കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബം ഹൈദരലി തങ്ങളെ സന്ദര്‍ശിച്ചു
മലപ്പുറം: സംഘ്പരിവാര്‍ ഭീകരതക്കിരയായ ഹാഫിള് ജുനൈദിന്റെ കുടുംബം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. ജുനൈദിന്റെ മാതാവ് സാഹിറ, സഹോദരന്‍ ഖാസിം എന്നിവരാണ് തങ്ങളെ കാണാനെത്തിയത്.
ജുനൈദിന്റെ പേരില്‍ തുടങ്ങുന്ന വിദ്യാഭ്യാസ സമുച്ചയത്തിന്റെ രേഖ ഇവര്‍ തങ്ങളെ കാണിച്ചു. ജുനൈദിനെ കൊലപ്പെടുത്തിയ കേസില്‍ മുസ്‌ലിംലീഗ് നല്‍കുന്ന നിയമ, സാമ്പത്തിക സഹായത്തിന് നന്ദി പറയാനാണ് കുടുംബം പാണക്കാട്ടെത്തിയത്. മുസ്‌ലിംലീഗ് നല്‍കിയ വാഹനത്തില്‍നിന്ന് ലഭിക്കുന്ന വരുമാനമാണ് ഉപജീവന മാര്‍ഗം.
സുപ്രിംകോടതിയില്‍ നടക്കുന്ന കേസിന് പോകുന്നത് ഈ വാഹനത്തിലാണ്. ജുനൈദ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും പാലിക്കപ്പെട്ടില്ലെന്ന സങ്കടവും അവര്‍ പങ്കുവച്ചു. മുസ്‌ലിംലീഗ് ഇക്കാര്യത്തില്‍ ഇടപെടുമെന്നും എല്ലാ സഹായവും ഉറപ്പുനല്‍കുന്നതായും തങ്ങള്‍ പറഞ്ഞു.
പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി എന്നിവരെയും ഇവര്‍ സന്ദര്‍ശിച്ചു. ഇത് രണ്ടാം തവണയാണ് ജുനൈദിന്റെ കുടുംബം പാണക്കാട്ടെത്തുന്നത്. പി. ഉബൈദുല്ല എം.എല്‍.എ, നാലകത്ത് സൂപ്പി, അഹമ്മദ് സാജു എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."