ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിവാദം സര്‍ക്കാര്‍ ക്ഷണിച്ചു വരുത്തിയതെന്ന് ഷാനിമോള്‍ ഉസ്മാന്‍
പാലക്കാട്: മഹാപ്രളയത്തിനു ശേഷം ഉണ്ടായ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിവാദം സര്‍ക്കാര്‍ ക്ഷണിച്ചു വരുത്തിയതാണെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോള്‍ ഉസ്മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടിരുന്നുവെങ്കില്‍ ഇത്തരമൊരു വിവാദം ഉണ്ടാകുമായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമായിരുന്നു. ഇതിനുള്ള ബാധ്യത സര്‍ക്കാര്‍ കാണിച്ചില്ലെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. ഏകപക്ഷീയമായി സര്‍ക്കാര്‍ എടുത്ത തീരുമാനമാണ് ഇന്നുണ്ടായ പ്രശ്‌നങ്ങള്‍ക്ക് കാരണം.
സംസ്ഥാനത്തെ ഡി.ജി.പിയുടെ നിലപാട് ശരിയായ നടപടിയല്ല. വിശ്വാസം വേറെ, ഡ്യൂട്ടി വേറെ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കോണ്‍ഗ്രസ് എല്ലാ മതവിഭാഗങ്ങള്‍ക്കും ആചാരനുഷ്ഠാനങ്ങള്‍ക്കും ഒപ്പമാണ്. വിശ്വാസത്തിന്റെ മറവില്‍ വര്‍ഗീയത കുത്തിനിറയ്ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ബി ജെ പിയ്ക്ക് വര്‍ഗീയത ഉണ്ടാക്കാന്‍ പച്ചപരവതാനി വിരിച്ചു കൊടുത്തത് സി.പി.എമ്മും ഇടതുപക്ഷവുമാണ്. ആര്‍.എസ്.എസ് നേതാവായ വത്സന്‍ തില്ലങ്കരിയ്ക്ക് ഇരുമുടികെട്ടില്ലാതെ പതിനെട്ടാംപടിയില്‍ കയറാന്‍ സൗകര്യം ഒരുക്കി കൊടുത്തത് സി.പി.എം സര്‍ക്കാരാണെന്നും അവര്‍ വ്യക്തമാക്കി.
വനിതകള്‍ക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് പറയുന്ന സി.പി.എമ്മിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ നടപടി സ്വീകരിക്കണം. സി.പി.എമ്മിന്റെ കപട പുരോഗമനവാദത്തെ പൊളിച്ചു കാണിക്കാനാണ് മേഖലാ ജാഥ. ഇഷ്ടമുള്ള വിധി വരുമ്പോള്‍ കോടതിയെ പ്രശംസിക്കുകയും അല്ലാതെ വരുമ്പോള്‍ വിമര്‍ശിക്കുകയും ചെയ്യുന്ന രീതിയാണ് സി.പി.എമ്മിന്റേത്. പ്രളയം, ഇന്ധനവില വര്‍ധനവ് തുടങ്ങിയ കാതലായ വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് ഇപ്പോള്‍ ശബരമല വിഷയം കൊണ്ടുവന്നത്. ശബരിമല വിഷയുമായി ബന്ധപ്പെട്ട് ബോധപൂര്‍വ്വമായി കലാപമുണ്ടാക്കാണ് സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും ഷാനിമോള്‍ ഉസ്മാന്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠനും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."