മധ്യപ്രദേശില്‍ 27കാരനായ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
ഭോപ്പാല്‍: മധ്യപ്രദേശില്‍ 27കാരനായ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ഛത്തര്‍പൂര്‍ ജില്ലയിലെ പാളി സ്വദേശിയായ രഘുവീര്‍ യാദവ് ആണ് കടക്കെണിമൂലം വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഇതോടെ മന്ദ്‌സോര്‍ പൊലിസ് വെടിവയ്പ്പിനു ശേഷം സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 22 ആയി.
കഴിഞ്ഞ ബുധനാഴ്ച രഘുവീര്‍ വിഷം കഴിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് ഛത്തര്‍പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയില്‍ നിന്ന് ഗ്വാളിയോറിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാര്‍ഷികകടത്തിനു പുറമെ കുടുംബതര്‍ക്കവും യുവാവിനെ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതായി പൊലിസ് പറഞ്ഞു. മക്കള്‍ക്കുനേരെ പുറത്തുനിന്ന് ആക്രമണശ്രമം നടക്കുന്നതായി രഘുവീറിന്റെ പിതാവ് ദേശ്പത്ത് യാദവ് നേരത്തെ പൊലിസില്‍ പരാതി നല്‍കിയിരുന്നു. സ്വത്തുവിഹിതവുമായി ബന്ധപ്പെട്ട് കുടുംബത്തിനിടയില്‍ ഉടലെടുത്ത തര്‍ക്കമായിരുന്നു ഇതിനു പിറകില്‍.
വ്യാഴാഴ്ച ഛത്തര്‍പൂര്‍, സാഗര്‍ ജില്ലകളില്‍ നിന്നായി നാല് ആത്മഹത്യാ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും കോണ്‍ഗ്രസിന്റെ ലോക്‌സഭാ എം.പി കമല്‍ നാഥും പ്രതിനിനിധീകരിക്കുന്ന ജില്ലകളാണിവ രണ്ടും.
കടം എഴുതിത്തള്ളലും കാര്‍ഷിക വിളകള്‍ക്ക് മെച്ചപ്പെട്ട വിലയും ആവശ്യപ്പെട്ട് മധ്യപ്രദേശില്‍ കര്‍ഷക സമരം രൂക്ഷമായിരിക്കുകയാണ്. അതിനിടെ ഈമാസം ആറിന് നടന്ന പൊലിസ് വെടിവയ്പ്പില്‍ അഞ്ചു കര്‍ഷകര്‍ കൊല്ലപ്പെട്ടതോടെയാണ് ആത്മഹത്യാ സംഭവങ്ങള്‍ വര്‍ധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."