മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി മിതാലി
ലണ്ടന്‍: മാധ്യമ പ്രവര്‍ത്തകന്റെ വായടപ്പിച്ച് ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ്. ലോകകപ്പ് പോരാട്ടത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിലാണ് മിതാലിയുടെ രൂക്ഷമായ പ്രതികരണം. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പുരുഷ ക്രിക്കറ്റ് താരം ആരാണെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യമാണ് ഇന്ത്യന്‍ ക്യാപ്റ്റനെ ചൊടിപ്പിച്ചത്. ഏറ്റവും ഇഷ്ടപ്പെട്ട വനിതാ ക്രിക്കറ്റ് താരമാരാണെന്ന് നിങ്ങള്‍ ഒരു പുരുഷ താരത്തോട് ചോദിക്കുമോ എന്ന മറുചോദ്യമാണ് മിതാലി ഉന്നയിച്ചത്.
''നിങ്ങള്‍ ഈ ചോദ്യം ഒരു പുരുഷ ക്രിക്കറ്റ് താരത്തോട് ചോദിക്കുമോ അവരുടെ ഇഷ്ടപ്പെട്ട വനിത ക്രിക്കറ്റ് താരം ആരാണെന്ന് എല്ലായ്‌പ്പോഴും നിങ്ങള്‍ എന്നോട് ചോദിക്കുന്നു ആരാണ് നിങ്ങളുടെ ഇഷ്ടപ്പെട്ട പുരുഷ ക്രിക്കറ്റ് താരമെന്ന്. എന്നാല്‍ ഒരിക്കല്‍ പോലും ഒരു പുരുഷ താരത്തോട് ഇഷ്ടപ്പെട്ട വനിതാ താരം ആരെന്ന് നിങ്ങള്‍ ചോദിക്കുന്നില്ല''
പുരുഷ ക്രിക്കറ്റ് താരങ്ങളുമായി വനിതാ താരങ്ങളെ താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ലെന്ന് മിതാലി പറഞ്ഞു. ഇത്തരം ചോദ്യങ്ങള്‍ ധാരാളം കേട്ടിട്ടുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ വനിതാ ക്രിക്കറ്റ് ടീമുകള്‍ക്ക് ലഭിക്കുന്ന പരിഗണന എത്രത്തോളമുണ്ടെന്ന് ഈ ചോദ്യങ്ങളില്‍ നിന്ന് മനസിലാക്കാം. വനിതാ താരങ്ങളെ ടെലിവിഷനിലൂടെ കണ്ട് ആര്‍ക്കും അധികം പരിചയമില്ല. സമീപ കാലത്ത് രണ്ട് ഹോം പരമ്പരകള്‍ സംപ്രേഷണം ചെയ്യാന്‍ ബി.സി.സി.ഐ ശ്രമിച്ചിരുന്നു. സമൂഹ മാധ്യമങ്ങളും സജീവമായുണ്ട്. എന്നിട്ടും വനിതാ ടീമിന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. പുരുഷ ടീമിന്റെ നിലവാരത്തിലേക്ക് വനിതാ ടീമും ഉയരണം എന്നാണ് പറയുന്നത്. എന്നാല്‍ വനിതാ ടീമിന് സ്വന്തമായി ലക്ഷ്യങ്ങളുണ്ടെന്ന് മിതാലി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."