രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ വ്യക്തമാക്കാതെ കോണ്‍ഗ്രസ്
ജെയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക ഇന്നു പുറത്തിറക്കാനിരിക്കെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കുക ആരെയെന്ന കാര്യത്തില്‍ അവ്യക്തത. മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിലേക്കും യുവ നേതാവ് സച്ചിന് പൈലറ്റിലേക്കുമാണ് രാഷ്ട്രീയ രംഗം ഉറ്റുനോക്കുന്നത്.
ഇവരില്‍ ഒരാളെയായിരിക്കും നേതൃത്വം മുഖ്യമന്ത്രി സ്ഥാനാര്ഥിയാക്കുകയെന്നാണ് പ്രചാരണമെങ്കിലും ആര്‍ക്കായിരിക്കും നറുക്ക് വീഴുകയെന്നതു വ്യക്തമല്ല. 1998 മുതല്‍ അശോക് ഗെലോട്ട് ജോധ്പൂര്‍ ജില്ലയിലെ ഒരു മണ്ഡലത്തില്‍നിന്നാണ് ജനവിധി തേടുന്നത്. രാജസ്ഥാനില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കു നായകത്വം വഹിക്കുന്നതും ഗെലോട്ടാണ്. ഭരണത്തിലേറിയാല്‍ അദ്ദേഹത്തിനു തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനം ലഭിക്കുകയെന്നാണ് ഏറെക്കുറെ ഉറപ്പിക്കുന്നത്.
എന്നാല്‍, മധ്യപ്രദേശില്‍ സ്വീകരിച്ചതുപോലുള്ള തന്ത്രമായിരിക്കും രാജസ്ഥാനിലും കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുകയെന്നാണ് വിവരം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെയും ഉയര്‍ത്തിക്കാണിക്കാതെ തെരഞ്ഞെടുപ്പിനെ നേരിട്ട് വിജയിച്ചാല്‍ അപ്പോള്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാമെന്നാണ് മധ്യപ്രദേശില്‍ സ്വീകരിച്ച നയം. രണ്ടു തവണ മുഖ്യമന്ത്രിയായ അശോക് ഗെലോട്ടിന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന് പൈലറ്റ് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."