പേപ്പട്ടി ഭീതിയില്‍ നെടുമങ്ങാട്: ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ നാലുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു
നെടുമങ്ങാട്: പേപ്പട്ടി ഭീതിയില്‍ നെടുമങ്ങാട് ടൗണും പരിസരവും. അലഞ്ഞു തിരിഞ്ഞു നടക്കുന്ന പേപ്പട്ടികള്‍ ഉള്‍പ്രദേശങ്ങള്‍ വിട്ടു ടൗണില്‍ തമ്പടിച്ചിരിക്കുകയാണ്. മാര്‍ക്കറ്റിലെയും, ഹോട്ടലുകളിലെയും, ഇറച്ചി വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്നുള്ള വേസ്റ്റും ഭക്ഷിച്ചാണ് ഇവ ബസ്റ്റാന്റ്, ജില്ലാ ആശുപത്രി കോമ്പൗണ്ട്, അന്താരാഷ്ട്ര മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ തമ്പടിക്കുന്നത്. കഴിഞ്ഞ ദിവസം കൊല്ലംകാവ് മേഖലകളില്‍ നിരവധി പേരെ പേപ്പട്ടി ഓടിച്ചിരുന്ന. ഇതിന്റെ ബാക്കിയാണ് ഇന്നലെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സയ്ക്കെത്തിയ നാലുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റ സംഭവം. നെടുമങ്ങാട് ശിവമംഗലത്തു രവീന്ദ്രന് (68),കുന്നത്തുകോണം മേക്കുംകര പുത്തന്‍വീട്ടില്‍ മനോജ് (34 ),പനയമുട്ടം പി എം കെ ഹൗസില്‍ പ്രശാന്ത്(35 ),തെങ്ങുംകോട് വാഴപണയില് വീട്ടില്‍ ലത (34 ) എന്നിവര്‍ക്കാണ് പേപ്പട്ടിയുടെ കടിയേറ്റത് . ഇന്നലെ രാവിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ ഇവരെ ആശുപത്രിവളപ്പില്‍ അലഞ്ഞു തിരിഞ്ഞു നടന്ന പട്ടിയാണ് കടിച്ചത്. നായ്ക്ക് പേവിഷ ബാധ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് തല്ലി കൊല്ലുകയായിരുന്നു. നായയുടെ കടിയേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രി വളപ്പില്‍ തെരുവ് നായകളുടെ കൂട്ടം രോഗികളെ ആക്രമിക്കുന്നത് പതിവാണ്. നിരവധി തവണ ശ്രദ്ധയില്‍ പെടുത്തിയിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് രോഗികള്‍ പറയുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡിന്റെ മുന്‍പിലും നായകള്‍ താവളമടിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ അസുഖതേക്കാള് ഇപ്പോള്‍ ഭയക്കുന്നത് നായകളെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."