കുറ്റ്യാടി-വേളം മേഖലയില്‍ ബോംബേറിന് ശമനമില്ല
കുറ്റ്യാടി: കുറ്റ്യാടി-വേളം മേഖലയില്‍ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തുന്ന ബോംബേറിന് ശമനമായില്ല.
ഇന്നലെ പുലര്‍ച്ചെ വേളം തീക്കുനി ഭാഗത്ത് രണ്ടു വീടുകള്‍ക്കുനേരെ ബോംബേറുണ്ടായി. സി.പി.എം പ്രവര്‍ത്തകനായ തീക്കുനി കുഞ്ഞിപ്പറമ്പില്‍ രവീന്ദ്രന്റെയും ബി.ജെ.പി പ്രവര്‍ത്തകനായ ചെറിയ പാതിരിക്കോട് കൃഷ്ണന്റെയും വീടിനുനേരെയാണ് ബോംബേറുണ്ടായത്.
ഉഗ്രശേഷിയുള്ള സ്ഫോടനത്തില്‍ രണ്ടു വീടുകള്‍ക്കും സാരമായ കേടുപറ്റി. വേളം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ തമ്മിലുള്ള നിസാര പ്രശ്നത്തെ തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ട് ബി.ജെ.പി പ്രവര്‍ത്തകനായ ചെറുപാറോല്‍ രാജന് വെട്ടേറ്റിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് ചൊവ്വാഴ്ച പുലര്‍ച്ചെ രവീന്ദ്രന്റെയും കൃഷ്ണന്റെയും വീടിനുനേരെ ബോംബേറുണ്ടായത്. അതിനിടെ രാജനെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാളെ കുറ്റ്യാടി പൊലിസ് അറസ്റ്റ് ചെയ്തു. സി.പി.എം പ്രവര്‍ത്തകനായ തീക്കുനി ഓങ്ങാരം മീത്തല്‍ ലിജിന്‍ലാല്‍ (26) നെയാണ് എസ്.ഐ ടി. ശ്രീജിത്തും സംഘവും പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേര്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസം സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ.കെ ദിനേശന്റെ വീടിനുനേരെയുണ്ടായ ബോംബേറ് സംബന്ധിച്ച അന്വേഷണം പൊലിസ് ഊര്‍ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."