ലെവല്‍ക്രോസ് ഗേറ്റ് തകര്‍ന്നു വീണ് ട്രാക്കിലെ വൈദ്യുതിക്കമ്പി പൊട്ടി
350 മീറ്ററോളം വൈദ്യുതിക്കമ്പി പൊട്ടിവീണു
കണ്ണപുരം (കണ്ണൂര്‍): അതിശക്തമായ കാറ്റില്‍ റെയില്‍വേ ലെവല്‍ക്രോസ് ഗേറ്റ് തകര്‍ന്ന് വീണ് ട്രാക്കിലെ വൈദ്യുതിക്കമ്പി പൊട്ടി ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്കുള്ള ഒന്‍പതു ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകി. കണ്ണപുരം റെയില്‍വേ സ്‌റ്റേഷനടുത്തുള്ള ചെറുകുന്ന് റെയില്‍വേ ഗേറ്റാണ് തകര്‍ന്നു വീണത്.
ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രാക്കില്‍ 350 മീറ്ററോളം റെയില്‍വേ വൈദ്യുതക്കമ്പി ി പൊട്ടി വീണതിനെ തുടര്‍ന്ന് ഈ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം നാലു മണിക്കൂറോളം വൈകി. ഇന്നലെ പുലര്‍ച്ചെ 3.30നു പൊട്ടി വീണ വൈദ്യുതിക്കമ്പി പുനഃസ്ഥാപിച്ച് രാവിലെ 8.30ഓടെയാണ് റെയില്‍ ഗതാഗതം പുനരാരംഭിച്ചത്.
ഇന്നലെ പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലാണ് ചെറുകുന്ന് കോണ്‍വന്റ് റോഡ് ഭാഗത്തെ റെയില്‍വേ ഗേറ്റ് തകര്‍ന്ന് വൈദ്യുതിക്കമ്പിക്ക് മുകളില്‍ പതിച്ചത്. ഇതൊടെ കമ്പി പൊട്ടി വീണു. വൈദ്യുതിക്കമ്പി തകര്‍ന്നതോടെ മംഗളൂരു ഭാഗത്തു നിന്നും ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകേണ്ടിയിരുന്ന മുഴുവന്‍ ട്രെയിനുകളും വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. ഗോവ - എറണാകുളം എക്‌സ്പ്രസും മംഗള എക്‌സ്പ്രസും നാലു മണിക്കൂറും മംഗളുരു-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് ഒന്നര മണിക്കൂറും വൈകി. ജാംനഗര്‍ കൊച്ചുവേളി എക്‌സ്പ്രസ്, നേത്രാവതി എക്‌സ്പ്രസ്, മംഗളുരു-കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍, പരശുറാം എക്‌സ്പ്രസ് എന്നിവ രണ്ടര മണിക്കൂറും മംഗളുരു-കോഴിക്കോട് പാസഞ്ചര്‍ മൂന്നു മണിക്കൂറും വൈകി. മംഗളൂരു-നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസും രണ്ടു മണിക്കൂര്‍ വൈകി.
കണ്ണൂരില്‍ നിന്നെത്തിയ റെയില്‍വേ വൈദ്യുതി വിഭാഗമാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്ക് പോകേണ്ടവരടക്കമുള്ള ദീര്‍ഘദൂര യാത്രക്കാര്‍ ട്രെയിനുകള്‍ വൈകിയതോടെ പെരുവഴിയിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."