ഓഗ്ബച്ചെ ബ്ലാസ്റ്റ്,സീസണിലെ ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് ജയം
കൊച്ചി: കഴിഞ്ഞ സീസണില്‍ നഷ്ടമായ പോരാട്ടവീര്യവും ആരാധകരെയും വീണ്ടെടുത്ത് കേരള ബല്‍സ്‌റ്റേഴ്‌സ്. ഇന്ത്യന്‍ സൂപ്പര്‍ലീഗ് ആറാം സീസണിന്റെ ഉദ്ഘാടനമല്‍സരത്തില്‍ കലൂര്‍ ജലഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ മഞ്ഞപ്പടയെ സാക്ഷിയാക്കി സീസണിലെ ആദ്യവിജയം കേരള ബല്‍സ്റ്റേഴ്‌സിന് സ്വന്തം. നായകന്‍ ബെര്‍ത്തലോമിയോ ഓഗ്ബച്ചെയുടെ ഇരട്ടഗോളില്‍ ശക്തരായ എ.ടി.കെ 2-1 ന് തകര്‍ത്തുകൊണ്ടാണ് ബ്ലാസ്‌റ്റേഴ്‌സ് ആറാം സീസണിലെ കുതിപ്പിന് തുടക്കമിട്ടത്. കളിയുടെ തുടക്കം കൊല്‍ക്കത്തയുടെ ലീഡിലായിരുന്നെങ്കില്‍ ആദ്യപകുതിയില്‍ തന്നെ കളം പിടിച്ചെടുത്ത് കളിക്കാന്‍ കേരളത്തിന്റെ കൊമ്പന്മാര്‍ക്ക് കഴിഞ്ഞു. അഞ്ചാം സീസണില്‍ കൊല്‍ക്കത്തയ്‌ക്കെതിരേ വിജയത്തോടെ തുടക്കം കുറിച്ച ബ്ലാസ്‌റ്റേഴ്‌സ് പിന്നീട് കളി മറന്ന് കളിക്കുന്ന കാഴ്ചയായിരുന്നു. എന്നാല്‍ പഴയകാല പോരാട്ടവീര്യം വീണ്ടെടുത്ത സൂചന മല്‍സരത്തില്‍ ഉടനീളം നല്‍കിയാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യമല്‍സരം ഫിനിഷ് ചെയ്തത്. നിരവധി അവസരങ്ങള്‍ ബല്‍സ്റ്റേഴ്‌സിന് ലഭിച്ചുവെങ്കിലും അത് ഗോളാക്കി മാറ്റുന്നതില്‍ പരാജയപ്പെട്ടു. എന്നാല്‍ മഴയിലും കുതിരാത്ത അവേശവുമായി എത്തിയ മഞ്ഞപടയുടെ ഗ്യാലറിയുടെ മനസ് അറിഞ്ഞു കളിക്കാന്‍ ബ്ലാസ്റ്റേഴിന് കഴിഞ്ഞു. രണ്ടാം പകുതിയില്‍ ഇരു ടീമുകളും നടത്തിയ നീക്കങ്ങളൊന്നും ഫലം കണ്ടില്ല.
മഞ്ഞപ്പടയുടെ നായകന്‍ ബെര്‍ത്തലോമിയോ ഓഗ്ബച്ചെയുടെ സീസണിലെ ഗോള്‍വേട്ടയ്ക്ക് തുടക്കം കുറിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനമല്‍സരത്തിന്റെ ആദ്യപകുതി. സീസണിലെ ആദ്യഗോള്‍ കരസ്ഥമാക്കിയ എ.ടി.കെയ്ക്ക് എതിരേ ലീഡ് നേടാനുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമങ്ങള്‍ക്ക് 30-ാം മിനുട്ടില്‍ പെനാല്‍ട്ടി അവസരം മുതലാക്കി ഓഗ്ബച്ചെ ആദ്യ ഗോള്‍ നേടി. വീണ്ടും 45-ാം മിനിട്ടിലും ഓഗ്ബച്ചെയിലൂടെ തന്നെ ബ്ലാസ്‌റ്റേഴ്‌സിന്റെ ലീഡ്. ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നാണ് ആദ്യഗോള്‍ പിറന്നത്. കൊല്‍ക്കത്തയുടെ ബോക്‌സിലേക്ക് നീങ്ങിയ പന്ത് ഓഗ്ബച്ചെ തലകൊണ്ടു ചെത്തി ബോക്‌സിന് നടുവിലേക്കിട്ടു. പ്രതിരോധിക്കനുള്ള എ.ടി.കെയുടെ ശ്രമം പിഴച്ചതോടെ പന്ത് ബല്‍സ്റ്റേഴ്‌സ് താരം ജയ്‌റോ റോഡ്രിഗസിലേക്ക് പന്ത് എത്തി. ജയ്‌റോയുടെ ഷോട്ട് എടുക്കാനുള്ള ശ്രമത്തിനിടയില്‍ എ.ടി.കെയുടെ പ്രണോയ് ഹാള്‍ഡര്‍ വലിച്ചിട്ടു. ഇതോടെ റഫറിയുടെ വിരല്‍ പെനാല്‍ട്ടി പോസ്റ്റിലേക്ക് നീണ്ടു. കിക്കെടുത്ത ക്യാപ്റ്റന്‍ ഓഗ്ബച്ചെ പന്ത് ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചതോടെ 1-1 സമനില. സമനിലിയില്‍ നിന്ന് ലീഡിലേക്കുള്ള കുതിപ്പ് സ്മ്മാനിച്ചുകൊണ്ട് ക്യാപ്റ്റന്‍ ഓഗ് ബച്ചെയുടെ കാലില്‍ നിന്ന് തന്നെ രണ്ടാം ഗോള്‍. ആദ്യപകുതിയുടെ അവസാന മിനിട്ടില്‍ എ.ടി.കെയുടെ പ്രണോയ് ഹാള്‍ഡറിന്റെ പിഴവില്‍ പന്ത് പിടിച്ചെടുത്ത സെര്‍ജിയോ സിഡോഞ്ച ബോക്‌സിനുള്ളില്‍ ഓഗ്ബച്ചെയ്ക്ക് മറിച്ചു. തുറന്ന പോസ്റ്റിന് മുന്നില്‍ ലഭിച്ച അവസരം ഓഗ്ബച്ചെ കിടിലന്‍ ഷോട്ടിലൂടെ വലയിലേക്ക് എത്തിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സിന് 2-1 എന്ന നിലയില്‍ ഊര്‍ജ്ജം സമ്മാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ എ.ടി.കെ ഗോള്‍ തിരിച്ചടിക്കാനുള്ള ശ്രമത്തിലായിരുന്നു. തുടക്കത്തില്‍ ഒന്നു രണ്ടു കോര്‍ണര്‍ നേടി അവര്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തെ സമ്മര്‍ദത്തിലാക്കുകയും ചെയ്തു. തുടര്‍ന്നും എ.ടി.കെയുടെ മുന്നേറ്റങ്ങളായിരുന്നെങ്കിലും ലക്ഷ്യബോധമുണ്ടായിരുന്നില്ല. 63-ാം മിനുട്ടിലാണ് രണ്ടാം പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ നല്ലൊരു മുന്നേറ്റം ഉണ്ടായത്. വലതുവിംഗില്‍ നിന്ന് മുഹമ്മദ് റാകിപ് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് മുഹമ്മദ് മുസ്തഫ ഹെഡറിലുടെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. 65-ാം മിനിറ്റില്‍ സിഡോഞ്ചോയ്ക്ക് പകരം മരിയോ അര്‍ക്വിസ് ബ്ലാസ്‌റ്റേഴ്‌സിനായി കളത്തിലെത്തിയപ്പോള്‍ തൊട്ടുപിന്നാലെ എ.ടി.കെ ജയേഷ് റാണയെ പിന്‍വലിച്ച് സ്‌നേഹജ് സിങ്ങിനെ മൈതാനത്തിറക്കി. 68-ാം മിനുട്ടില്‍ സമനില നേടാന്‍ നല്ലൊരു അവസരം എടികെയ്ക്ക് ലഭിച്ചെങ്കിലും ജെയ്‌റോയുടെ അവസരോചിതമായ ഇടപെടല്‍ അപകടം ഒഴിവാക്കി. 75-ാം മിനുട്ടില്‍ ജാവിയര്‍ ഹെര്‍ണാണ്ടസിനെ തിരിച്ചുവിളിച്ച് മറ്റൊരു സ്പാനിഷ് താരമായ എഡ്വേര്‍ഡോ ഗാര്‍ഷ്യയെ എടികെ രംഗത്തിറക്കി. 82-ാം മിനുട്ടില്‍ ജീക്‌സണ്‍ സിങ്ങിനെ പിന്‍വലിച്ച് ബ്ലാസ്‌റ്റേഴ്‌സ് സഹല്‍ അബ്ദുല്‍ സമദിനെ കളത്തിലിറക്കി. ഇതോടെ രണ്ടാം പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ മൂര്‍ച്ച കൈവന്നു.
അവസാന മിനിറ്റുകളില്‍സമനിലക്കായി എ.ടി.കെയും ലീഡ് ഉയര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സും പൊരിഞ്ഞ പോരാട്ടം നടത്തിയെങ്കിലും കൂടുതല്‍ ഗോളുകള്‍ പിറന്നില്ല. എങ്കിലും ആദ്യ കളിയില്‍ ജയത്തോടെ തുടങ്ങാന്‍ ബ്ലാസ്‌റ്റേഴ്‌സിനായി. ടി.പി രഹ്നേശ്, കെ.പി രാഹുല്‍, സഹല്‍ അബ്ദുല്‍ സമദ് തുടങ്ങി മലയാളി താരങ്ങളെ ഒന്നും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
ആരാധകരെ തിരിച്ചുപിടിച്ച്
ബ്ലാസ്റ്റേഴ്‌സ്
കൊച്ചി: ഐ.എസ്.എല്‍ ആദ്യ മത്സരമായ ഇന്നലെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം. കഴിഞ്ഞ സീസണുകളിലെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മോശം പ്രകടനങ്ങളെ തുടര്‍ന്ന് നിരശരായ അരാധകര്‍ സീസണിലെ മത്സരങ്ങള്‍ ബഹിഷ്‌കരിച്ചിരുന്നു.
ഇതോടെ കഴിഞ്ഞ സീസണില്‍ കാലിയായ കസേരകള്‍ക്ക് മുന്നിലായിരുന്നു കൊച്ചിയിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങള്‍ നടന്നത്. എന്നാല്‍ ഇത്തവണ സീസണിലെ കന്നിയങ്കം കാണാന്‍ ആരാധകര്‍ കൂട്ടമായി ഇരച്ചെത്തിയത് ബ്ലാസ്റ്റേഴ്‌സിന് ഗുണമായി. ഉദ്ഘാടന മത്സരത്തില്‍ സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞു.
കഴിഞ്ഞ തവണ പ്രവേശനം ഇല്ലാതിരുന്ന ഗ്യാലറിയിലെ എറ്റവും മുകളിലത്തെ നിലയിലെ കുറച്ച് സീറ്റുകളിലേക്കും ടിക്കറ്റ് നല്‍കിയിരുന്നു.
ഇവിടെയും ആരാധകരുടെ തിരക്കായിരുന്നു. ആയിരക്കണക്കിന് ആരാധകരാണ് മഞ്ഞ ജേഴ്‌സിയണിഞ്ഞ് സ്‌റ്റേഡിയത്തില്‍ എത്തിയത്.
തിങ്ങിനിറഞ്ഞ ആരാധക കൂട്ടത്തെ തൃപ്തിപ്പെടുത്തുന്നതായിരുന്നു ഇന്നലെ ബ്ലാസ്റ്റേഴ്‌സിന്റെ കളി.
തുടക്കത്തില്‍ ചെറുതായി പിഴച്ചെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. ഇതോടെ കൊടി വീശിയും കൈയ്യടിച്ചും ആര്‍പ്പുവിളികളുമായി ആരോധകര്‍ ബ്ലാസ്റ്റേഴ്‌സിന് അകമഴിഞ്ഞ പിന്‍തുണ നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."