ഹജ്ജ് സെല്ലിന്റെ പ്രവര്‍ത്തനം 17 മുതല്‍ നെടുമ്പാശ്ശേരിയില്‍
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോകുന്ന തീര്‍ഥാടകരുടെ യാത്രാരേഖകള്‍ കൈമാറുന്ന ഹജ്ജ് സെല്ലിന്റെ പ്രവര്‍ത്തനം 17 മുതല്‍ നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ ആരംഭിക്കും.
30 പേരടങ്ങുന്ന ഹജ്ജ് സെല്ലിലെ ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സംസ്ഥാനസര്‍ക്കാര്‍ പുറത്തിറക്കി. കോഴിക്കോട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പൊലിസ് സൂപ്രണ്ട് യു. അബ്ദുല്‍ കരീമാണ് ഹജ്ജ് സെല്‍ ഓഫിസര്‍. വിവിധ സര്‍ക്കാര്‍ തസ്തികയില്‍ ജോലിചെയ്യുന്നവരെ ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലാണ് ഹജ്ജ് സെല്ലിലേക്ക് നിയമിച്ചിരിക്കുന്നത്. 17ന് ആരംഭിക്കുന്ന ഹജ്ജ് സെല്‍ തീര്‍ഥാടകര്‍ മുഴുവന്‍ മടങ്ങിവരുന്നതുവരെ പ്രവര്‍ത്തിക്കും. ഹജ്ജ് സെല്ല് ആരംഭിക്കുന്നതിന് മുന്നോടിയായി ഹജ്ജ് കമ്മിറ്റി ഓഫിസ് പ്രവര്‍ത്തനങ്ങള്‍ 16 മുതല്‍ നെടുമ്പാശ്ശേരിയിലേക്ക് മാറ്റും. ഹജ്ജ് ക്യാംപ് 21 മുതലും വിമാന സര്‍വിസുകള്‍ 22 മുതലുമാണ് ആരംഭിക്കുന്നത്.
ഹജ്ജ് തീര്‍ഥാടകരുടെ പാസ്‌പോര്‍ട്ട്, ഹജ്ജ് വിസ, തിരിച്ചറിയാനുള്ള ലോഹച്ചങ്ങല, തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുളള മുഴുവന്‍ യാത്രാരേഖകളും ഹജ്ജ് സെല്ലുവഴിയാണ് വിതരണം ചെയ്യുക.
യാത്രാരേഖകള്‍ ശേഖരിക്കുന്നതിലേക്കായി സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികള്‍ അടുത്തയാഴ്ച മുംബൈയിലേക്ക് പോകും. അവസരം ലഭിച്ച മുഴുവന്‍ പേരുടേയും രേഖകള്‍ ഉണ്ടോയെന്ന് ക്ലിപ്തപ്പെടുത്താനാണിത്.
രേഖകള്‍ പിന്നീട് കൊറിയര്‍വഴി കേന്ദ്രഹജ്ജ് കമ്മിറ്റി കൊച്ചിയിലെത്തിക്കും. ഓരോ തീര്‍ഥാടകനും യാത്രചെയ്യേണ്ട തിയതിയും വിമാനസമയവും നിശ്ചയിച്ചുള്ള ഹജ്ജ് മാനിഫെസ്റ്റോ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. തീര്‍ഥാടകര്‍ ക്യാംപിലെത്തുന്നതിന് മുന്‍പ്തന്നെ യാത്രാരേഖകള്‍ വേര്‍തിരിച്ചെടുക്കുന്നതിനാണ് സെല്ലിന്റെ പ്രവര്‍ത്തനം അഞ്ചുദിവസം മുന്‍പ് ആരംഭിക്കുന്നത്.
കരിപ്പൂരില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹജ്ജ്ഹൗസിന്റെ പ്രവര്‍ത്തനങ്ങള്‍ 16 മുതല്‍ നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ക്കുളള കുത്തിവയ്പ്പ് എട്ട് മുതല്‍ തുടങ്ങും. മൂന്നാംഘട്ട ക്ലാസ്സുകള്‍ 15നകം അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."