എം.ജി സര്‍വകലാശാല മാര്‍ക്ദാന വിവാദം: നടപടികള്‍ മാനദണ്ഡങ്ങള്‍ മറികടന്ന്
കോട്ടയം: എം.ജി സര്‍വകലാശാലക്ക് കീഴിലുള്ള സ്വാശ്രയ എന്‍ജിനീയറിങ് കോളജിലെ ബി.ടെക് വിദ്യാര്‍ഥിക്ക് അധികം മാര്‍ക്ക് നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് ആരോപണം.
സംസ്ഥാന വിദ്യാഭ്യാസ മന്ത്രിക്കോ സര്‍വകലാശാലാ സിന്‍ഡിക്കേറ്റിനോ ഇത്തരത്തില്‍ മാര്‍ക്ക് കൂട്ടി നല്‍കാന്‍ അധികാരവുമില്ലെന്നിരിക്കെയാണ് മാര്‍ക്ക് കൂട്ടി നല്‍കാന്‍ ഇടപെടലുകള്‍ നടന്നത്. 2019 ഫെബ്രുവരിയില്‍ എം.ജി സര്‍വകലാശാലയില്‍ നടന്ന ഫയല്‍ അദാലത്തില്‍ കോതമംഗലത്തെ സ്വാശ്രയ കോളജിലെ ബി.ടെക് വിദ്യാര്‍ഥിനി ആറാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷയില്‍ എന്‍.എസ്.എസ് ഗ്രേസ് മാര്‍ക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു.
ഈ വിദ്യാര്‍ഥിനിക്ക് എന്‍.എസ്.എസിന്റെ ഭാഗമായി നേരത്തെ ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നു. ഇതിനാല്‍ വീണ്ടും അനുവദിക്കാന്‍ ചട്ടമില്ലെന്നു കാണിച്ച് സര്‍വകലാശാലാ ഉദ്യോഗസ്ഥര്‍ കുറിപ്പെഴുതി. അതിനാല്‍ അപേക്ഷ പരിഗണിക്കാനാവില്ലെന്ന് കാണിച്ച് സര്‍വകലാശാലാ ജോയിന്റ് രജിസ്റ്റാറും തീര്‍പ്പു കല്‍പിച്ചു. എം.ജി വൈസ് ചാന്‍സലറും നേരത്തെ ഈ പരാതി തള്ളിയിരുന്നു.
പിന്നീട് നടന്ന അദാലത്തിലാണ് മന്ത്രി കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം കുട്ടിക്ക് മാര്‍ക്ക് കൂട്ടിയിട്ടു കൊടുക്കാന്‍ തീരുമാനിക്കുകയും ചെയ്തത്.
അദാലത്തിലൂടെ മാര്‍ക്ക് കൂട്ടിയിടാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും പിന്നീട് അപേക്ഷ സിന്‍ഡിക്കേറ്റില്‍ വയ്ക്കുകയായിരുന്നു. എന്നാല്‍ സിഡിക്കേറ്റില്‍ വയ്ക്കുന്നതിനെ ഉദ്യോഗസഥര്‍ എതിര്‍ത്തതോടെ അജണ്ടക്ക് പുറത്തുള്ള വിഷയമായിട്ടാണ് പരിഗണിച്ചത് . സിന്‍ഡിക്കേറ്റിലെ ഇടതു അനുഭാവികളായ അംഗങ്ങള്‍ ഈ വിദ്യാര്‍ഥിക്ക് പുറമേ മറ്റുചില കുട്ടികള്‍ക്കും മാര്‍ക്ക് കൂട്ടിയിട്ട് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സര്‍വകലാശാല ഇത് വരെ നടത്തിയിട്ടുള്ള ബി.ടെക്ക് പരീക്ഷകളില്‍ സെമസ്റ്ററുകളില്‍ ഏതെങ്കിലും ഒരു വിഷയം മാത്രം വിജയിക്കാനുള്ള വിദ്യാര്‍ഥികള്‍ക്ക് നിലവിലുള്ള മോഡറേഷന് പുറമേ പരമാവധി അഞ്ചു മാര്‍ക്ക് കൂടി മോഡറേഷനായി നല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിക്കുകയായിരുന്നു.
ഒരു മാര്‍ക്ക് കൂടുതല്‍ നല്‍കാന്‍ അപേക്ഷിച്ചപ്പോള്‍ അഞ്ച് മാര്‍ക്ക് കൂട്ടി നല്‍കുകയായിരുന്നു.
കാലപരിധിയില്ലാതെയുള്ള ഈ മാര്‍ക്ദാനം വിഷയത്തെ കൂടുതല്‍ വിവാദത്തിലാക്കുകയാണ്.
സര്‍വകലാശാലാ ചട്ടമനുസരിച്ച് പരീക്ഷകളില്‍ മാര്‍ക്ക് കൂട്ടിയിട്ട് നല്‍കാനുള്ള അധികാരം അതിനായി നിയോഗിക്കപ്പെട്ട പാസ് ബോര്‍ഡുകള്‍ക്കാണ്. ഇത് പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നതിന് മുന്‍പ് നിര്‍വഹിക്കണമെന്നും ചട്ടം പറയുന്നു.
പരീക്ഷയുടെ ടാബുലേഷന്‍ ജോലികള്‍ തീര്‍ന്ന ശേഷം എക്‌സാമിനേഷന്‍ പാസ് ബോര്‍ഡ് ചേര്‍ന്ന് പരീക്ഷയുടെ കാഠിന്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചാണ് മോഡറേഷന്‍ നല്‍കണമെന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നത്. ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ റീവാല്യുവേഷന്‍ മാത്രമാണ് മാര്‍ക്കില്‍ മാറ്റം വരുത്താനുള്ള ഏക പോംവഴി. റിസല്‍ട്ട് വന്ന ശേഷം മാര്‍ക്ക് കൂട്ടി നല്‍കി തോറ്റവരെ ജയിപ്പിക്കാന്‍ സവകലാശാലാ സെനറ്റിന് അധികാരമില്ല.
സര്‍വകലാശാല നിയമത്തില്‍ പ്രൊ ചാന്‍സലര്‍ എന്ന നിലയില്‍ പരിമിതമായ അധികാരം മാത്രമാണ് മന്ത്രിക്കുള്ളത്. ഇവിടെ മന്ത്രി ഇല്ലാത്ത അധികാരമാണ് പ്രയോഗിച്ചത്. അദാലത്ത് വിഡിയോ കോണ്‍ഫറന്‍്‌സ് വഴി ഉദ്ഘാടനം ചെയ്ത മന്ത്രി തന്റെ പ്രൈവറ്റ് സെക്രട്ടറിയെ അദാലത്തില്‍ പങ്കെടുക്കാന്‍ നിയോഗിക്കുകയും ആ വിവരം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."