തകര്‍ന്നത് അരൂരിലെ ചെങ്കോട്ട
ആലപ്പുഴ: ചെങ്കോട്ടയെ ത്രിവര്‍മണിയിച്ച് ഷാനിമോള്‍ ഉസ്മാന്‍ അരൂരിന്റെ അഞ്ചാം ജനപ്രതിനിധി. ആദ്യാമായാണ് അരൂരില്‍ കൈപ്പത്തിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിക്കുന്നത്. 54 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അരൂരില്‍ ജയച്ചുകയറുന്നതും.
2079 വോട്ടുകളുടെ ഭൂരിപക്ഷം. പതിനാലാമത് കേരള നിയമസഭയുടെ പതിനാറാം സമ്മേളനം തിങ്കളാഴ്ച ചേരുമ്പോള്‍ യു.ഡി.എഫിന്റെ ആദ്യവനിത പ്രതിനിധിയായി ഷാനിമോള്‍ സത്യപ്രതിജ്ഞ ചെയ്യും.
നാലരപതിറ്റാണ്ട് കെ.ആര്‍ ഗൗരിയമ്മ കുത്തകയാക്കിയ അരൂരിനെ പ്രതിനിധീകരിക്കുന്ന രണ്ടാമത്തെ വനിതയായും ഷാനിമോള്‍ മാറി. ലോക്‌സഭാ പോരാട്ടത്തില്‍ തോല്‍പ്പിച്ച എ.എം ആരിഫിനോടുള്ള മധുരപ്രതികാരം കൂടിയായി ഷാനിമോളുടെ വിജയം.
യു.ഡി.എഫിലെ ഷാനിമോള്‍ ഉസ്മാന്‍ (കോണ്‍ഗ്രസ്) - 69356 വോട്ടും എല്‍.ഡി.എഫിലെ മനു സി.പുളിക്കല്‍ (സി.പി.എം) - 67277 വോട്ടും എന്‍.ഡി.എയിലെ പ്രകാശ് ബാബു (ബി.ജെ.പി) 16,289 വോട്ടും നേടി. അഞ്ചിടത്തേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നതും അരൂരിലായിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 648 വോട്ടിന്റെ ലീഡ് ഷാനിമോള്‍ ഉസ്മാന്‍ അരൂരില്‍ നേടിയിരുന്നു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ ചെങ്കോട്ടയെന്ന് വിശ്വസിച്ച അരൂരില്‍ മനു സി.പുളിക്കലിന് മുന്നില്‍ എത്താനായില്ല.
പോസ്റ്റല്‍ വോട്ടില്‍ മാത്രമായിരുന്നു നേരിയ വ്യത്യാസം. ബി.ഡി.ജെ.എസ് ഉപേക്ഷിച്ച സീറ്റ് ഏറ്റെടുത്ത ബി.ജെ.പിക്കും കനത്ത തിരിച്ചടിയാണ് അരൂര്‍ നല്‍കിയത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകളില്‍ വലിയ കുറവാണ് ബി.ജെ.പിക്കു സംഭവിച്ചത്. 2016 ല്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി 27,753 വോട്ടുകള്‍ നേടിയിരുന്നു. ലോക്‌സഭയില്‍ 25,250 ആയി കുറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."