ലീഗ് പ്രവര്‍ത്തകന്റെ കൊലയാളികളെ തിരിച്ചറിഞ്ഞു, അയല്‍വാസികളായ നാലംഗ സംഘം, പ്രതികള്‍ക്ക് പ്രചോദനമായത് പി. ജയരാജന്റെ പ്രകോപനപരമായ പ്രസംഗമെന്ന് ലീഗ്
താനൂര്‍: അഞ്ചുടിയില്‍ സി.പി.എം പ്രവര്‍ത്തകരുടെ വെട്ടേറ്റ് മുസ്ലിം ലീഗ് പ്രവര്ത്തകന് മരിച്ചതിനെത്തുടര്‍ന്ന്് തീരദേശ മേഖലകളില്‍ ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരേ താനൂര്‍, തിരൂരങ്ങാടി, വള്ളിക്കുന്ന്, തിരൂര്‍, തവനൂര്‍, പൊന്നാനി മണ്ഡലങ്ങളിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇതുവരേ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം അക്രമികള്‍ക്ക് പ്രചോദനമായത് പി. ജയരാജന്റെ പ്രസംഗമാണെന്ന് മുസ്ലിം ലീഗ് നേതാവ് കുട്ടി അഹമ്മദ്കുട്ടി ആരോപിച്ചു. കഴിഞ്ഞ ദിവസം പി.ജയരാജന് പ്രദേശത്തെ പൊതുയോഗത്തില്‍ പ്രസംഗിക്കാനെത്തിയിരുന്നു. അദ്ദേഹത്തിന്റെ പ്രകോപനപരമായ പ്രസംഗം അക്രമത്തിലേക്കു വഴിവെച്ചിരിക്കാമെന്നാണ് നേതാക്കള്‍ ആരോപിക്കുന്നത്.
അതേ സമയം കേസിനു പിന്നില്‍ പ്രവര്‍ത്തിച്ചവരേ തിരിച്ചറിഞ്ഞതായും നാലംഗ സംഘമാണ് കൊലക്കുപിന്നിലെന്നും മലപ്പുറം എസ്.പി യു.അബ്ദുല്‍ കരീം പറഞ്ഞു. പ്രതികള്കൊല്ലപ്പെട്ട ഇസ്ഹാഖിന്റെ അയല്‍ വാസികളാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ വൈരം മാത്രമാണ് കൊലക്കുപിന്നിലെന്നുമാണ് പ്രാഥമികമായ വിലയിരുത്തല്‍.
കുപ്പന്റെ പുരക്കല്‍ സൈതലവിയുടെ മകന് ഇസ്ഹാഖ്(35) ആണ് ഇന്നലെ രാത്രി ഏഴരയോടെ വെട്ടേറ്റ് മരിച്ചത്. നേരത്തെ സി.പി.എംലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ പതിവായിരുന്ന മലപ്പുറം ജില്ലയിലെ തീരദേശ മേഖലയായ ഇവിടെ സംഘര്‍ഷങ്ങള്‍ക്ക് അയവുണ്ടായിരുന്നു.
താനൂര്‍ മുനിസിപ്പാലിറ്റിയിലെ കൗണ്‍സിലറായ ഫൈസലിന് നേരെയും രണ്ടുലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെയും നേരത്തെ അക്രമമുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി ഏഴരക്ക് അഞ്ചുടി മദ്റസക്കു സമീപത്താണ് ഇസ്ഹാഖിനു വെട്ടേറ്റത്. വൈദ്യുതി നിലച്ച നേരത്ത് ഇരുട്ടില്‍ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെട്ടേറ്റ നിലയില്‍ ഇസ്ഹാഖിനെ കണ്ടത്. ഉടന്‍ തീരൂര് ജില്ലാ ആശുപത്രിയിലെത്തില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."