തര്‍ക്കങ്ങള്‍ക്ക് പരിഹാരം; 11 ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം സംസ്‌കരിച്ചു
കായംകുളം: പതിനൊന്നു ദിവസം മൊബൈല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം യാക്കോബായ വിഭാഗം ഉന്നയിച്ച ആവശ്യം ജില്ലാ ഭരണകൂടം അംഗീകരിച്ചതോടെ സംസ്‌കരിച്ചു. ബന്ധുവായ യാക്കോബായ വൈദികന്‍ പള്ളിയില്‍ കയറി സംസ്‌കാര ശുശ്രൂഷക്ക് നേതൃത്വം നല്‍കിയാണ് സംസ്‌ക്കരിച്ചത്. കട്ടച്ചിറ പള്ളിക്കലേത്ത് വര്‍ഗീസ് മാത്യുവന്റെ (95) സംസ്‌കാരമാണ് തര്‍ക്കം കാരണം നീണ്ടുപോയത്.
യാക്കോബായ വിഭാഗത്തിന്റെ കൈവശമായിരുന്ന പള്ളി സുപ്രീംകോടതി വിധിയിലൂടെ ഓര്‍ത്തഡോക്‌സ് പക്ഷത്തിന് ലഭിച്ചിരുന്നു. വിധി നടത്തിപ്പിന്റെ ഉത്തരവുമായി വരാതെ അവകാശം വിട്ടുനല്‍കില്ലെന്ന് യാക്കോബായ വിഭാഗം നിലപാടെടുത്തതാണ് തര്‍ക്കത്തിന് കാരണം. തുടര്‍ന്ന് പള്ളി ഇരുവിഭാഗത്തിനും പ്രവേശനമില്ലാത്ത വിധം പൊലിസ് നിയന്ത്രണത്തിലായിരുന്നു. വിധി വന്നതിനുശേഷം മരണപ്പെട്ട രണ്ട് പേരുടെ സംസ്‌കാര ശുശ്രൂഷ പള്ളിക്ക് മുന്‍വശമുള്ള കുരിശടിയില്‍ നടത്തിയിരുന്നു.
അന്ന് അടുത്ത ബന്ധുക്കളെ മാത്രമാണ് കല്ലറയിലേക്ക് കടത്തിവിട്ടത്. ഇതേ മാനദണ്ഡം വര്‍ഗീസ് മാത്യുവിന്റെ ചടങ്ങിലും പാലിക്കണമെന്ന ഓര്‍ത്തഡോക്‌സ് പക്ഷ നിര്‍ദേശമാണ് യാക്കോബായ വിഭാഗം തള്ളിയത്. സംസ്‌കാര ശുശ്രൂഷകള്‍ക്ക് ഒരുതരത്തിലുള്ള വിലക്കുകളും ഇല്ലാതിരിക്കെ പൊലിസിന്റെയും റവന്യു വിഭാഗത്തിന്റെയും നടപടി അംഗീകരിക്കാനാവില്ലെന്നാണ് യാക്കോബായ വിഭാഗത്തിന്റെ നിലപാട്.
എന്നാല്‍ കോടതിയില്‍നിന്നു അനുകൂലമായ വിധിയുമായി വരാതെ യാക്കോബായ വികാരിമാരെ പള്ളിയില്‍ കയറ്റില്ലെന്ന് ഓര്‍ത്തഡോക്‌സ് പക്ഷവും നിലപാട് സ്വീകരിച്ചതോടെയാണ് ദിവസങ്ങളോളം നീണ്ട ചര്‍ച്ചകള്‍ക്ക് പരിഹാരമാവാതിരുന്നത്. തിങ്കളാഴ്ച യാക്കോബായ വിഭാഗത്തേയും ഓര്‍ത്തഡോക്‌സ് വിഭാഗത്തേയും വെവ്വേറെ വിളിച്ച് ചര്‍ച്ചകള്‍ നടത്തുകയും യാക്കോബായ വിഭാഗത്തിന് ഇന്നലെ അഞ്ച് മണിക്കുള്ളില്‍ സംസ്‌ക്കരിക്കണമെന്ന് അന്ത്യശാസനം നല്‍കുകയും ചെയ്തു. സംസ്ഥാന, ദേശീയ മനുഷ്യവകാശ കമ്മിഷനുകളും മുഖ്യമന്ത്രി പിണറായി വിജയനും വിഷയത്തില്‍ പരിഹാരം കാണണമെന്ന് നിര്‍ദേശിച്ചിരുന്നു.
ഇതിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെ 7.30 ന് ജില്ലാ കലക്ടര്‍ പി. സുഹാസിന്റെ സാന്നിധ്യത്തില്‍ സംസ്‌കാരം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."