പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ മാതാവിന് ജീവപര്യന്തം തടവ്
തൃശൂര്‍: ഭര്‍ത്താവുമായി വഴക്കിട്ട് മൂന്ന് മാസം പ്രായമുള്ള ശ്രീഹരിയെ കിടപ്പുമുറിയില്‍ വെച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ തലപ്പിള്ളി താലൂക്ക് തെക്കുംകര വില്ലേജില്‍ കുടിലില്‍ വീട്ടില്‍ ശരണ്യ (30) ജീവപര്യന്തം തടവിനും, 5000 രൂപ പിഴയടക്കുന്നതിനുംതൃശ്ശൂര്‍ 4ാം അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജ് കെ.ആര്‍. മധുകുമാര്‍ ശിക്ഷിച്ചു.
പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കഠിനതടവ് കൂടി അനുഭവിക്കണം. 2010 ഡിസംബര്‍ 1-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വടക്കാഞ്ചേരി പൊലിസാണ് ക്രൈം രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന ടി.എസ് സിനോജായിരുന്നു കേസന്വേഷണം നടത്തിയത്. ഭര്‍ത്താവുമായുള്ള വഴക്ക് മൂലം, ഭര്‍ത്താവ് ജോലിക്ക് പോയ സമയം പ്രതി മുറിയില്‍ക്കയറി വാതിലടച്ച് തന്റെ മരണത്തിന് ഭര്‍ത്താവും, വീട്ടുകാരുമാണ് ഉത്തരവാദികളെന്ന് ചുവരില്‍ എഴുതി വെച്ച് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയാണുണ്ടായത്. കുട്ടി മരണപ്പെട്ടെന്ന് കണ്ടപ്പോള്‍ ശരണ്യ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയുണ്ടായി. ഭാര്യയെ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടാത്തതിനെത്തുടര്‍ന്ന് ഭര്‍ത്താവായ നിജോ വീട്ടുകാരെ വിളിച്ച് അന്വേഷിച്ചപ്പോള്‍ വീട്ടുകാര്‍ വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് മുറിയില്‍ മരിച്ച നിലയില്‍ കുട്ടിയെയും, രക്തം വാര്‍ന്ന് ബോധമറ്റ നിലയില്‍ ശരണ്യയെയും കണ്ടെത്താന്‍ കഴിഞ്ഞത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടറായ ഡിനി ലക്ഷ്മണ്‍ പി, അഡ്വ. ഹെയ്‌സല്‍ വര്‍ഗീസ് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."