കരട് തൊഴില്‍ നയം മന്ത്രിസഭ അംഗീകരിച്ചു
തിരുവനന്തപുരം : സ്ത്രീ സൗഹൃദ തൊഴിലന്തരീക്ഷം, തൊഴിലിടങ്ങളിലെ ലിംഗ സമത്വം, അസംഘടിത മേഖലയിലെ തൊഴില്‍ സുരക്ഷ തുടങ്ങിയവ ഉറപ്പാക്കുന്ന, 2017ലെ കരട് തൊഴില്‍ നയം മന്ത്രിസഭ അംഗീകരിച്ചു. സേവനത്തിന്റെ സമയക്രമം, ദൈര്‍ഘ്യം, വേതന ഘടന, തൊഴില്‍ സുരക്ഷിതത്വം തുടങ്ങിയവ പുനരാവിഷ്‌കരിക്കുമെന്ന് പ്രഖ്യാപനമുണ്ട്. അടിസ്ഥാന വര്‍ഗത്തിന്റെയും വ്യവസായ സമൂഹത്തിന്റെയും ഒരുപോലെയുള്ള മുന്നേറ്റവും സംസ്ഥാനത്തിന്റെ സാമൂഹ്യ-സാമ്പത്തിക വളര്‍ച്ചയും ലക്ഷ്യമിട്ടുള്ള നയമാണ് തൊഴില്‍ നൈപുണിക വകുപ്പ് രൂപീകരിച്ചിരിക്കുന്നത്.
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ആധാര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തും. ചുമട്ടു തൊഴിലാളി രജിസ്‌ട്രേഷന്‍ ആധാര്‍ അധിഷ്ഠിതമാക്കും. രജിസ്‌ട്രേഷന്‍ പുതുക്കല്‍ ഏര്‍പ്പെടുത്തി യഥാര്‍ഥ തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കും. തൊഴിലാളികള്‍ക്ക് വേതനം ഓണ്‍ലൈനായി നല്‍കുമെന്നും പ്രഖ്യാപനമുണ്ട്.
സ്ത്രീ തൊഴിലാളികള്‍ക്ക് പ്രസവാനുകൂല്യങ്ങളും തൊഴിലിടങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാനുള്ള സൗകര്യങ്ങളും ഉറപ്പുവരുത്തും. മെറ്റേണിറ്റി ബെനിഫിറ്റ് ആക്ട് പ്രകാരം ശമ്പളത്തോടു കൂടിയ പ്രസവാവധി ഉറപ്പാക്കും. സ്ത്രീ തൊഴിലാളികള്‍ക്ക് മതിയായ യാത്രാ താമസ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും അധിക സമയ വേതനവും ആഴ്ച അവധി, വിശ്രമ ഇടവേള, എന്നിവ ഉറപ്പാക്കുന്നതിനും ഇടപെടലുകള്‍ നടത്തുമെന്നും കരടില്‍ പറയുന്നു. തൊഴിലാളികള്‍ക്ക് തൊഴിലിടങ്ങളില്‍ ഇരിപ്പിട സൗകര്യം നിര്‍ബന്ധമാക്കുമെന്നും പ്രഖ്യാപനമുണ്ട്.
ഐ.ടി മേഖലയില്‍ തൊഴില്‍ വകുപ്പ് ആരംഭിച്ച 'സ്വയം സാക്ഷ്യപ്പെടുത്തല്‍' പദ്ധതി ഇതര മേഖലകളിലേക്കും വ്യാപിപ്പിക്കും. തൊഴിലാളികളുടെ വേതനം ആധാറുമായി ബന്ധിപ്പിച്ച് വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലൂടെ വിതരണം നടത്തുന്ന 'വേതന സുരക്ഷാ പദ്ധതി' സംസ്ഥാന വ്യാപകമാക്കും. ലേബര്‍ ഇന്റലിജന്‍സ് സെല്ലിന് രൂപം കൊടുക്കും. സെല്ലിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മികച്ച തൊഴില്‍ സൗഹൃദ സംരംഭങ്ങളെ കണ്ടെത്തും. ഗാര്‍ഹിക തൊഴിലാളികളുടെ ജോലിക്കും സംരക്ഷണത്തിനുമായി പ്രത്യേക ലേബര്‍ ബാങ്ക് നടപ്പിലാക്കും.
ചുമട്ടു തൊഴിലാളി മേഖലയിലെ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ചുമട്ടു തൊഴിലാളി ക്ഷേമപദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും.
മിനിമം വേതനനിയമത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്ന എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും മിനിമം വേതനം ഉറപ്പുവരുത്തും. പട്ടികയില്‍ ഉള്‍പ്പെടാത്ത തൊഴിലുകള്‍ക്ക് ഒരു അടിസ്ഥാന കൂലിയെങ്കിലും ഉറപ്പുവരുത്തും.
തെരഞ്ഞെടുത്ത മേഖലകളില്‍ ഫെയര്‍ വേജസ് കൊണ്ടുവരും.വിവിധ മേഖലകളിലെ തൊഴില്‍ സാഹചര്യവും വേതന വ്യവസ്ഥയും പരിശോധിച്ച് തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ വേതനം 600 രൂപയായി നിജപ്പെടുത്തി നിശ്ചയിക്കും. തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍, ലൈസന്‍സ് നടപടിക്രമങ്ങള്‍ ലഘൂകരിക്കും. സംസ്ഥാനത്ത് ബാലവേല നിര്‍മാര്‍ജനത്തിനും ബാലതൊഴിലാളി പുനരധിവാസത്തിനും സമഗ്രസംവിധാനം ഒരുക്കും. ഇതിലൂടെ കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമാക്കി മാറ്റും.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത 50-65 പ്രായപരിധിക്കുള്ളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കു 'നവജീവന്‍' എന്ന പേരില്‍ സമഗ്ര തൊഴില്‍പുനരധിവാസ പദ്ധതി ആരംഭിക്കും. സംസ്ഥാന വ്യാപകമായി ഇ.എസ്.ഐ സ്‌കീം നടപ്പിലാക്കും. തുടങ്ങിയ പ്രഖ്യാപനങ്ങളും മന്ത്രി സഭ അംഗീകരിച്ച കരട് തൊഴില്‍ നയത്തിലുണ്ട്. കൂടുതല്‍ ചര്‍ച്ചയ്ക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും ശേഷം കരട് തൊഴില്‍ നയം പ്രഖ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."