മറന്നുവച്ച സാധനങ്ങള്‍ ലേലത്തില്‍ പോയത് 13,300 രൂപയ്ക്ക്
കെ.എസ്.ആര്‍.ടി.സി മലപ്പുറം ഡിപ്പോയിലാണ് ബസില്‍ മറന്നുവച്ച സാധനങ്ങളുടെ ലേലം നടത്തിയത്
മലപ്പുറം: ലേലം വിളിയുടെ ആവേശം മൂത്തപ്പോള്‍ യഥാര്‍ഥ വില അന്വേഷിക്കാന്‍ ആര്‍ക്കും സമയം കിട്ടിയില്ല, കൂട്ടിയങ്ങ് വിളിച്ചു. സാധനം കൈയില്‍ കിട്ടിയപ്പോഴാണ് അറിഞ്ഞത് 250 രൂപയുടെ അപ്പച്ചട്ടി വാങ്ങിയത് 350 രൂപയ്ക്കാണെന്ന്. പോരാത്തതിന് 18 ശതമാനം ജി.എസ്.ടി.യും. ആറുമാസം കൂടുമ്പോള്‍ യാത്രക്കാര്‍ മറന്നുവച്ച സാധനങ്ങള്‍ ലേലം ചെയ്യുന്ന കെ.എസ്.ആര്‍.ടി.സി മലപ്പുറം ഡിപ്പോയിലായിരുന്നു സംഭവം. ലേലം വിളിയില്‍ ഡിപ്പോ ജീവനക്കാരും യാത്രക്കാരും നാട്ടുകാരും പങ്കെടുത്തു. ആകെ 13,300 രൂപ ലഭിച്ചു. പത്തു മൊബൈലുകള്‍ ലേലത്തിനുണ്ടായിരുന്നു. ആറു പുത്തന്‍ കുടകളും 12 സെറ്റ് പ്ലേറ്റുകളും ലേലത്തില്‍ ഇടം പിടിച്ചു. 1350 രൂപയ്ക്ക് വിളിച്ചെടുത്ത മൊബൈല്‍ ഫോണിനാണ് ഏറ്റവും വലിയ വില കിട്ടിയത്. ജി.എസ്.ടി അടക്കം മൊബൈലിന്റെ 'പുതിയ മുതലാളി' സാധനം വാങ്ങിയത് 1593 രൂപയ്ക്ക്.എന്നാല്‍ ആവേശം മൂത്ത ലേലം വില്‍പന നടന്നത് മറ്റൊരു സാധനത്തിനാണ്. തെരുവ് കച്ചവടക്കാര്‍ ഉപയോഗിക്കുന്ന വലിയ കുടയ്ക്ക്. 250 രൂപയ്ക്ക് തുടങ്ങിയ വലിയ കുടയുടെ അവസാന വിളി നിന്നത് 1300 രൂപയ്ക്കായിരുന്നു. ഡിപ്പോ ഹെഡ് ക്വാര്‍ട്ടര്‍ ഇന്‍സ്‌പെക്ടര്‍ അജയ്കുമാര്‍, മോഹന്‍ദാസ്, മുഹമ്മദ് പാറയില്‍, എ. ദിവ്യ, ഉദയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."