'പണവും മദ്യവും നല്‍കിയാണ് സയനൈഡ് വാങ്ങിയത്' :മാത്യൂവിന്റെ മൊഴി പുറത്ത്
കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിലെ രണ്ടാം പ്രതി മാത്യുവിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. പണവും മദ്യവും നല്‍കിയാണ് കേസിലെ മൂന്നാം പ്രതിയും ജ്വല്ലറി ഉടമയുമായ പ്രജികുമാറില്‍ നിന്നും സയനൈഡ് വാങ്ങിയത്. കൂടാതെ 5000രൂപയും നല്കി പെരുച്ചാഴിയെ കൊല്ലാനെന്നു പറഞ്ഞാണ് പ്രജികുമാറിനെ സമീപിച്ചത്. നേരിട്ടാണ് സയനൈഡ് ജോളിക്ക് കൈമാറിയതെന്നും വീണ്ടും സയനൈഡ് ആവശ്യപ്പെട്ടെങ്കിലും പ്രജികുമാറിന്റെ പക്കലില്ലാത്തതിനാല്‍ ലഭിച്ചിരുന്നില്ല എന്നും മാത്യു മൊഴി നല്കി.
മാത്യുവിനെ പയ്യോളിയിലുള്ള ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ചാണ് ചോദ്യം ചെയ്യുന്നത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഹരിദാസന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
അതേ സമയം തെളിവെടുപ്പിനിടെ സയനൈഡ് നല്‍കിയത് മാത്യുവാണെന്ന് ജോളി മൊഴി നല്‍കിയിരുന്നു. രണ്ട് കുപ്പികളിലായാണ് സയനൈഡ് കൈമാറിയതെന്നും ഇതില്‍ ഒരു കുപ്പിയിലെ സയനൈഡ് ഉപയോഗിച്ചതായും മറ്റെ കുപ്പി കളഞ്ഞതായും ജോളി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."