അഴിമതി: മുന്‍ ദ.കൊറിയന്‍ പ്രസിഡന്റിന്റെ സഹായിക്ക് മൂന്നു വര്‍ഷം തടവ്
സിയൂള്‍: പുറത്താക്കപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യുന്‍ ഹേയുടെ ഉറ്റ സഹായി ചോയി സൂണ്‍ സിലിന് മൂന്നു വര്‍ഷം തടവ്. കൈക്കൂലി കേസില്‍ ഇന്നലെയാണ് കോടതി ശിക്ഷ വിധിച്ചത്. സിയൂള്‍ സെന്‍ട്രല്‍ ജില്ലാ കോടതിയുടേതാണ് വിധി. അഴിമതിക്കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പാര്‍ക്കിനെ കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. ഇതിനിടെ ചോയ് സൂണ്‍ സിലിനെ അറസ്റ്റ് ചെയ്ത് അന്വേഷണവും ആരംഭിച്ചു.
പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് അഴിമതി നടത്തിയെന്നാണ് ചോയ്ക്കെതിരേയുള്ള കുറ്റം. ചോയ്ക്കെതിരേയുള്ള ആദ്യ ക്രിമിനല്‍ കേസിലെ ശിക്ഷയാണ് വിധിച്ചത്. ചോയ് സൂണിന്റെ മകളെ സിയൂള്‍ എവ്ഹ വനിതാ സര്‍വകലാശാലയിലായിരുന്നു പഠിച്ചിരുന്നത്. ഔദ്യോഗിക പദവി ഉപയോഗിച്ച് മകള്‍ക്ക് മികച്ച ഗ്രേഡ് ലഭിക്കാന്‍ ഇവര്‍ നീക്കം നടത്തിയെന്ന കേസിലാണ് ഇപ്പോള്‍ വിധി വന്നത്.
കേസില്‍ യൂനിവേഴ്സിറ്റി മുന്‍ പ്രസിഡന്റ് ചോയ് ക്യാങ് ഹെ, യൂനിവേഴ്സിറ്റിയിലെ മുന്‍ അഡ്മിഷന് മേധാവി നാംകുങ് ഗോണ് എന്നിവരും ജയില്‍ ശിക്ഷ അനുഭവിക്കുന്നുണ്ട്. ചോയ് സൂണ്‍ സിലിന്റെ മകള്‍ ചുങ് യൂ റാക്ക് അനുകൂലമായി നിലപാടെടുത്തതിന് ഇരുവര്‍ക്കും യഥാക്രമം രണ്ട്, ഒന്നര വര്‍ഷം തടവാണ് വിധിച്ചത്.ഡെന്മാര്ക്കിലായിരുന്ന ചുങിനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്ത് ദക്ഷിണ കൊറിയയില്‍ എത്തിക്കുകയായിരുന്നു. പാര്‍ക് ഗ്യുന്‍ ഹേ, സാംസങ് മേധാവി എന്നിവരുള്‍പ്പെട്ട കേസിന്റെ അന്വേഷണം ഇനിയും പൂര്‍ത്തിയായിട്ടില്ല. അധികാര ദുര്‍വിനിയോഗം നടത്തിയത് തെളിയിക്കപ്പെട്ടാല്‍ മുന്‍ പ്രസിഡന്റും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."