പദ്ധതികള്‍ പ്രഖ്യാപനത്തില്‍ മാത്രം; നോര്‍ക്ക നോക്കുകുത്തിയാകുന്നു
തിരുവനന്തപുരം: ഗള്‍ഫില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ പ്രവാസികളുടെ ക്ഷേമത്തിനും സഹായത്തിനുമായി രൂപീകരിച്ച നോര്‍ക്ക പ്രഖ്യാപനങ്ങളില്‍ മാത്രമൊതുങ്ങുന്നു. കഴിഞ്ഞ ഒരാഴ്ചയായി സൗദിയില്‍ ഗുരുതരമായ തൊഴില്‍ പ്രശ്‌നമുണ്ടായിട്ടും ഇടപ്പെട്ടത് രണ്ടുദിവസം മുന്‍പാണ്. സ്വദേശിവല്‍ക്കരണത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരികെയെത്തുന്ന പ്രവാസികള്‍ക്ക് പുരധിവാസം ഉള്‍പ്പെടെ നടപ്പിലാക്കേണ്ടത് മുഖ്യമന്ത്രി കൈാര്യം ചെയ്യുന്ന നോര്‍ക്ക വകുപ്പാണ്.
എന്നാല്‍ ഗള്‍ഫിലും മറ്റുരാജ്യങ്ങളിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം നോര്‍ക്ക അധികൃതര്‍ ഓടിയെത്തുമെന്നും പിന്നീട് ഇവരുടെ ക്ഷേമം സംബന്ധിച്ച് ഒരു അന്വേഷണവുമില്ലെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞസര്‍ക്കാര്‍ പ്രവാസികള്‍ക്കായി പലപദ്ധതികളും പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പിലാക്കിയില്ല.
നിതാഖത്ത് മൂലം തൊഴില്‍ നഷ്ടപ്പെട്ട് തിരികെ എത്തുന്നവര്‍ക്കുള്ള പുനരധിവാസവും അവര്‍ക്ക് വീണ്ടും വിദേശത്ത് പോകാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതിനുള്ള പ്രത്യേകപാക്കേജ് നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചെങ്കിലും അതും പ്രാവര്‍ത്തികമായില്ല.
1996ലാണ് രാജ്യത്ത് ആദ്യമായി പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തി കേരളത്തില്‍ നോര്‍ക്ക വകുപ്പിന് രൂപം നല്‍കിയത്. തൊഴില്‍ നഷ്ടപ്പെട്ട് എത്തുന്ന പ്രവാസി കുടുംബങ്ങളുടെ ബാങ്ക് വായ്പ, വിദ്യാഭ്യാസവായ്പ എന്നിവയ്ക്ക് മൊറട്ടോറിയം പ്രഖാപിക്കുമെന്നും തൊഴില്‍ ചെയ്യുന്നതിനായി വായ്പാസൗകര്യങ്ങള്‍ നല്‍കുമെന്നും കഴിഞ്ഞസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
ഇവയൊന്നും നടപ്പിലാക്കിയില്ലെന്ന് മാത്രമല്ല, തൊഴില്‍ പുനരധിവാസത്തിനുള്ള ബാങ്ക്‌വായ്പാപദ്ധതി നിയമങ്ങളുടെ നൂലാമാലകളില്‍പ്പെട്ടതിനാല്‍ അതും പ്രവാസികള്‍ ഉപേക്ഷിച്ച നിലയിലായി. ഒരുലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപവരെയാണ് പ്രവാസികള്‍ക്ക് വായ്പയായി നല്‍കുമെന്ന പ്രഖ്യാപനം ഉണ്ടായത്.
എന്നാല്‍ ഇതൊന്നും നടപ്പിലായില്ല. രണ്ടുലക്ഷം വരെയുള്ള വായ്പകള്‍ക്ക് ജാമ്യവ്യവസ്ഥ ഇല്ലാതെയും അതിനു മുകളിലുള്ള തുകയ്ക്ക് ബാങ്ക് നിര്‍ദേശിക്കുന്ന ജാമ്യം നല്‍കണമെന്നുമാണ് നോര്‍ക്ക ധരിപ്പിച്ചിരുന്നത്.
എന്നാല്‍, ബാങ്ക് അധികൃതര്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ വായ്പയ്ക്കു മതിയായ ജാമ്യം വാങ്ങിയിരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ബാങ്ക് നിര്‍ദേശിക്കുന്ന മതിയായ ജാമ്യം നല്‍കാന്‍ സാധിക്കാതായതോടെ വായ്പയില്‍നിന്നു പ്രവാസികള്‍ പിന്‍തിരിഞ്ഞു. ഇതേരീതിയില്‍ തന്നെയാണ് തൊഴില്‍പാക്കേജും നടപ്പിലാക്കിയത്. തൊഴില്‍ നഷ്ടപ്പെട്ട് തിരികെവന്നവര്‍ക്കു പ്രത്യേക പരിഗണനയില്ല.
സര്‍ട്ടിഫിക്കറ്റ് പരിശോധനമാത്രമാണ് നോര്‍ക്കയുടേത്. പിന്നാലെയുള്ള ഇന്റര്‍വ്യൂവും മറ്റും നടത്തുന്നത് വിദേശകമ്പനി പ്രതിനിധികളാണ്. തിരികെ എത്തിയവരെ തിരഞ്ഞെടുക്കുന്നതില്‍ കമ്പനിപ്രതിനിധികള്‍ വിമുഖതയും കാണിച്ചു. അതോടെ തൊഴില്‍ പാക്കേജും അടഞ്ഞ അധ്യായമായി.
മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ നോര്‍ക്കയുടെ കീഴില്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് രൂപികരിച്ചിരുന്നു. പെന്‍ഷന്‍ പദ്ധതിയായിരുന്നു ആദ്യം നടപ്പാക്കിയത്. പ്രവാസികളില്‍ നിന്നു നിശ്ചിതതുക വാങ്ങിയശേഷം അറുപതു വയസു കഴിയുമ്പോള്‍ ചെറിയൊരു തുക പെന്‍ഷന്‍ നല്‍കുന്നയാണ് പദ്ധതി.
തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് രണ്ടു കോടി രൂപ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രി കെ.എം മാണി ബജറ്റില്‍ വകയിരുത്തി. കൂടാതെ പ്രവാസി ഡേറ്റാബാങ്ക് രൂപീകരിക്കാന്‍ 50 ലക്ഷംരൂപയും ക്ഷേമപ്രവര്‍ത്തികള്‍ക്ക് 25 ലക്ഷവും പ്രഖ്യാപിച്ചു. എന്നാല്‍ ഇതൊന്നും നടപ്പിലായില്ല.
ഈ സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ നോര്‍ക്ക വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 28 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. ക്ഷേമഫണ്ടിനായി പത്തുകോടി രൂപയും ഗള്‍ഫില്‍ നിന്ന് തിരികെയെത്തുന്നവരെ പുനരധിവസിപ്പിക്കുന്നതിന് 24 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കൂടാതെ വ്യവസായ പാര്‍ക്കുകളിലെ നിയമനങ്ങളില്‍ ഗള്‍ഫില്‍നിന്നു മടങ്ങി വരുന്നവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."