പോസ്റ്റ്പെയ്ഡ് മൊബൈല്‍ഫോണ്‍ സേവനം പുനഃസ്ഥാപിച്ചു, വിവരമറിയാതെ കശ്മിരികള്‍
ശ്രീനഗര്‍: 72 ദിവസത്തെ വിലക്കിന് ശേഷം ജമ്മുകശ്മിരില് പോസ്റ്റ് പെയ്ഡ് മൊബൈല്‍ ഫോണുകള്‍ പുനഃസ്ഥാപിച്ചു. എല്ലാ സേവന ദാതാക്കളുടെ മൊബൈല്‍ കണക്ഷനുകളും ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ പുനഃസ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മിരിന്റെ പ്രത്യേക പദവി സംബന്ധിച്ച 370ാം വകുപ്പ് റദ്ദാക്കിയതിനോടനുബന്ധിച്ചാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. സംസ്ഥാനത്ത് ആകെ 40 ലക്ഷം പോസ്റ്റ്പെയ്ഡ് മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളാണുള്ളത്.
അതേസമയം, ഇന്റര്‍നെറ്റും വാര്‍ത്താവിനിമയ സംവിധാനവും നിലവിലില്ലാത്ത സംസ്ഥാനത്ത് പോസ്റ്റ്പെയ്ഡ് സേവനം പുനഃസ്ഥാപിച്ചത് മിക്ക കശ്മിരികളും അറിഞ്ഞിട്ടില്ലെന്നതാണ് വസ്തുത. ശ്രീഗനറിലെ തങ്ങളുടെ പ്രതിനിധി സംസാരിച്ച കശ്മിരികള്‍ ആരും തന്നെ ഇത്തരത്തിലൊരു നീക്കം അറിഞ്ഞിട്ടില്ലെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട്ചെയ്തു. മിക്കവരുടെ ഫോണും വീട്ടില്‍ വച്ചിരിക്കുകയാണ്. ഇന്നലത്തേതില്‍നിന്ന് ഇന്ന് ഏതെങ്കിലുമൊരു വ്യത്യാസമുള്ളതായി തോന്നുന്നില്ലെന്നും അതിനെക്കാള്‍ പരിഹരിക്കേണ്ട വേറെ വിഷയങ്ങള്‍ ഇവിടെയുണ്ടെന്നും പേരുവെളിപ്പെടുത്താത്ത ശ്രീഗനര്‍ സ്വദേശി പറഞ്ഞു.
സംസ്ഥാനത്തു ജനജീവിതം സാധാരണ നിലയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പോസ്റ്റ്പെയ്ഡ് സേവനം പുനഃസ്ഥാപിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. കശ്മിരില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് വ്യാഴാഴ്ച എടുത്തുകളഞ്ഞിരുന്നു.
ലാന്ഡ്ഫോണുകള്ക്കുള്ള നിയന്ത്രണവും എടുത്തുകളഞ്ഞിട്ടുണ്ട്. പക്ഷേ ഇന്റര്‍നെറ്റ്, പ്രീപെയ്ഡ് സേവനം ഇപ്പോഴും ലഭ്യമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."