ജൈവ പച്ചക്കറികൡും കീടനാശിനി സാന്നിധ്യം
തൃശൂര്‍: ജൈവം എന്ന് ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്ന പച്ചക്കറികളില്‍ കേരളത്തില്‍ നിരോധിക്കപ്പെട്ടതടക്കമുള്ള വിവിധതരം കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയെന്ന് കേരള കാര്‍ഷിക സര്‍വകലാശാലയുടെ പരിശോധനാ റിപ്പോര്‍ട്ട്. ഇതിനു പുറമെ സംസ്ഥാനത്ത് നിരോധിക്കപ്പെട്ട കീടനാശിനികളുടെ അവശിഷ്ടം പൊതുവിപണികളില്‍നിന്ന് ശേഖരിച്ച ചില പച്ചക്കറികളില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, പരിശോധനക്ക് വിധേയമായ പഴവര്‍ഗങ്ങളില്‍ ഒന്നിലും തന്നെ കീടനാശിനി കണ്ടെത്തിയില്ല എന്നുള്ളത് ആശ്വാസം പകരുന്നു.
സംസ്ഥാനത്തിനകത്ത് ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികളും കൃഷി വകുപ്പിന്റെ ഇക്കോ ഷോപ്പുകളില്‍ വില്‍ക്കുന്ന ഇനങ്ങളും താരതമ്യേന സുരക്ഷിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2018 ജനുവരി മുതല്‍ ജൂണ്‍ വരെ ശേഖരിച്ച സാംപിളുകളുടെ റിപ്പോര്‍ട്ടാണ് വെള്ളായനി കാര്‍ഷിക കോളജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനശാല ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. പരിശോധിച്ച മൊത്തം 497 പച്ചക്കറികളില്‍ 27 എണ്ണത്തില്‍ കീടനാശിനി കണ്ടെത്തി. ഇവയില്‍ പൊതുവിപണിയില്‍നിന്ന് ശേഖരിച്ച സാംപിളുകളില്‍ 7.6 ശതമാനത്തിലും സ്വകാര്യ ജൈവപച്ചക്കറി മാര്‍ക്കറ്റുകളില്‍നിന്ന് ശേഖരിച്ചതില്‍ 11.11%ശതമാനത്തിലും കര്‍ഷകരില്‍നിന്ന് നേരിട്ട് ശേഖരിച്ചവയില്‍ 3.89 ശതമാനത്തിലുമാണ് കീടനാശിനി സാന്നിധ്യം കണ്ടെത്തിയത്.
ജൈവ ലേബലില്‍ വില്‍ക്കുന്ന ചുവപ്പ് ചീര, ബീന്‍സ്, പച്ചമുളക്, വെള്ളരി, പടവലം, പയര്‍ എന്നിവയുടെ സാംപിളുകളില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തി. ലാംബ്ഡാ സൈഹാലോത്രിന്‍, ക്യുനാല്‍ഫോസ്, എത്തയോണ്‍ എന്നീ കീടനാശിനികള്‍ പച്ചക്കറികളിലും, മാലത്തയോണ്‍, ക്യുനാല്‍ഫോസ്, പ്രൊഫെനോഫോസ്, എത്തയോണ്‍, ബൈഫെന്‍ത്രിന്‍, ഫെന്‍പ്രൊപ്പാത്രിന്‍ എന്നിവ സുഗന്ധവ്യഞ്ജനങ്ങളിലും കണ്ടെത്തി. ഈ കീടനാശിനികള്‍ എല്ലാം തന്നെ മഞ്ഞ വിഭാഗത്തില്‍ (ഉഗ്രവിഷം) പെടുന്നവയും മിക്കതും ശുപാര്‍ശ ചെയ്യപ്പെടാത്തവയും ആണ്. പ്രൊഫെനോഫോസ്എന്ന കീടനാശിനി 2011 ല്‍ കേരളത്തില്‍ നിരോധിക്കപ്പെട്ടതാണ്.
കൃഷി ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലും നിര്‍ദേശത്തിലും കൃഷി ചെയ്ത് ഇക്കോ ഷോപ്പ് വഴി വില്‍ക്കുന്ന പച്ചമുളക്, പടവലം എന്നിവകളിലെ ഓരോ സാമ്പിളുകളില്‍ മാത്രമേ കീടനാശിനി സാന്നിധ്യം കണ്ടെത്തിയുള്ളൂ. പൊതുവിപണിയില്‍ നിന്നുളള ബീറ്റ്‌റൂട്ട്, സാമ്പാര്‍ മുളക്, മല്ലിയില, കറിവേപ്പില എന്നിവയുടെ സാംപിളുകളിലാണ് കീടനാശിനി കണ്ടെത്തിയത്. പൊതു വിപണിയില്‍ കണ്ടെത്തിയ പല കീടനാശിനികളും അതത് വിളകളില്‍ ശുപാര്‍ശ ചെയ്യപ്പെടാത്തതാണെന്നും പൊതു വിപണിയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയ മിക്ക വിളകളും കേരളത്തില്‍ കാര്യമായി കൃഷി ചെയ്യുന്നവയല്ലെന്നും പഠനറിപ്പോര്‍ട്ടിലുണ്ട്.
ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ള കീടനാശിനി നിശ്ചിത അളവില്‍ മാത്രം ചെടികളില്‍പ്രയോഗിക്കുക, ചെടികളില്‍ കായ്കള്‍ രൂപപ്പെട്ടതിനു ശേഷമുള്ള കീടനാശിനി പ്രയോഗം കഴിയുന്നതും ഒഴിവാക്കുക, ജൈവകീടനാശിനികളുടെ ഉപയോഗം വര്‍ധിപ്പിക്കുക, കീടനാശിനി തളിച്ചു കഴിഞ്ഞതിനും വിളവെടുക്കന്നതിനും ഇടക്കുള്ള കാത്തിരിപ്പുകാലം കൃത്യമായി പാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷിക സര്‍വകലാശാല കര്‍ഷകര്‍ക്ക് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."