജെസിക്കയുടെ ജീവിതത്തിലെ സംഭവബഹുലമായ മറ്റൊരു ദിനമാണ് 2008 ഒക്‌ടോബര്‍ 10. അന്നായിരുന്നു ജെസിക്ക പൈലറ്റ് ലൈസന്‍സ് കരസ്ഥമാക്കിയത്. വിമാനം പറപ്പിക്കാന്‍ ലൈസന്‍സ് നേടുന്ന ലോകത്തിലെ കൈകളില്ലാത്ത ആദ്യവ്യക്തിയായി അതോടെ അവര്‍ മാറി.
ആരോഗ്യമുണ്ടായിട്ടും ക്ഷീണം, ശരീരവേദന തുടങ്ങി നിരവധി ന്യായങ്ങള്‍ നിരത്തി കര്‍ത്തവ്യങ്ങളില്‍നിന്ന് മാറിനില്‍ക്കാന്‍ ഉത്സാഹിക്കുന്നവര്‍ക്കിടയില്‍ ജെസിക്ക തനിക്ക് വല്ല കുറവും ഉള്ളതായി ഭാവിച്ചില്ലെന്നതുതന്നെയാണ് ആ പ്രതിഭയുടെ വിജയരഹസ്യം.
എന്നെ കാണുന്നവര്‍ എന്റെ വൈരൂപ്യത്തില്‍ തുറിച്ചുനോക്കുകയും അഭിപ്രായങ്ങളും സഹാനുഭൂതിയും പ്രകടിപ്പിക്കുകയും ചെയ്യുമായിരുന്നെങ്കിലും പരിമിതികളെക്കുറിച്ച് പൂര്‍ണ്ണ ബോധ്യമുള്ളതിനാല്‍ അവയെ എല്ലാം ക്രിയാത്മകമായി സമീപിക്കാന്‍ തനിക്കു സാധിച്ചെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്‌കൂളില്‍ പോയിരുന്നകാലത്ത് മറ്റു കുട്ടികള്‍ കളിക്കുന്ന കൈകള്‍ അവിഭാജ്യമായ ഒരു കളിയിലും ഏര്‍പ്പെടാന്‍ സാധിക്കുമായിരുന്നില്ല. അത് തുടക്കത്തില്‍ കുറച്ചൊന്നുമല്ല നിരാശയാക്കിയത്. ആ ദിനങ്ങളിലെല്ലാം കൊച്ചു ജെസീക്കയുടെ ഹൃദയം വിങ്ങിപ്പൊട്ടി. ഹൃദയത്തിന്‍ അടിത്തട്ടില്‍ അനേകായിരം നീര്‍ച്ചാലുകള്‍ പിറവിയെടുത്തു. ഒരിക്കലും താന്‍ ആര്‍ക്കും ഭാരമാവരുതെന്ന് ഓരോ കണ്ണുനീര്‍ തുള്ളിയും അവളെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു, ഹൃദയം അവളോട് ദീര്‍ഘമായി സംസാരിച്ചതും അതൊന്നു മാത്രമായിരുന്നു.
'വേദനകളില്‍ നിന്നെല്ലാം ഞാന്‍ എന്നെ തന്നെ കണ്ടെത്തുകയായിരുന്നു' ജെസിക്കയുടെ വാക്കുകളിലെ ആത്മവിശ്വാസത്തിന്റെ ഉള്‍ക്കരുത്ത് വാക്കുകളില്‍ പ്രകടമാണ്. ലോകത്തിലെ ഏറ്റവും പ്രചോദനകരമായ പ്രാസംഗികരില്‍ ഒരാളായി രൂപാന്തരപ്പെട്ടതിനൊപ്പം വികലാംഗര്‍ക്കായി പ്രവര്‍ത്തിക്കുന്ന അവര്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിരാശരായ ജനങ്ങള്‍ക്കായി പ്രത്യാശയുടെ നെയ്ത്തിരി നാളമായി പ്രചോദന പാഠങ്ങള്‍ ചൊല്ലിക്കൊടുക്കാനും മുന്നിലുണ്ട്. ജോലികളില്‍നിന്ന് ഒളിച്ചോടുന്നവര്‍ നിറഞ്ഞ സമൂഹത്തില്‍ ജെസിക്കയെപ്പോലുള്ളവരുടെ ജീവിതം എങ്ങനെയാണ് പ്രചോദനമാവാതിരിക്കുക.
കഥകളെ വെല്ലുന്ന ജീവിതം
വേള്‍ഡ് ക്ലാസിക്കായി അറിയപ്പെടുന്ന ബോറിസ് നിക്കോളോവിച്ച് പോളിവോയിയുടെ എ സ്‌റ്റോറി എബൗട്ട് എ റിയല്‍ മാന്‍ (ഒരു യഥാര്‍ഥ മനുഷ്യന്റെ കഥ എന്ന പേരില്‍ മലയാളത്തില്‍ ഏറെ അനുവാചകരെ സൃഷ്ടിച്ച നോവലാണിത്. സോവിയറ്റ് നാടുകളുടെ പുഷ്‌ക്കല കാലത്താണ് ഈ പുസ്തകം റഷ്യന്‍ പ്രസുകളില്‍നിന്ന് ഇങ്ങോട്ടെത്തിയത്.) പോലും ജെസിക്കയെക്കുറിച്ച് വായിച്ചാല്‍ ഒന്നുമല്ലെന്ന് തോന്നിപ്പോവും. രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ നോവലാണ് 'ഒരു യഥാര്‍ഥ മനുഷ്യന്റെ കഥ.'
നാസി ജര്‍മനിയുമായുള്ള റഷ്യയുടെ ഐതിഹാസിക പോരാട്ടത്തില്‍ യുദ്ധവിമാനം പറത്തിയ അലക്‌സി എന്ന യുവ വൈമാനിന്റെ ഇരുകാലുകളും വിമാനം തകര്‍ന്ന് നഷ്ടമാവുന്നതും കഠിനപരിശ്രമത്താല്‍ കൃത്രിമകാലുപയോഗിച്ച് പരിശീലനംപൂര്‍ത്തിയാക്കി വീണ്ടും യുദ്ധവിമാനം പറത്തുന്നതുമാണ് ലോകത്തെ മുഴുവന്‍ ത്രില്ലടിപ്പിച്ച പൊലെവോയിയുടെ ഐന്ദ്രജാലക നോവല്‍.
കൈയില്ലാതെ ജനിച്ച ആരും ജെസിക്കയുടെ അല്‍ഭുതപ്പെടുത്തുന്ന ജീവിതത്തിന്റെ ഏഴയലത്തുപോലും വരില്ല. സാധാരണക്കാര്‍ ഉപയോഗിക്കുന്ന കാറിന് യാതൊരു രൂപമാറ്റവും വരുത്താത്തതെയാണ് ജെസിക്ക അമേരിക്കയിലെ തെരുവിലൂടെ കാലുപയോഗിച്ച് സഞ്ചരിക്കുന്നത്. സാധാരണ എല്ലാവരും ഉപയോഗിക്കുന്ന കംപ്യൂട്ടര്‍ കീബോര്‍ഡ് ഉപയോഗിച്ച് മിനുട്ടില്‍ 25 അക്ഷരങ്ങള്‍ കാലുകൊണ്ട് ടൈപ്പ് ചെയ്യാനും ജെസിക്കയ്ക്കാവുമെന്നത് അമ്പരിപ്പിക്കുന്ന കാര്യമാണ്.
കാലുകൊണ്ട് വിമാനം പറത്തി ചരിത്രം സൃഷ്ടിച്ചതിനുള്ള ഗിന്നസ് ലോക റിക്കാര്‍ഡും ജെസിക്കയുടെ പേരിലാണ് കുറിക്കപ്പെട്ടത്. ഒരുപക്ഷേ ലോകാവസാനംവരെ ഈ റെക്കാര്‍ഡ് തിരുത്തപ്പെടുകയില്ല. ലോകത്തിലെ ഏറ്റവും പ്രചോദകയായ വനിതക്കുള്ള യു.എസ് ഇന്‍സ്പിറേഷന്‍ അവാര്‍ഡ് നല്‍കി മാതൃരാജ്യം 2012ല്‍ ഈ പ്രതിഭയെ ആദരിച്ചു.
മനഃശാസ്ത്രത്തില്‍ ബിരുദം നേടിയ, എഴുതാനും ടൈപ്പ് ചെയ്യാനും കാര്‍ ഡ്രൈവ്‌ചെയ്യാനും ചീര്‍പ്പ് ഉപയോഗിച്ച് മുടി ചീകാനുമെല്ലാം കാലുകളാല്‍ സാധിക്കുന്ന സ്ത്രീയെന്ന ആമുഖത്തോടെയാണ് 2008 ഡിസംബര്‍ എട്ടിന്റെ 'ദ ടെലിഗ്രാഫ്' പത്രത്തില്‍ ജെസിക്ക കോക്‌സിനെക്കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
ഞാന്‍ ഇപ്രകാരമാണ് ജനിച്ചതെന്ന് സ്വന്തം ദേഹത്തുനോക്കി ജെസിക്ക ആത്മാഭിമാനത്തോടെ പറയുന്നതും ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ടിനെ ഹൃദയസ്പര്‍ശിയാക്കുന്നു. 'ഞാന്‍ ജനിച്ചപ്പോള്‍ മാതാപിതാക്കള്‍ ഞെട്ടിയെന്നത് സത്യമാണ്. പക്ഷേ, അവര്‍ ഒരിക്കലും ശാരീരികമായി എനിക്ക് എന്തെങ്കിലും കുറവുള്ളതായി അനുഭവിച്ചിട്ടില്ല'. വിമാനം പറത്താന്‍ ഇഷ്ടപ്പെടുന്ന ജെസിക്കയ്ക്ക് ഇരുകൈകളും തികഞ്ഞ കായികക്ഷമതയും ആവശ്യമുള്ള നീന്തലും നൃത്തവുമെല്ലാം ഹരംതന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."