എന്‍.എസ്.എസിന്റെ 'ശരിദൂരം' വലത്തേക്ക്; പ്രതിരോധിക്കാന്‍ ബുദ്ധിമുട്ടി സി.പി.എം
ആലപ്പുഴ: സമുദൂരത്തില്‍നിന്ന് എന്‍.എസ്.എസിന്റെ 'ശരിദൂരം' വലത്തോട്ട് തിരിഞ്ഞതോടെ പ്രതിരോധിക്കാന്‍ സി.പി.എമ്മിന്റെ പെടാപാട്. ശബരിമല വിശ്വാസ പ്രശ്‌നത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വഞ്ചിച്ചെന്ന് തുറന്നടിച്ചായിരുന്നു എന്‍.എസ്.എസ് ജന. സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ സമദൂരം വിട്ടുള്ള ശരിദൂരം പ്രഖ്യാപനം.
ജന.സെക്രട്ടറിയുടെ ശരിദൂരം ഏറ്റെടുത്ത എന്‍.എസ്.എസ് താലൂക്ക് യൂനിയനുകള്‍ കരയോഗങ്ങളിലൂടെ യു.ഡി.എഫിനായി പരസ്യ പിന്തുണയാക്കി.
മുന്നാക്ക പിന്തുണ നഷ്ടമാവുന്നത് തിരിച്ചറിഞ്ഞതോടെ പിടിച്ചു നില്‍ക്കാന്‍ സി.പി.എമ്മും എല്‍.ഡി.എഫും പതിനെട്ടടവും പയറ്റുകയാണ്. എന്‍.എസ്.എസ് നിലപാടിനെ മൃദുവായി മാത്രം കൈകാര്യം ചെയ്ത സി.പി.എം സ്വരം കടുപ്പിച്ചതു ശരിദൂരത്തിന്റെ അപകടം തിരിച്ചറിഞ്ഞാണ്. മുന്നാക്കക്കാരിലെ സാധാരണക്കാരനു വേണ്ടിയാണ് സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നു വ്യക്തമാക്കിയാണ് സി.പി.എം സംസ്ഥാന ജന. സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇടതു നേതാക്കളും ശരിദൂരത്തെ പ്രതിരോധിക്കുന്നത്.
ദേവസ്വം ബോര്‍ഡ് നിയമന സംവരണത്തെ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിരോധം തീര്‍ക്കുന്നത്. അതേ നിയമനത്തെ തന്നെ ആയുധമാക്കി സുകുമാരന്‍ നായരും തിരിച്ചടിച്ചു.
ദേവസ്വം ബോര്‍ഡിലെ നിയമന സംവരണം സര്‍ക്കാര്‍ ബോധപൂര്‍വം വൈകിപ്പിക്കുകയാണെന്ന് സുകുമാരന്‍ നായരും തരിച്ചടിച്ചതോടെ സര്‍ക്കാരും മുന്നണിയും പ്രതിരോധത്തിലായി. കരയോഗങ്ങളിലൂടെ യു.ഡി.എഫ് അനുകൂല നിലപാട് എന്‍.എസ്.എസ് പരസ്യമാക്കിയതോടെ പ്രത്യാക്രമണം സി.പി.എമ്മും കടുപ്പിക്കുകയാണ്.
സാമ്പത്തിക സംവരണ വിഷയത്തില്‍ സുകുമാരന്‍ നായരല്ല ആരു ശ്രമിച്ചാലും നായര്‍ സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനാവില്ലെന്ന് മന്ത്രി എ.കെ ബാലന്‍ തുറന്നടിച്ചു. എന്‍.എസ്.എസ് നിലപാട് യു.ഡി.എഫിന് അനുകൂലമല്ലെന്ന വാദവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തുണ്ട്.
പ്രാദേശിക നേതാക്കള്‍ പറയുന്നതല്ല എന്‍.എസ്.എസ് നിലപാടെന്ന് പറഞ്ഞ് ആശ്വസിക്കുന്ന കാനം, സമുദായ നേതാക്കള്‍ പറയുന്നിടത്തല്ല ജനം വോട്ട് ചെയ്യുന്നതെന്നും വ്യക്തമാക്കി.
ഇതിനിടയിലും എന്‍.എസ്.എസ് നിലപാടിനെ ചൊല്ലി മറുഭാഗത്ത് കോണ്‍ഗ്രസും ബി.ജെ.പിയും ഏറ്റുമുട്ടുന്നു. എന്‍.എസ്.എസിന്റെ ശരിദൂരം യു.ഡി.എഫിനു സഹായകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
എന്‍.എസ്.എസ് നിലപാട് എന്‍.ഡി.എക്ക് അനുകൂലമെന്ന് കുമ്മനം രാജശേഖരനും. സാമ്പത്തിക സംവരണം ഉറപ്പാക്കാന്‍ മുന്നിട്ടിറങ്ങിയ നരേന്ദ്ര മോദിയിലേക്കുള്ള ദൂരമാണ് ജി. സുകുമാരന്‍ നായര്‍ പറഞ്ഞ ശരിദൂരമെന്നാണ് കുമ്മനത്തിന്റെ കണ്ടെത്തല്‍.
വട്ടിയൂര്‍കാവ്, കോന്നി ഉള്‍പ്പെടെ മണ്ഡലങ്ങളില്‍ എന്‍.എസ്.എസ് നിലപാട് നിര്‍ണായകമാണ്.
ജി. സുകുമാരന്‍നായര്‍ തുടരെ സ്വീകരിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ നിലപാട് എങ്ങനെ പ്രതിരോധിക്കാനാവുമെന്നത് എല്‍.ഡി.എഫിന് വെല്ലുവിളി തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."