സര്‍ക്കാര്‍ ജീവനക്കാര്‍ അവധിയെടുത്ത് വിദേശത്ത് ജോലിക്കു പോകുന്നത് തടയണമെന്ന് ഹൈക്കോടതി
കൊച്ചി : സര്‍ക്കാര്‍ സര്‍വിസില്‍നിന്ന് ദീര്‍ഘകാല അവധിയെടുത്ത് വിദേശത്തു ജോലിക്കു പോകുന്നതു തടയുന്ന തരത്തില്‍ സര്‍വിസ് ചട്ടത്തില്‍ സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
അവധിയെടുത്ത് വിദേശത്ത് ജോലിക്കു പോയി മടങ്ങി വന്ന് പെന്‍ഷന്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന വിജിലന്‍സ് കേസ് റദ്ദാക്കാന്‍ അരീക്കോട് കോളജിലെ അധ്യാപകന്‍ പി.എന്‍ അബ്ദുള്‍ ലത്തീഫ് നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ഇത്തരത്തില്‍ അവധിയെടുത്ത് വിദേശത്ത് ജോലിക്കു പോയി മടങ്ങിയെത്തുന്നയാള്‍ക്ക് ചെയ്യാത്ത സേവനത്തിന്റെ പേരില്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ മരണം വരെ നല്‍കേണ്ടി വരുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹരജിക്കാരനെതിരേയുള്ള പരാതിയില്‍ വിജിലന്‍സ് രണ്ടുതവണ ത്വരിതാന്വേഷണം നടത്തി പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടാണ് നല്‍കിയത്. 2015 ഒക്ടോബര്‍ 25ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും പിന്നീട് ഡിവൈ.എസ്.പിയും ത്വരിതാന്വേഷണ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. ഒരു റിപ്പോര്‍ട്ടില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് പറയുമ്പോള്‍ മറ്റേ റിപ്പോര്‍ട്ടില്‍ പ്രോസിക്യൂഷന് സാധ്യതയില്ലെന്നാണ് പറഞ്ഞിട്ടുള്ളത്. പരസ്പര വിരുദ്ധമായ രണ്ട് റിപ്പോര്‍ട്ടുകള്‍ എങ്ങനെ സമര്‍പ്പിച്ചുവെന്ന് വിജിലന്‍സ് ഡയറക്ടര്‍ വ്യക്തമാക്കണം.
മാത്രമല്ല, ഹരജിക്കാരനെതിരേ അഴിമതി നിരോധന നിയമ പ്രകാരം നടപടി സാധ്യമാണോയെന്ന് സത്യസന്ധമായി വ്യക്തമാക്കുകയും വേണമെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."