പ്രളയത്തില്‍ തകരില്ല ഈ വീടുകള്‍
തളിപ്പറമ്പ് : തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌കൂളില്‍ നടന്ന സാമൂഹ്യ ശാസ്ത്രമേളയില്‍ പ്രളയത്തെ അതിജീവിക്കുന്നതിനും തടുക്കുന്നതിനും മുന്നറിയിപ്പ് നല്‍കുന്നതിനുമുളള മാതൃകകള്‍ ശ്രദ്ധേയമായി.
കഴിഞ്ഞ പെരുമഴക്കാലത്ത് കേരളത്തില്‍ ഉണ്ടായ പ്രളയത്തോടൊപ്പം ഉണ്ടായ ഉരുള്‍പൊട്ടലും വന്‍ നാശനഷ്ടമാണ് ഉണ്ടാക്കിയത്. കണ്ണൂര്‍ ജില്ലയില്‍ കാര്യമായ നാശ നഷ്ടം ഉണ്ടായില്ലെങ്കിലും കണ്ണൂര്‍ റവന്യൂ ജില്ലാ സാമൂഹ്യ ശാസ്ത്രമേളയില്‍ പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറക്കുന്നതിനും മുന്നറിയിപ്പു നല്‍കുന്നതിനും ഉളള സംവിധാനങ്ങളുടെ മാതൃകകളാണ് ഒരുക്കിയത്.
പഴയങ്ങാടി ജമാഅത്ത് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ എസ്.ഷെബിനും ഫാത്തിമത്തുല്‍ അഫ്‌റയും ഉരുള്‍പൊട്ടല്‍ ഇല്ലാതാക്കാനുളള മുന്‍കരുതല്‍ നടപടികള്‍ വിശദീകരിക്കുന്ന പ്ലോട്ടുമായാണ് എത്തിയത്. കുന്നിന്‍ ചെരിവുകളിലും പരിസ്ഥിതി ലോല പ്രദേശങ്ങളിലും വീടുകള്‍ നിര്‍മ്മിക്കുന്നതും താമസിക്കുന്നതും അപകടം വിളിച്ചു വരുത്തുമെന്ന് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നതോടൊപ്പം. പ്രകൃതിയെ ചൂഷണം ചെയ്യാതെയുളള നിര്‍മ്മാണ പ്രവര്‍ത്തിയും ഇവരുടെ പ്ലോട്ടില്‍ വിശദീകരിക്കുന്നുണ്ട്. വെളളപ്പൊക്കത്തെ അതിജീവിക്കാന്‍ നൂതനമായ രീതിയില്‍ നിര്‍മ്മിച്ച വീടിന്റെ മാതൃകയാണ് ഏറെ ശ്രദ്ധനേടിയത്. വെളളം കയറുമ്പോള്‍ ഓട്ടോമാറ്റിക്കായി മോട്ടോറുകള്‍ പ്രവര്‍ത്തിച്ച് പൊങ്ങുവാനും വെളളം ഇറങ്ങുന്നതിനനുസരിച്ച് താഴുന്നതുമാണ് ഈ വീട്. കണ്ണൂര്‍ ബര്‍ണശ്ശേരി സെന്റ് തെരേസസ് സ്‌കൂളിലെ ഇ.എസ് സനുപ്രിയയും, എം. വിഷ്ണുമായയുമാണ് ഇതിന്റെ ശില്‍പികള്‍. 20 മീറ്റര്‍ ഉയരത്തില്‍വരെ ഈ സംവിധാനമുപയോഗിച്ച് വീടുകള്‍ ഉയര്‍ത്തുവാന്‍ സാധിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."