കാപ്പെക്‌സിന്റെ തോട്ടണ്ടി 'കടം ടെന്‍ഡര്‍' അഴിമതിയെന്ന്
കൊല്ലം: കാപ്പെക്‌സിന്റെ തോട്ടണ്ടി 'കടം ടെന്‍ഡര്‍' അഴിമതിക്കും ബിനാമിയെ ഉള്‍പ്പെടുത്താനുമെന്ന് ആക്ഷേപമുയരുന്നു. കാഷ്യൂ ബോര്‍ഡ് വാങ്ങിയ ഗിനിബിസാവോ തോട്ടണ്ടിയെടുക്കാതെ ഇപ്പോള്‍ ഗിനിബിസാവോ തോട്ടണ്ടി ലോക്കല്‍ കച്ചവടത്തിന് കാപ്പെക്‌സ് 'കടം ടെന്‍ഡര്‍' വിളിച്ചത് അഴിമതിക്ക് കളമൊരുക്കാനും ബിനാമിയെ ഉള്‍പ്പെടുത്താനുമാണെന്ന് കെ.ടി.യു.സി (ജെ) സംസ്ഥാന ജനറല്‍ സെക്രട്ടറി എഴുകോണ്‍ സത്യനും കേരളാ കോണ്‍ഗ്രസ് (ജേക്കബ്) വര്‍ക്കിങ് ചെയര്‍മാന്‍ വാക്കനാട് രാധാകൃഷ്ണനും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളായ കാഷ്യൂ കോര്‍പ്പറേഷനും കാപ്പെക്‌സിനും ചെറുകിട വ്യവസായികള്‍ക്കും വിദേശത്തു നിന്നും തോട്ടണ്ടി വാങ്ങിക്കൊടുക്കുന്നതിനുവേണ്ടി കോടികള്‍ ചെലവഴിച്ചാണ് സര്‍ക്കാര്‍ കേരളാ കാഷ്യൂബോര്‍ഡ് രൂപീകരിച്ചത്. ആദ്യഘട്ടത്തില്‍ കാഷ്യൂ ബോര്‍ഡ് വാങ്ങിയ 3000 ടണ്‍ ഗിനിബിസാവോ തോട്ടണ്ടി കാഷ്യൂ കോര്‍പ്പറേഷനും കാപ്പെക്‌സിനും മാത്രമായി വീതിച്ചു നല്‍കുമെന്ന് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. തോട്ടണ്ടി പോര്‍ട്ടില്‍ എത്തുന്നതിന് മുന്‍പുതന്നെ 2000 ടണ്‍ കാഷ്യൂ കോര്‍പ്പറേഷനും 1000 ടണ്‍ കാപ്പെക്‌സും എടുക്കുവാന്‍ കാഷ്യൂ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കാഷ്യൂ കോര്‍പ്പറേഷന്‍ വിളിച്ച ടെന്‍ഡര്‍ റദ്ദാക്കി കാഷ്യൂബോര്‍ഡില്‍ നിന്നും തോട്ടണ്ടിയെടുക്കുകയാണുണ്ടായത്. കാപ്പെക്‌സാകട്ടെ തോട്ടണ്ടിയെടുക്കുവാന്‍ തയ്യാറാകാതെ ജനുവരി വരെ വറുക്കുവാനുള്ള തോട്ടണ്ടി കൈവശമുണ്ടെന്ന് പറഞ്ഞ് മാറി നിന്നതായി നേതാക്കള്‍ പറഞ്ഞു.
കാഷ്യൂബോര്‍ഡിന്റെ എം.ഡി മാരാപാണ്ഡ്യന്റെ അഭ്യര്‍ഥന ചെവികൊള്ളാതിരുന്ന കാപ്പെക്‌സ് എല്ലാ തോട്ടണ്ടിയും കാഷ്യൂ കോര്‍പ്പറേഷന് വേണമെന്ന് കത്ത് കൊടുത്തപ്പോള്‍ മാത്രമാണ് 1000 ടണ്ണിന് വേണ്ടി അഭ്യര്‍ഥന നല്‍കിയത്. കത്ത് കൊടുത്തതു തന്നെ തോട്ടണ്ടി എടുക്കാതെ ലോക്കല്‍ ടെന്‍ഡര്‍ വിളിക്കാന്‍വേണ്ടിയായിരുന്നു. തോട്ടണ്ടിയുടെ വില 1400 ഡോളറിനും താഴെയെത്തിയിട്ടും ആരും വാങ്ങാതിരുന്നത് ഇവിടെ പോര്‍ട്ടില്‍ ഇരിക്കുന്ന തോട്ടണ്ടി കേടായതുകൊണ്ടായിരുന്നു. മാത്രമല്ല ഗിനിബിസാവോയില്‍ സീസണ്‍ അവസാനിക്കുകയും ടാന്‍സാനിയയില്‍ സീസണ്‍ ആരംഭിക്കുകയും ചെയ്ത അവസരത്തില്‍ കാപ്പെക്‌സ് കടം ടെന്‍ഡര്‍ ക്ഷണിച്ചത് മിക്‌സഡ് തോട്ടണ്ടി വാങ്ങി അഴിമതി നടത്താനും ബിനാമിയെ കയറ്റാനുമാണെന്ന് നേതാക്കള്‍ ആരോപിച്ചു.
കാഷ്യൂ കോര്‍പ്പറേഷന്‍ എം.ഡിയായിരുന്ന ഡോ. രതീഷ് കടം തോട്ടണ്ടി വാങ്ങിയതാണ് ജെ.എം.ജെ ട്രേഡേഴ്‌സിന് തോട്ടണ്ടി ഇറക്കുവാനുള്ള കുത്തകാവകാശം നല്‍കിയതിലൂടെ ഉണ്ടായത് അഴിമതിയും സ്വജനപക്ഷപാതവും ആയിരുന്നു. ഇത് സി.ബി.ഐ അന്വേഷണത്തിലും കേസിലുമെത്തുകയും ചെയ്തു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കാഷ്യൂ കോര്‍പ്പറേഷന് 242 കോടി രൂപയും 10 ഫാക്ടറികളുള്ള കാപ്പെക്‌സിന് 32 കോടി രൂപയും നല്‍കിയിട്ടുള്ളതായി വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ തന്നെ തൊഴിലാളി യൂനിയനുകളുമായുള്ള ചര്‍ച്ചയില്‍ ഈ അടുത്ത സമയത്ത് വെളിപ്പെടുത്തിയിരുന്നു.
100 ദിവസംപോലും തികച്ച് ജോലി നടത്തിയിട്ടില്ലാത്ത ഈ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളും തോട്ടണ്ടി വാങ്ങുവാന്‍ പണമില്ലെന്ന് പറഞ്ഞ് കടം വാങ്ങുന്നതില്‍ ദുരൂഹതയുണ്ട്. 75 ദിവസത്തെ കടത്തിന് തോട്ടണ്ടി വാങ്ങുമ്പോള്‍ തോട്ടണ്ടിയുടെ കമ്പോള വില ഉയരുവാന്‍ ഇടയാകും. കാപ്പെക്‌സിന്റെ ചരിത്രത്തില്‍ ഇന്നുവരെ നടന്നിട്ടില്ലാത്ത സംഭവമാണ് കടം ടെന്‍ഡര്‍ ക്ഷണിക്കല്‍. കാഷ്യൂ കോര്‍പ്പറേഷന്‍ ടെന്‍ഡര്‍ ക്ഷണിച്ച് പരിപ്പ് വില്‍ക്കുമ്പോള്‍ കാപ്പെക്‌സ് ടെന്‍ഡര്‍പോലും നടത്താതെ ഇഷ്ടപ്പെട്ടവര്‍ക്ക് പരിപ്പ് വില്‍ക്കുന്നത് സര്‍ക്കാരിന്റെ അറിവോടെയാണോയെന്ന് വ്യക്തമാക്കണം. സര്‍ക്കാര്‍ നടത്തുന്ന എല്ലാ വാങ്ങലുകളും വില്‍പനകളും ഇ ടെന്‍ഡര്‍ വഴി മാത്രമേ നടത്താവൂ എന്നുള്ള ഉത്തരവ് നിലനില്‍ക്കെ കാപ്പെക്‌സിന് ഇതൊന്നും ബാധകമല്ലാത്തത് പച്ചയായ അഴിമതി നടത്തുവാന് വേണ്ടിയാണെന്ന് നേതാക്കള്‍ ആരോപിച്ചു. കാഷ്യൂ കോര്‍പ്പറേഷന്റെ ഇഷ്ടക്കാരനായ ബിനാമിയുമായി തോട്ടണ്ടി കച്ചവടം നടത്തിയതുപോലെ കാപ്പെക്‌സിലും തുടരാനുള്ള നീക്കം മുഖ്യമന്ത്രി ഇടപെട്ട് തിരുത്തുകയാണ് വേണ്ടത്. 300 കോടിയോളം രൂപ സര്‍ക്കാര്‍ രണ്ട് സ്ഥാപനങ്ങള്‍ക്കും നല്‍കിയിട്ടും തോട്ടണ്ടി വാങ്ങാന്‍ പണമില്ലെന്ന് പറയുന്നത് അത്ഭുതകരമാണ്. രണ്ട് സ്ഥാപനങ്ങളുടെയും സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവള പത്രമിറക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. കാപ്പെക്‌സിലെ നിയമനങ്ങളെല്ലാം പി.എസ്.സി വഴി മാത്രമേ നടത്താവൂ എന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുമ്പോള്‍ അസി. കൊമേഴ്ഷ്യല്‍ മാനേജരെയും കമ്പ്യൂട്ടര്‍ എസ്‌പോര്‍ട്ട് തുടങ്ങിയ പുതിയ തസ്തികകളില്‍ ഇഷ്ടക്കാരെ നേരിട്ട് നിയമിക്കുന്നത് അഴിമതിയാണെന്നും ഇത് സര്‍ക്കാര്‍ ഇടപെട്ട് റദ്ദാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."