പൊന്നാനിയിലെ പൊതുവിദ്യാലയങ്ങള്‍ ഇനി പുതുവിദ്യാലയങ്ങള്
പൊന്നാനി: സ്വകാര്യ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങളോട് കിടപിടിക്കുന്ന വിദ്യാലയങ്ങളായി പൊന്നാനിയിലെ പൊതുവിദ്യാലയങ്ങള്‍ മാറുന്നു. നഗരസഭയുടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പദ്ധതിയായ അക്ഷരത്തിരയില് ഉള്‍പ്പെടുത്തി കടവനാട് ഫിഷറീസ് യു.പി സ്കൂളിനെയാണ് മാതൃകാ വിദ്യാലയമായി മാറ്റിയിരിക്കുന്നത്. നഗരസഭയുടെ 2017-18 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിദ്യാലയങ്ങളുടെ മാറ്റത്തിന് തുടക്കം കുറിച്ചത്.
35 വിദ്യാര്‍ഥികള്‍ക്ക് ഒരേസമയം ഉപയോഗിക്കാവുന്ന കേന്ദ്രീകൃത യു.പി.എസ് സംവിധാനത്തോട് കൂടി 21 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച മള്‍ട്ടിമീഡിയ കംപ്യൂട്ടര്‍ ലാബ്, 12.84 ലക്ഷം രൂപ ചെലവഴിച്ച് രാമാനുജന്റെയും അബ്ദുള്‍ കലാമിന്റെയും പേരിലുള്ള ഗണിത, സയന്‍സ് ലാബ് കെട്ടിടം, നീര്‍മാതളം എന്ന പേരിലുള്ള ഓപ്പണ്‍ ക്ലാസ് റൂം, ആധുനിക അടുക്കള, 11.38 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച 11 മള്‍ട്ടിമീഡിയ ക്ലാസ് റൂമുകള്‍, എല്ലാ ക്ലാസിലും ആധുനിക സ്മാര്‍ട്ട് വൈറ്റ് ബോര്‍ഡ് സംവിധാനം, ഓവര്‍ ഹെഡ് പ്രൊജക്ടര്‍, എല്‍.പി വിഭാഗത്തില്‍ ശിശു സൗഹൃദ ഫര്‍ണിച്ചറുകള്‍, നാലു ലക്ഷം രൂപ ചെലവില്‍ സൗഹൃദ പ്രീ പ്രൈമറി ക്ലാസ് റൂം, ചാള്‍സ് ബാബേജിന്റെ പേരിലുള്ള കംപ്യൂട്ടര്‍ ലാബ് തുടങ്ങി ശാസ്ത്ര, സാങ്കേതിക സൗകര്യങ്ങളോട് കൂടിയ ക്ലാസുകള്‍ വിദ്യാലയത്തില്‍ പുതിയൊരു അന്തരീക്ഷത്തിന് തുടക്കമാകും. വിദ്യാഭ്യാസ രംഗത്തിന് ഊന്നല്‍ നല്‍കിയുള്ള മാതൃകാ പദ്ധതികള്‍ ആവിഷ്കരിക്കാനാണ് നഗരസഭാ ഭരണസമിതിയുടെ തീരുമാനം. കടവനാട് സ്കൂള്‍ മാതൃക മറ്റു പൊതു വിദ്യാലയങ്ങളിലും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."