അപ്രഖ്യാപിത നയമാകുന്ന ബന്ധുനിയമനം
ശബരിമലയിലെ യുവതീപ്രവേശനത്തിന്റെ പേരിലുള്ള സംഘര്‍ഷങ്ങള്‍ക്കിടയില്‍ നാട്ടില്‍ നടക്കുന്ന മറ്റു പല കാര്യങ്ങളും വേണ്ടത്ര ജനശ്രദ്ധയും മാധ്യമശ്രദ്ധയും നേടാതെ പോകുകയാണ്. അതില്‍ പലതും കൃത്യമായ നിയമവ്യവസ്ഥയുള്ള ഒരു നാട്ടില്‍ നടക്കാന്‍ പാടില്ലാത്തതുമാണ്. എന്നാല്‍ അതിന്റെയൊന്നും നൈതിക, ധാര്‍മിക തലങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുകയാണ്.
അക്കൂട്ടത്തിലൊന്നാണ് സി.പി.എം നേതാവും എം.എല്‍.എയുമായ എ.എന്‍ ഷംസീറിന്റെ ഭാര്യയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ റാങ്ക് പട്ടിക മറികടന്ന് അസിസ്റ്റന്റ് പ്രൊഫസറായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കിയ സംഭവം. സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലെ എം.എഡ് വിഭാഗത്തില്‍ ഷംസീറിന്റെ ഭാര്യ ഷഹലയെ നിയമിച്ചതിനെതിരേ നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നെങ്കിലും അതു കാര്യമായ ജനശ്രദ്ധ നേടിയിരുന്നില്ല. റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരിയായിരുന്നു ഷഹല. ഒന്നാം റാങ്കിലെത്തിയിട്ടും ജോലി ലഭിക്കാതെ പോയ ഡോ. എം.പി ബിന്ദു നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ വിധിയുണ്ടായത്.
പൊതുനിയമനം എന്നു പറഞ്ഞായിരുന്നു ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം. എന്നാല്‍ റാങ്ക് പട്ടിക വന്ന ശേഷം ഇത് ഒ.ബി.സി മുസ്‌ലിം എന്നാക്കി മാറ്റി ഈ വിഭാഗത്തില്‍ പെടുന്ന രണ്ടാം സ്ഥാനക്കാരിക്ക് നിയമനം നല്‍കി എന്നായിരുന്നു ഹരജിക്കാരിയുടെ ആരോപണം. കരാര്‍ നിയമനത്തില്‍ സര്‍വകലാശാല സംവരണ മാനദണ്ഡങ്ങള്‍ പാലിക്കാറില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതൊക്കെ ശരിയാണന്നു കണ്ടെത്തിയാണ് കോടതി നിയമനം റദ്ദാക്കിയത്.
അധികാരം ഉപയോഗപ്പെടുത്തി മന്ത്രിമാരുടെയും നേതാക്കളുടെയുമൊക്കെ ബന്ധുക്കളെ ചട്ടം ലംഘിച്ച് സര്‍ക്കാര്‍ ജോലികളില്‍ നിയമിക്കുന്നത് ഇടതു സര്‍ക്കാരിന്റെയും അതിനെ നയിക്കുന്ന പാര്‍ട്ടിയുടെയും അപ്രഖ്യാപിത നയമാണെന്ന് പൊതുജനം കരുതാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഉയര്‍ന്ന ബന്ധുനിയമന ആരോപണങ്ങളുടെ തുടര്‍ച്ചയാണ് ഷംസീറിന്റെ ഭാര്യയുടെ നിയമനം. ബന്ധുനിയമനത്തിന്റെ പേരില്‍ സി.പി.എമ്മിന്റെ പ്രമുഖ നേതാവു കൂടിയായ ഇ.പി ജയരാജന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നതാണ് ഇതില്‍ ആദ്യത്തെ സംഭവം. ജയരാജന്‍ മന്ത്രിസ്ഥാനത്തു തിരിച്ചെത്തിയെങ്കിലും സമാനമായ ആരോപണങ്ങള്‍ വീണ്ടുമുയര്‍ന്നു. മറ്റൊരു മന്ത്രിയായ ജി. സുധാകരന്റെ ഭാര്യ കേരള സര്‍വകലാശാലയുടെ ഡയരക്ടറേറ്റ് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജി ആന്‍ഡ് ടീച്ചര്‍ എജുക്കേഷന്റെ ഡയരക്ടറായി നിയമിതയായതിലും ക്രമക്കേട് ആരോപിക്കപ്പെട്ടു. ആരോപണത്തെ തുടര്‍ന്ന് അവര്‍ക്ക് രാജിവയ്‌ക്കേണ്ടിയും വന്നു. മന്ത്രി കെ.ടി ജലീലും ബന്ധുനിയമനത്തിന്റെ പേരില്‍ പ്രതിരോധത്തിലായി കടുത്ത പ്രതിഷേധം നേരിടുകയാണ്.
ഷംസീറിന്റെ ഭാര്യയുടെ നിയമനത്തിനെതിരായി ഉയര്‍ന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് കോടതി വിധിയില്‍നിന്ന് വ്യക്തമാകുന്നത്. ഇതില്‍ തനിക്കോ പാര്‍ട്ടിക്കോ പങ്കില്ലെന്നു പറഞ്ഞ് ഷംസീറിനു വേണമെങ്കില്‍ സാങ്കേതികമായി കൈകഴുകാമെങ്കിലും സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷവും നിയമനം നടന്ന സാഹചര്യവുമൊക്കെ നോക്കുമ്പോള്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും ആ പങ്കു ബോധ്യപ്പെടും. ഒരു ഭരണകക്ഷി എം.എല്‍.എയുടെ ഭാര്യയ്ക്ക് അദ്ദേഹത്തിന്റെയോ പാര്‍ട്ടിയുടെയോ അറിവോ നിര്‍ദേശമോ ഇല്ലാതെ ചട്ടം ലംഘിച്ച് നിയമനം നല്‍കാന്‍ ഒരു ഉന്നതോദ്യോഗസ്ഥനും ധൈര്യം വരില്ല. അതുകൊണ്ടു തന്നെ ഇക്കാര്യത്തിലുള്ള ഇടപെടല്‍ വ്യക്തമാണ്. അത്തരമൊരു ഇടപെടല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാലംഘനം തുടങ്ങിയ ഗുരുതരമായ വീഴ്ചകള്‍ക്ക് അദ്ദേഹം ഉത്തരം പറയേണ്ടിവരും.
അതോടൊപ്പം സംവരണാനുകൂല്യത്തെ ദുരുപയോഗപ്പെടുത്തുക എന്ന മറ്റൊരു ഗുരുതര ക്രമക്കേടും ഇതിലുണ്ട്. തലമുറകളായി അനുഭവിച്ചുപോന്ന വിവേചനങ്ങള്‍ക്കുള്ള പ്രതിവിധി എന്ന നിലയിലാണ് സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് സംവരണാനുകൂല്യം നല്‍കുന്നത്. അത് മറ്റാര്‍ക്കെങ്കിലും കിട്ടേണ്ടതു തട്ടിപ്പറിച്ചെടുക്കാനുള്ള ആയുധമല്ല. അത്തരമൊരു തെറ്റു ചെയ്യുക വഴി സംവരണത്തിന്റെ താല്‍പര്യത്തെ കളങ്കപ്പെടുത്തുക കൂടിയാണ് ഇവിടെ ചെയ്തിരിക്കുന്നത്.
ഇങ്ങനെയൊക്കെ സംഭവിക്കുന്നുണ്ടെങ്കില്‍ അത് മൂന്നു മന്ത്രിമാരിലും ഒരു എം.എല്‍.എയിലും മാത്രമായി ഒതുങ്ങുന്നു എന്നു കരുതാനാവില്ല. പുറംലോകമറിയാതെ ഇത്തരം നിയമനങ്ങള്‍ പലതും നടന്നിരിക്കാനിടയുണ്ടെന്ന് ന്യായമായും സംശയിക്കാം. അതെല്ലാം പുറത്തുവരേണ്ടതുണ്ട്. അര്‍ഹതയുള്ളവരെ ഒഴിവാക്കി അധികാര പിന്‍ബലമുള്ളവര്‍ക്ക് ജോലി നല്‍കുന്നത് തികഞ്ഞ ജനവഞ്ചനയാണ്. അത് അനുവദിക്കാനാവില്ല.
തുടര്‍ച്ചയായി ബന്ധുനിയമന വിവാദങ്ങളുയരുന്ന സാഹചര്യത്തില്‍ മന്ത്രിമാരുമായും ഭരണപക്ഷ എം.എല്‍.എമാരുമായും ബന്ധപ്പെട്ട് ഇതുപോലെ എന്തൊക്കെ നടന്നിട്ടുണ്ടെന്ന് പരിശോധിച്ചു കണ്ടെത്താന്‍ സര്‍ക്കാര്‍ തയാറാകണം. ആരോപണങ്ങളെല്ലാം ഉയര്‍ന്നത് സി.പി.എം പ്രതിനിധികളുമായി ബന്ധപ്പെട്ടായതിനാല്‍ പാര്‍ട്ടി നേതൃത്വവും വിശദമായ പരിശോധന നടത്തണം. തെറ്റു ചെയ്തവര്‍ക്കെതിരേ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും വേണം. ഇക്കാര്യത്തില്‍ മടിച്ചുനില്‍ക്കുകയോ കുറ്റക്കാരെ ന്യായീകരിക്കുന്നത് തുടരുകയോ ചെയ്താല്‍ അതിന് ഏറ്റവും കനത്ത വില നല്‍കേണ്ടിവരുന്നത് സര്‍ക്കാരും പാര്‍ട്ടിയുമായിരിക്കുമെന്ന് ഭരണതലപ്പത്തുള്ളവരും പാര്‍ട്ടി നേതൃത്വവും തിരിച്ചറിഞ്ഞാല്‍ അവര്‍ക്കു നല്ലത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."