മാക്രോണ്‍ മന്ത്രിസഭയില്‍ ഭിന്നത ഫ്രഞ്ച് നീതിന്യായ മന്ത്രി രാജിവച്ചു
പാരിസ്: പാര്‍ലമെന്റില്‍ മേധാവിത്തമുറപ്പിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് സഖ്യകക്ഷിയുടെ അപ്രതീക്ഷിത തിരിച്ചടി. മാക്രോണിന്റെ എന്‍ മാര്‍ഷെ പാര്‍ട്ടി(ആര്‍.ഇ.എം)യുടെ സഖ്യകക്ഷിയായ ഡെമോക്രാറ്റിക് മൂവ്‌മെന്റ്(മോഡെം) നേതാവ് കൂടിയായ നീതിന്യായ വകുപ്പ് മന്ത്രി ഫ്രാന്‍സെ ബായ്‌രോ കൂടി രാജിവച്ചു.
24 മണിക്കൂറുകള്‍ക്കിടെ രാജിവയ്ക്കുന്ന മൂന്നാമത്തെ മോഡെം മന്ത്രിയാണ് ബായ്‌രോ. പ്രതിരോധ മന്ത്രിയും മുന്‍ യൂറോപ്യന്‍ യൂനിയന്‍ അംഗവുമായ സില്‍വി ഗൗലാര്‍ഡ് ആണ് ആദ്യമായി രാജി സമര്‍പ്പിച്ച മോഡെം മന്ത്രി. ഇതിനു പിറകെ യൂറോപ്യന്‍ കാര്യ മന്ത്രിയായിരുന്ന മരീലെ ഡി സാര്‍നെസും രാജിവയ്ക്കുകയായിരുന്നു.
സാര്‍നെസ് പിന്നീട് പാര്‍ലമെന്റ് കക്ഷിനേതാവിന്റെ ചുമതലയേറ്റെടുത്തു. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഏതാനും മണിക്കൂറുകള്‍ മുന്‍പാണ് ബായ്‌രോയുടെ രാജി.
പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി യൂറോപ്യന്‍ യൂനിയന്‍ ഫണ്ട് ഉപയോഗിച്ചതായി മോഡെം പാര്‍ട്ടിക്കുനേരെ ഉയര്‍ന്ന ആരോപണത്തില്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് ആഴ്ചകളായി മാക്രോണും ബായ്‌രോയും തമ്മിലുള്ള ബന്ധം നല്ല നിലക്കായിരുന്നില്ല. എന്നാല്‍, വ്യക്തിപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബായ്‌രോയുടെ രാജിയെന്നും മറ്റു കാരണങ്ങളൊന്നും ഇതിനു പിന്നിലില്ലെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
അതേസമയം, മോഡെം മന്ത്രിമാരുടെ രാജി പാര്‍ലമെന്റില്‍ വന്‍ ഭൂരിപക്ഷമുള്ള മാക്രോണിനെ ബാധിക്കില്ല. മോഡെം പാര്‍ട്ടിക്ക് 42 അംഗങ്ങളാണ് പാര്‍ലമെന്റിലുള്ളത്. മോഡെം പിന്തുണ പിന്‍വലിച്ചാലും മാക്രോണിന്റെ ആര്‍.ഇ.എമ്മിന് സ്വന്തമായി തന്നെ 308 അംഗളുണ്ടായതിനാല്‍ നിലനില്‍പ് ഭീഷണിയിലാകില്ല.
577 അംഗ പാര്‍ലമെന്റില്‍ 289 ആണ് ഭൂരിപക്ഷത്തിനു വേണ്ടത്. എന്നാല്‍, ആര്‍.ഇ.എം അംഗങ്ങളില്‍ ഭൂരിഭാഗവും രാഷ്ട്രീയത്തില്‍ പുതുമുഖങ്ങളാണെന്നത് മാക്രോണിന് വെല്ലുവിളിയാകും.
ഇവരുടെ പിന്തുണ എത്രകാലം ഉറപ്പിക്കാനാകുമെന്നതും ഭീഷണിയാകും.
ഫ്രഞ്ച് രാഷ്ട്രീയം അഴിമതിമുക്തമാക്കുക എന്ന വാഗ്ദാനവുമായാണ് ഇമ്മാനുവല്‍ മാക്രോണ്‍ തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. ഇതിന്റെ ഭാഗമായാണ് മോഡെം പാര്‍ട്ടിക്കെതിരായി ആരോപണത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.മാക്രോണിന്റെ ഉറ്റ കൂട്ടാളിയായിരുന്ന റിച്ചാര്‍ഡ് ഫെറാന്‍ഡ് തിങ്കളാഴ്ച പ്രാദേശിക വികസന വകുപ്പ് മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ഫെറാന്‍ഡ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഫണ്ട് തലവനായിരിക്കെ ഭാര്യയുടെ സ്ഥലം ഇടപാടിനായി ഔദ്യോഗിക വിവരങ്ങള്‍ ഉപയോഗിച്ചതായ ആരോപണത്തെ തുടര്‍ന്നായിരുന്നു രാജി. ആരോപണം ഫെറാന്‍ഡ് തള്ളിക്കളഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."