ഈജിപ്ഷ്യന്‍ മീലാദാഘോഷം
മുദ്ദസിര്‍ ഫൈസി മലയമ്മ
അനുഗ്രഹ ലബ്ധിയില്‍ ആനന്ദം പ്രകടിപ്പിക്കുന്നത്, ബുദ്ധിയും വിവേകവുമുള്ള ഏതൊരു മനുഷ്യന്റെയും ജന്മസിദ്ധമായ വാസനയാണ്. റബീഉല്‍ അവ്വലില്‍ അന്ത്യപ്രവാചകരുടെ ജന്മദിനത്തോടനുബന്ധിച്ച് ഓരോ രാജ്യത്തും തങ്ങളുടെ സംസ്‌കാരത്തോടും സാമൂഹികജീവിത ചുറ്റുപാടുകളോടും ചേര്‍ന്ന് നിന്ന് കൊണ്ടുള്ള ആഹ്ലാദപ്രകടനങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. ന്യൂനപക്ഷമായ ചെറിയൊരു വിഭാഗം കേരളത്തിലെന്ന പോലെ, മാറി നില്‍ക്കുമെങ്കിലും ഈജിപ്തിലെയും അവസ്ഥ ഇതു തന്നെയാണ്. നബിദിനം ആഘോഷിക്കുന്നത് അനിസ്‌ലാമികമാണെന്ന ഒറ്റപ്പെട്ട വാദത്തിനെതിരേ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി ശക്തമായ നിലപാട് സ്വീകരിക്കുന്നു.
സ്വഫര്‍ പകുതിയോടെത്തന്നെ പട്ടണങ്ങളും കട കമ്പോളങ്ങളും അണിഞ്ഞൊരുങ്ങും. പുതിയ പലഹാരക്കടകള്‍ ഉയരും. നേരത്തേയുള്ളവ അലങ്കരിക്കപ്പെടുകയും നവീകരിക്കപ്പെടുകയും ചെയ്യും.
ഈജിപ്തിലെ നബിദിനാഘോഷം മധുരപലഹാരങ്ങളുടേത് കൂടിയാണ്. പക്ഷെ, നമ്മുടെ നാടുകളിലേത് പോലെ ഘോഷയാത്രകളിലോ മൗലിദ് പാരായണ സദസ്സുകളിലോ മാത്രമൊതുങ്ങി നില്‍ക്കില്ല. വിവിധ ആകൃതികളിലും രൂപങ്ങളിലുമായി നിര്‍മിക്കപ്പെടുന്ന മധുര പലഹാരങ്ങള്‍ പരസ്പരം കൈമാറുന്നത് മിസ്‌രികളുടെ പ്രധാന സന്തോഷപ്രകടനമാണ്.
വിവിധയിനം മധുര പലഹാരങ്ങളും മിഠായികളും പ്രവാചകജന്മദിനം ആശംസിക്കുന്ന വാചകങ്ങളെഴുതിയ ചെറിയപെട്ടികളിലാക്കി വില്‍പനയ്ക്ക് വെക്കും. അത് വാങ്ങി കുടുംബങ്ങള്‍ക്കും മറ്റും വിതരണം ചെയ്യും. ആദ്യകാലത്ത് ഈജിപ്തിലെ ജഡ്ജിമാര്‍ പ്രവാചകജന്മദിനത്തോടനുബന്ധിച്ച് മധുര പലഹാരം ഉണ്ടാക്കി ഭരണാധികാരികള്‍ക്കും പണ്ഡിതന്മാര്‍ക്കുംകൊടുക്കുന്ന പതിവ് ഉണ്ടായിരുന്നു. ഫ്രഞ്ച് അധിനിവേശം ഈജിപ്തില്‍ കാലുറപ്പിക്കുന്നതിന്റെ ഭാഗമായി പ്രവാചക ജന്മദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളില്‍ നെപ്പോളിയന്‍ ആവേശപൂര്‍വം പങ്കെടുത്തതായും ജനങ്ങള്‍ക്ക് പണവും മറ്റും വിതരണം ചെയ്തതായും ചരിത്രത്തില്‍ കാണാം. ഒരു സമൂഹത്തിന്റെ വികാരങ്ങളോട് ലയിച്ച് ചേരലായിരുന്നു അത്.
ആഹ്ലാദാതിരേകത്തിന്റെ തിരതള്ളല്‍ നഗരങ്ങളിലും പട്ടണങ്ങളിലും മാത്രമല്ല, ഗ്രാമങ്ങളിലും അലയൊലികള്‍ സൃഷ്ടിക്കും. പള്ളികളും തെരുവുകളും മനോഹരമായ തോരണങ്ങള്‍ കൊണ്ടും വര്‍ണപ്രകാശം പൊഴിക്കുന്ന ബള്‍ബുകള്‍ കൊണ്ടും അലങ്കരിക്കപ്പെടും.
ഇസ്‌ലാമിക സംസ്‌കാരവും പ്രവാചക പാഠങ്ങളും മുറുകെപ്പിടിക്കാന്‍ ആഹ്വാനം ചെയ്യുന്നതോടൊപ്പം പ്രവാചകാപദാനങ്ങള്‍ പ്രഘോഷണം ചെയ്യപ്പെടുന്ന പ്രഭാഷണങ്ങള്‍ സലഫീ കേന്ദ്രങ്ങളില്‍ നിന്ന് പോലും ഉയര്‍ന്ന് കേള്‍ക്കും. സ്വൂഫീ സരണിയില്‍ സഞ്ചരിക്കുന്ന വലിയ മസ്ജിദുകളുടെ ആഭിമുഖ്യത്തില്‍ ആയിരങ്ങള്‍ സംബന്ധിക്കുന്ന ഘോഷയാത്രകള്‍ പലയിടങ്ങളിലായി സംഘടിപ്പിക്കപ്പെടും.
പ്രവാചകനെ പകര്‍ത്തുന്നതിനുള്ള വിശിഷ്ട അവസരമായി റബീഉല്‍ അവ്വലിനെ ഉപയോഗപ്പെടുത്തുകയാണ് മിസ്‌രികള്‍. ഉയര്‍ന്ന പണ്ഡിത സമൂഹത്തിനിടയില്‍ 'ശമാഇലുത്തുര്‍മുദി' പോലെയുള്ള ഗ്രന്ഥങ്ങളാണെങ്കില്‍ സ്‌കൂള്‍ തലത്തിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രവാചകരുടെ ശാരീരിക വിശേഷണവും ഉത്തമ സ്വഭാവഗുണങ്ങളുമൊക്കെ പഠിപ്പിക്കും. ആവേശപൂര്‍വം ഇത്തരം സദസ്സുകളിലേക്ക് ഒഴുകിയെത്തുന്ന യുവത്വം ഉന്നതമായ പ്രവാചകാനുരാഗത്തിന്റെ ഈജിപ്ഷ്യന്‍ പരിപ്രേക്ഷ്യമാണ്. മാസാവസാനത്തോടെ ഈ പ്രത്യേക ക്ലാസ് അവസാനിക്കും. തുടര്‍ന്ന് പഠിപ്പിക്കപ്പെട്ട ഗ്രന്ഥങ്ങളും പാഠങ്ങളും ആസ്പദമാക്കി പരീക്ഷകള്‍ സംഘടിപ്പിക്കും. ഉയര്‍ന്ന സ്ഥാനം നേടിയവര്‍ക്കും വിജയികള്‍ക്കുമൊക്കെ പ്രാധാന്യത്തോടെ സമ്മാനങ്ങള്‍ വിതരണം ചെയ്യപ്പെടുകയും ചെയ്യും.
നബിദിനത്തോടനുബന്ധിച്ച് ഈജിപ്തിലെ വ്യാപാര സ്ഥാപനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ത ഓഫറുകളും നല്‍കിവരാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."