സംസ്ഥാനത്ത് ഡെങ്കിപ്പനിയും ചിക്കന്‍പോക്‌സും
സ്വന്തംലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിയും ചിക്കന്‍പോക്‌സും ബാധിച്ച് ഈ മാസം ആയിരത്തിലധികം പേര്‍ ചികിത്സ തേടി.
ആരോഗ്യവകുപ്പിന്റെ ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച് ഈ മാസം 1052 പേര്‍ ഡെങ്കിപ്പനി ബാധിച്ചും 1297 പേര്‍ ചിക്കന്‍ പോക്‌സ് ബാധിച്ചും ചികിത്സ തേടിയിട്ടുണ്ട്. ഡെങ്കിപ്പനി ബാധിച്ച് മൂന്നു പേര്‍ മരിക്കുകയും ചെയ്തു. ശനിയാഴ്ച മാത്രം 59 പേര്‍ ഡെങ്കി രോഗലക്ഷണങ്ങളുമായും 59 പേര്‍ ചിക്കന്‍ പോക്‌സിനും ചികിത്സ തേടി. സാധാരണ പനി ബാധിച്ച് 7858 പേരാണ് ചികിത്സ തേടിയത്. എലിപ്പനി ലക്ഷണങ്ങളുമായി ആറു പേരും ചികിത്സ തേടി.
സാധാരണ പനി ബാധിച്ച് ഈ മാസം 1,55,795 പേരാണ് ചികിത്സ തേടിയത്. രണ്ടു പേര്‍ മരിക്കുകയും ചെയ്തു. ചിക്കുന്‍ഗുനിയ മൂന്ന്, എലിപ്പനി 97, മഞ്ഞപ്പിത്തം 316, ടൈഫോയ്ഡ് 90 എന്നിങ്ങനെയാണ് മറ്റു രോഗങ്ങള്‍ക്ക് ചികിത്സ തേടിയവരുടെ എണ്ണം. ഈ വര്‍ഷം ഇതുവരെ സംസ്ഥാനത്ത് 3224 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
പതിനഞ്ചു പേര്‍ മരിക്കുകയും ചെയ്തു. ചിക്കന്‍പോക്‌സ് ബാധിച്ചത് 24,261 പേര്‍ക്ക്. പതിനേഴ് പേര്‍ മരിച്ചു. സാധാരണ പനി ബാധിച്ച് 23.31 ലക്ഷം പേരാണ് ചികിത്സ തേടിയത്. മഴ വീണ്ടും ശക്തമാകുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരേ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. കൊതുകു നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം.
ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലമ്പനി തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പോംവഴി കൊതുക് കൂത്താടി നിയന്ത്രണമാണ്.
ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
പെട്ടെന്നുള്ള ശക്തമായ പനി, തലവേദന, നേത്രഗോളങ്ങള്‍ക്ക് പിന്നിലെ വേദന, തൊലിപ്പുറത്തെ ചുവന്ന തടിപ്പുകള്‍ തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍.
രോഗം ഗുരുതരമാകുമ്പോള്‍ കഠിനമായ വയറുവേദന, ശ്വാസംമുട്ടല്‍, നിര്‍ത്താതെയുള്ള ഛര്‍ദി തുടങ്ങിയവയുണ്ടാകാം. പ്രായാധിക്യമുള്ളവര്‍ക്കും ഒരുവയസിനു താഴെയുള്ള കുഞ്ഞുങ്ങള്‍ക്കും പ്രമേഹം, രക്താതി സമ്മര്‍ദം, ഹൃദ്രോഗം, വൃക്കരോഗം, അര്‍ബുദം തുടങ്ങിയവ ബാധിച്ചവര്‍ക്കും ഡെങ്കിപ്പനി ബാധിച്ചാല്‍ അപകടസാധ്യത കൂടുതലാണ്. പനിയുടെ ആരംഭത്തില്‍ തന്നെ ചികിത്സ തേടണം. ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഡെങ്കി ചികിത്സാ മാര്‍ഗരേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."