അജ്ഞാതസംഘം കാര്‍ തട്ടിയെടുത്തു; കശ്മിരിലും പഞ്ചാബിലും ജാഗ്രതാ നിര്‍ദേശം
ജമ്മു: പഞ്ചാബിലെ പത്താന്‍കോട്ട് ജില്ലയിലെ മാധോപൂരില്‍ തോക്കുധാരികളായ നാലംഗസംഘം ടാക്‌സി കാര്‍ തട്ടിയെടുത്തു രക്ഷപ്പെട്ടു. ഭീകരരാണ് കാര്‍ തട്ടിയെടുത്തതെന്ന സംശയത്തെ തുടര്‍ന്നു ജമ്മു കശ്മിരിലും പഞ്ചാബിലും പൊലിസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിയാണ് ജമ്മു റെയില്‍വേ സ്റ്റേഷനില്‍നിന്നു മാധോപൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കു വിളിച്ച ഇന്നോവ ടാക്‌സി കാര്‍ അജ്ഞാത സംഘം തട്ടിയെടുത്തത്. പഞ്ചാബി ഭാഷയിലാണ് സംഘം സംസാരിച്ചിരുന്നതെന്നു ടാക്‌സി ഡ്രൈവര്‍ പൊലിസിനു മൊഴി നല്‍കിയിട്ടുണ്ട്. ഛര്‍ദിക്കാന്‍ വരുന്നുണ്ടെന്നു പറഞ്ഞു കാര്‍ നിര്‍ത്താനാവശ്യപ്പെട്ട സംഘം തുടര്‍ന്നു കാര്‍ തട്ടിയെടുത്തു രക്ഷപ്പെടുകയായിരുന്നെന്നു ഡ്രൈവര്‍ അറിയിച്ചു.
അതേസമയം, കാര്‍ തട്ടിയെടുത്തതു ഭീകരരാണോയെന്ന് ഉറപ്പില്ലെന്നു പൊലിസ് അറിയിച്ചു. എന്നിരുന്നാലും സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പത്താന്‍കോട്ടും സമീപ മേഖലകളിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. 2016ല്‍ പത്താന്‍കോട്ട് സൈനിക താവളത്തിനു നേരെയുണ്ടായ ആക്രമണവും സമാന രീതിയിലായിരുന്നു. പഞ്ചാബ് പൊലിസ് ഓഫിസറുടെ കാര്‍ തട്ടിയെടുത്താണ് വ്യോമസേനാ താവളത്തിനുനേരെ ഭീകരര്‍ ആക്രമണം നടത്തിയിരുന്നത്.
ഇന്നോവ കാര്‍ തട്ടിയെടുത്ത സംഘത്തിന്റെ ദൃശ്യം സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇതിന്റെയടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പഞ്ചാബ് അതിര്‍ത്തി മേഖലയുടെ ചുമതലയുള്ള പൊലിസ് ഐ.ജി പാര്‍മാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."