ആയുധം
#റഫീഖ് പന്നിയങ്കര
മഴനൂല്‍പൊട്ടുകള്‍ ജാലകത്തിലൂടെ കാറ്റിനൊപ്പം വന്ന് ബസിനകമൊന്നാകെ കുതിര്‍ത്തു.
സീറ്റിലിരിക്കുന്നവരും കമ്പിയില്‍ വവ്വാലുകളായവരും മഴയെക്കുറിച്ച് ചറപറാ പറയുന്നു. വാര്‍ത്താപെട്ടികളിലും മഴക്കെടുതി ചര്‍ച്ചയായി പെയ്യുന്നുണ്ടത്രെ.
റോഡില്‍ തളംകെട്ടിയ മഴവെള്ളം പശ്ചാത്തലമാക്കി സെല്‍ഫിക്ക് പോസ് ചെയ്ത് സ്‌കൂള്‍കുട്ടികള്‍. പിന്നെ മഴ ചവിട്ടാതെ ബസില്‍ കയറി തണുത്തുവിറച്ചു കലപില കൂട്ടുന്നു. കുട്ടികളുടെ ബാഗിലും മുടിയിലുമൊക്കെ മഴപ്പൊടി ഒട്ടിപ്പിടിച്ചിട്ടുണ്ട്.
ടിക്കറ്റ്.. ടിക്കറ്റെന്നും പറഞ്ഞ് കണ്ടക്ടര്‍ കൂട്ടിലകപ്പെട്ട എലിയെപ്പോലെ പല ദിശയിലേക്കും കൈകള്‍ നീട്ടി.
ആളിറങ്ങാനുണ്ട്. മഴയൊച്ചയിലും കണ്ടക്ടര്‍ അതു കേട്ടു. ഒറ്റബെല്ലിന്റെ കിരുകിരുപ്പില്‍ ബസ് നിന്നു.
ബസിറങ്ങുമ്പോള്‍ മഴ അല്‍പ്പം നേര്‍ത്തിരുന്നു. പക്ഷെ ആകാശം കരുവാളിച്ചു തന്നെ നിന്നു. കണ്‍പോളകളെ തഴുകി ഈര്‍പ്പമുള്ളൊരു കാറ്റ്.
ഡോറിന്റെ അരികിലുള്ള കമ്പി പിടിച്ച് പുറത്തേക്ക് തൂങ്ങി കിളി പൂവ്വാ.. റൈറ്റെന്ന്.. തൊള്ള തുറന്നു കാറി.
ബസ് മുന്നോട്ട്. കാഴ്ചയില്‍നിന്നു മറഞ്ഞു. പരിചയമില്ലാത്ത വഴിയാണ്.
സുഹൃത്തും കുടുംബവും കാലമേറെയായി പുതിയ വീട്ടിലേക്കു ക്ഷണിക്കുന്നു. അവര്‍ താമസം തുടങ്ങുന്ന ദിവസം അവിടെയെത്താന്‍ പറ്റിയില്ല. ബസിറങ്ങിയ അവിടുന്ന് ഇത്രേം വരെ സുഹൃത്ത് പറഞ്ഞ അടയാളങ്ങളിലൂടെ നടന്നു. ഇനി ആരോടെങ്കിലും വഴി ചോദിക്കണം. മഴവെള്ളം തട്ടി. അതോ, ബാറ്ററി ചാര്‍ജ് തീര്‍ന്നതോ. മൊബൈല്‍ ഫോണ്‍ മിണ്ടുന്നില്ല.
മുന്‍പിലൊരു വീട് കണ്ടു. മുറ്റത്ത് ഒരു യുവാവ് നില്‍പ്പുണ്ട്. അയാളോടു ചോദിക്കാം. സുഹൃത്തിന്റെ പേരു പറഞ്ഞു. വീട് ചോദിച്ചു. യുവാവിന്റെ മുഖത്ത് ഗൗരവം.
''ഇവിടെ ചോദിക്കാന്‍ ആരാ പറഞ്ഞത്?'' കനമുള്ള വാക്കുകള്‍ക്കുമുന്‍പില്‍ ചൂളിപ്പോയി.
''ഒപ്പമാരെയും കൂട്ടിയില്ലേ. എന്തൊക്കെ ആയുധങ്ങളാണ് കൈയിലുള്ളത്. എന്നോട് ചോദിച്ചാല്‍ ഉടനെതന്നെ ആ വീട് കാണിച്ചുതരുമെന്ന് ആരാ പറഞ്ഞത് ? '' യുവാവിന്റെ കണ്ണില്‍ മിന്നല്‍പിണര്‍. ''വഴിയറിയാത്ത ഒരാള്‍ ആദ്യം കാണുന്ന ആളോട് വഴിചോദിക്കുക സ്വാഭാവികമല്ലേ..''
''നിങ്ങള്‍ അന്വേഷിക്കുന്ന ആളുമായുള്ള ബന്ധം?''
ചോദ്യത്തില്‍ മുഖത്തെ കട്ടിയില്ലാത്ത മീശരോമങ്ങള്‍ എഴുന്നുനില്‍ക്കുന്നതു വ്യക്തമായെനിക്കു കാണാം.
''എന്റെ സുഹൃത്താണ്.'' ശബ്ദം പരമാവധി താണു.
''എങ്കില്‍ സുഹൃത്തിന്റെ ഫോണില്‍ വിളിക്ക്. മറ്റുള്ളവരെ എന്തിന് ബുദ്ധിമുട്ടിക്കുന്നു.''
''എന്റെ ഫോണ്‍ ഓഫായിപ്പോയി. ഫോണിനെന്തോ കൊഴപ്പമുണ്ട്.''
ഞാന്‍ പറഞ്ഞത് കേള്‍ക്കാത്ത മട്ടില്‍ മഴ ഉടനെ വീഴുമോ എന്നറിയാന്‍ നെറ്റിയില്‍ കൈ ചെരിച്ചുവച്ച് ആകാശത്തേക്കു നോക്കുന്നു. യുവാവ് പല്ലിറുമ്മി അവ്യക്തമായി എന്തോ പിറുപിറുത്തു. അത് എന്നെക്കുറിച്ച് അല്ലെങ്കില്‍ മഴയെക്കുറിച്ച്. ഞാനുറപ്പിച്ചു.
കൈയിലുള്ള മൊബൈല്‍ഫോണ്‍ ചത്തുപോയെന്നറിയാമെങ്കിലും വെറുതെ ഓണ്‍ബട്ടണില്‍ വിരലമര്‍ത്തി വച്ചു. അന്നേരം മെലിഞ്ഞൊട്ടിയ സ്ത്രീ വീട്ടിന്റെ പിറകുവശത്തുനിന്ന് ഓടിവന്നു.
''ക്ഷമിക്കണം മോനേ.. സുഖമില്ലാത്ത ആളാ.. അവരെല്ലാം കൂടി ഇവന്റെ മുമ്പിലിട്ടല്യോ ഒപ്പമുള്ളവനെ തീര്‍ത്തത്. അതിന് ശേഷം ഇങ്ങനെയാ പെരുമാറ്റം.. മരുന്നും മന്ത്രോമായി കുറേകാലം.. ഒരു മാറ്റോമില്ല..''
സ്ത്രീ മുഴുമിക്കാതെ സാരിത്തുമ്പ് കണ്ണിലേക്കൊട്ടിച്ചു.
അയാള്‍ ആകാശത്തുനിന്നു കണ്ണ് പിന്‍വലിച്ച് എന്റെ മുഖത്തേക്കു നോക്കി.
''ഇല്ലമ്മേ.. ഇയാളെ ഞാന്‍ വിടില്ല. ഇയാളുടെ കൈയില്‍ വടിവാളുണ്ടമ്മേ..''
ആ സ്ത്രീ യുവാവിനെ കൈപിടിച്ചു വലിച്ച് വീട്ടിനുള്ളിലേക്കു നടത്താന്‍ ശ്രമിച്ച് പരാജയപ്പെടുന്നു. അവിടെ നിന്നില്ല, തിരിഞ്ഞുനടക്കുമ്പോള്‍ മൊബൈല്‍ ശബ്ദിച്ചു. സുഹൃത്തിന്റെ നമ്പറില്‍നിന്നാണ്. ശ്വാസം നിലച്ച ഈ യന്ത്രം കണ്ണു തുറന്നതറിഞ്ഞില്ല. പച്ചബട്ടണില്‍ വിരല്‍ തൊട്ട് സുഹൃത്തിന്റെ വീടെത്താനുള്ള വഴി കേള്‍ക്കാന്‍ എല്ലാ ഒച്ചകളും വെടിഞ്ഞ് അവനെ കാതോര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."