യുവാവിനെ തട്ടിക്കൊണ്ടുപോയി ലക്ഷങ്ങള്‍ കവര്‍ന്ന കേസ്; ഒന്നാം പ്രതി റിമാന്‍ഡില്‍
കുറ്റിപ്പുറം: യുവാവിനെ തട്ടികൊണ്ടുപോയി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ കീഴടങ്ങിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പൊന്നാനി ഹാജിയാരകത്ത് മനാഫ്(32)നെയാണ് 15 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. ഒന്നാം പ്രതിയായ മനാഫിനായി പൊലിസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതിനിടയിലാണ് ചെവ്വാഴ്ച്ച രാത്രി പൊലിസില്‍ കീഴടങ്ങിയത്. തിരുവനന്തപുരം സ്വദേശികകളായ മറ്റ് അഞ്ച് പ്രതികള്‍ക്കായി കുറ്റിപ്പുറം എസ്.എച്ച്.ഒ ബഷീര്‍ സി. ചിറക്കലിന്റെ നേതൃത്വത്തില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പ്രതികളെകുറിച്ചുള്ള സൂചന പൊലിസിന് ലഭിച്ചതായാണ് വിവരം. സംഭവത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ചെര്‍പ്പുളശ്ശേരി മാരായമംഗലം സ്വദേശി അന്‍സിഫ് എന്നയാളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
ആതവനാട് കാട്ടിലങ്ങാടി അത്തിക്കാട്ട് ശിഹാബുദ്ദീ(32)നെയാണ് തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നത്. പട്ടാപ്പകലായിരുന്നു തട്ടികൊണ്ടുപ്പോകലും കവര്‍ച്ചയും പ്രതികള്‍ നടത്തിയത്. 3.76 ലക്ഷം രൂപയാണ് ശിഹാബുദ്ദീനില്‍ നിന്നും പ്രതികള്‍ തട്ടിയെടുത്തത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നേരത്തേ പൊലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മനാഫിനെ ഒന്നാം പ്രതിയാക്കിയാണ് പൊലിസ് അന്വേഷണം ആരംഭിച്ചത്. ടൈല്‍സ് എടുക്കാനുള്ള പണവുമായി ബൈക്കില്‍ കുറ്റിപ്പുറത്തെത്തിയ ശിഹാബുദ്ദീനോട് നേരത്തെ പരിചയമുണ്ടായിരുന്ന അന്‍സിഫ് തെക്കേ അങ്ങാടിയിലെ മല്ലൂര്‍ക്കടവില്‍ എത്തിച്ചുതരാന്‍ ആവശ്യപ്പെട്ടു. അന്‍സിഫിനെയും ബൈക്കില്‍ കയറ്റി ഷിഹാബുദ്ദീന്‍ പോകുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് തടയുകയും കത്തികാട്ടി ഭീഷണിപ്പെടുത്തി ഷിഹാബുദ്ദീനെ കാറില്‍ കയറ്റിക്കൊണ്ടുപോയി. കെല്‍ട്രോണിനടുത്ത് കാര്‍ നിര്‍ത്തിയ ശേഷം പണം കൈക്കലാക്കി സംഘം രക്ഷപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."