അയല്‍രാജ്യങ്ങളുടെ സാമ്പത്തിക ബഹിഷ്‌കരണം: ബാങ്കുകള്‍ക്ക് ഖത്തര്‍ ഗവ. പിന്തുണ
ദോഹ: ചില അയല്‍രാജ്യങ്ങളുടെ സാമ്പത്തിക ബഹിഷ്‌കരണത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറിലെ ബാങ്കുകള്‍ക്ക് പിന്തുണയുമായി സര്‍ക്കാര്‍. അയല്‍രാജ്യങ്ങളുടെ സാമ്പത്തിക ഉപരോധത്തെ തുടര്‍ന്ന് രാജ്യത്തെ പ്രാദേശിക ബാങ്കുകളില്‍ നിന്ന് വിദേശ സ്ഥാപനങ്ങള്‍ നിക്ഷേപം പിന്‍വലിച്ചാല്‍ ബാങ്കുകള്‍ക്ക് ആവശ്യമായ പിന്തുണ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്ററാ(ക്യു.എഫ്.സി)ണ് ഇക്കാര്യം അറിയിച്ചത്. ഇതിനിടെ ഖത്തര്‍ പരമാധികാര സമ്പാദ്യ ഫണ്ട് പ്രാദേശിക ബാങ്കുകളില്‍ ഡോളറുകള്‍ നിക്ഷേപിച്ചിട്ടുണ്ട്. സഊദി അറേബ്യയും മറ്റു ചില ഗള്‍ഫ് രാജ്യങ്ങളും ഖത്തറുമായുള്ള നയതന്ത്ര, ഗതാഗത ബന്ധം വിഛേദിച്ച സാഹചര്യത്തില്‍ മുന്‍കരുതലെന്ന നിലയിലാണ് ഖത്തറിന്റെ പരമാധികാര ഫണ്ട് പ്രമുഖ പ്രാദേശിക ബാങ്കുകളില്‍ ബില്യണ്‍ കണക്കിന് ഡോളറുകള്‍ നിക്ഷേപിച്ചത്. ഡോളര്‍ നിക്ഷേപം നടന്നതായി ഖത്തറിലെ ഒരുപ്രമുഖ ബാങ്കര്‍ സ്ഥിരീകരിച്ചു. മുന്‍കരുതലെന്ന നിലയിലാണ് ഈ നിക്ഷേപമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ വാണിജ്യ ബാങ്കുകളുടെ മുതിര്‍ന്ന എക്‌സിക്യുട്ടീവുകളും സെന്‍ട്രല്‍ ബാങ്ക് പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. നിലവില്‍ ഡോളര്‍ ലിക്വിഡിറ്റി ആവശ്യമില്ലെന്ന് എക്‌സിക്യുട്ടീവുകള്‍ ആ യോഗത്തെ അറിയിച്ചു. അതേസമയം, വിദേശ സ്ഥാപനങ്ങള്‍ നിക്ഷേപം പിന്‍വലിച്ചാല്‍ ആവശ്യമെങ്കില്‍ അതിന് പര്യാപ്തമായ തുക സര്‍ക്കാര്‍ നല്‍കുമെന്ന് ക്യു.എഫ്.സി ചീഫ് എക്‌സിക്യുട്ടീവ് യൂസഫ് അല്‍ജെയ്ദ പറഞ്ഞു. ക്യു.എഫ്.സിയിലെ മറ്റ് ബാങ്കുകള്‍ ഖത്തരി ബാങ്കിങ് മേഖലയില്‍ ഹ്രസ്വകാല യു.എസ് ഡോളര്‍ നിക്ഷേപം നല്‍കുന്നുണ്ടെന്നും അദ്ദേഹം റോയിട്ടേഴ്‌സിനോട് പറഞ്ഞു.
സഊദി, യു.എ.ഇ, ബഹ്‌റയ്ന്‍ എന്നീ മൂന്നു രാജ്യങ്ങള്‍ക്കുമായി ഖത്തരി ബാങ്കുകളില്‍ ഏകദേശം 1,800 കോടി ഡോളറിന്റെ നിക്ഷേപമാണുള്ളത്. രണ്ട് മാസത്തിനുള്ളില്‍ നിക്ഷേപത്തിന്റെ കാലാവധി പൂര്‍ത്തിയാകും. ഉപരോധ രാജ്യങ്ങള്‍ താമസിയാതെ ഈ നിക്ഷേപം പിന്‍വലിച്ചേക്കുമെന്നാണറിയുന്നത്. നിലവിലെ നിക്ഷേപത്തിന്റെ കാലാവധി തീരാന്‍ കേവലം മാസങ്ങളേ ഉള്ളു എന്നതിനാല്‍ പണം പിന്‍വലിച്ചാലും കാര്യമായ പ്രത്യാഘാതം ഉണ്ടാകില്ല. എങ്കിലും അത്തമൊരു സാഹചര്യം നേരിട്ടാല്‍ അതിനെ മറികടക്കാനുള്ള പിന്തുണ സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കും. 2008ല്‍ രാജ്യം ഇതിനേക്കാള്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ അതിനെ വിജയകരമായി അതിജീവിക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."