ദൂരദര്‍ശന്റെ പുനലൂരിലെ പ്രസരണി ഇന്ന് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
കൊല്ലം: പുനലൂരിലെ ദൂരദര്‍ശന്റെ ലോ പവര്‍ ട്രാന്‍സ്മിറ്ററിന്റെ പ്രവര്‍ത്തനം ഇന്ന് അവസാനിപ്പിക്കും. നേരത്തെ ഇതുസംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞയാഴ്ച പ്രസാര്‍ ഭാരതി ബോര്‍ഡ് ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
പുനലൂരില്‍ ഡിഡി നാഷനല്‍ പ്രദേശിക സേവനങ്ങള്‍ നടത്തിയിരുന്ന ട്രാന്‍സ്മിറ്ററാണ് (ചാനല്‍ 06, 183.25 മെഗാഹെട്ട്‌സ് ഫ്രീക്വന്‍സി) പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ലക്ഷദ്വീപിലെ കവരത്തി, അഗത്തി, അമിനി, ആന്ത്രോത്ത്, ചെത്‌ലാത്, കടമത്ത്, കല്‍പേനി, കില്‍ത്താന്‍, മിനിക്കോയ് എന്നിവിടങ്ങിലെ ഡി.ഡി നാഷനല്‍ പ്രദേശിക സേവനങ്ങള്‍ നടത്തിയിരുന്ന വെരി ലോ പവര്‍ ട്രാന്‍സ്മിറ്ററുകളുടെ പ്രവര്‍ത്തനവും ഇന്ന് നിര്‍ത്തുന്നുണ്ട്.
പഴയ രീതിയിലുള്ള ഭൂതല സംപ്രേഷണം അവസാനിപ്പിക്കാന്‍ പ്രസാര്‍ ഭാരതി ബോര്‍ഡ് എടുത്ത തീരുമാനത്തിന്റെ ഭാഗമായാണിത്. കേരളത്തില്‍ തൊടുപുഴ, ദേവികുളം, പാലാ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, അടൂര്‍, ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, കായംകുളം, കൊട്ടാരക്കര, മഞ്ചേരി, തലശ്ശേരി, കാസര്‍കോട് എന്നിവിടങ്ങളിലെ ട്രാന്‍സ്മിറ്ററുകള്‍ പൂട്ടാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ആദ്യ ലിസ്റ്റില്‍ പുനലൂര്‍ ഉള്‍പ്പെട്ടിരുന്നില്ല.
ശക്തികുറഞ്ഞ പ്രസരണികള്‍ അടച്ചുപൂട്ടി ആയിരത്തിലധികം വരുന്ന ജീവനക്കാരെ മറ്റു സ്ഥലങ്ങളില്‍ വിന്യസിക്കും. ദൂരദര്‍ശന്‍ ഡി.ടി.എച്ച് സര്‍വിസ് ആരംഭിച്ചപ്പോള്‍ത്തന്നെ പഴയ രീതിയിലുള്ള ഭൂതലസംപ്രേഷണം അവസാനിപ്പിക്കാന്‍ നീക്കമുണ്ടായിരുന്നു. എന്നാല്‍ എന്‍ജിനീയറിങ് ജീവനക്കാരുടെ പുനര്‍വിന്യാസം സംബന്ധിച്ച തര്‍ക്കംമൂലം അത് നീണ്ടുപോയി.
കേബിള്‍ സര്‍വിസും സ്വകാര്യ ഡിടിഎച്ച് സംവിധാനവും വ്യാപകമായതോടെ ദേശീയപരിപാടികള്‍ക്ക് പ്രാമുഖ്യം കൊടുക്കുന്ന ദൂരദര്‍ശന്റെ ഭൂതല സംപ്രേഷണത്തിന് തീരെ കാണികളില്ലെന്ന് സര്‍വേകളില്‍ വ്യക്തമായിരുന്നു.
ഇനി പൈനാവ്, മലപ്പുറം, പാലക്കാട്, കുളപ്പുള്ളി, അട്ടപ്പാടി, കല്‍പറ്റ തുടങ്ങിയ ലോപവര്‍ ട്രാന്‍സ്മിറ്ററുകളാണ് ഉള്ളത്. ദൂരദര്‍ശന്റെ ഡിജിറ്റല്‍ പ്രസാരണം സാധ്യമാക്കുന്നതിനുവേണ്ടി ഇവയില്‍ ചിലത് ഉപയോഗിച്ചേക്കും. ഡിജിറ്റല്‍ പ്രസരിണികളിലൂടെ ആന്റിനയില്ലാതെ അഞ്ച് ചാനലുകള്‍വരെ ലഭിക്കും. 10 മുതല്‍ 20 കിലോമീറ്റര്‍ വരെയുള്ള ചുറ്റളവില്‍ മൊബൈല്‍ ഫോണിലും ഇത് ലഭ്യമാകും. ചില സ്ഥലങ്ങളില്‍ ആകാശവാണിയുടെ അനന്തപുരി എഫ്.എം നിലയത്തിന്റെ പരിപാടികള്‍ ഈ ട്രാന്‍സ്മിറ്ററുകളില്‍ സ്ഥാപിച്ചിട്ടുള്ള റിലേ കേന്ദ്രങ്ങള്‍വഴി പ്രക്ഷേപണം ചെയ്യുന്നുണ്ട്. ദൂരദര്‍ശന്റെ മഞ്ചേരി എല്‍പിടി കഴിഞ്ഞ മാര്‍ച്ചില്‍ അവിടെയുള്ള ആകാശവാണി എഫ്.എം നിലയത്തിലേക്ക് മാറ്റിസ്ഥാപിച്ചിരുന്നു. നിലയത്തില്‍ പ്രഭാതപ്രക്ഷേപണം ആരംഭിച്ചപ്പോള്‍ എല്‍.പി.ടിയിലെ എന്‍ജിനീയറിങ് ജീവനക്കാര്‍ ആകാശവാണിയുടെ ഭാഗമായി മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."