നാട്ടുകാര്‍ക്ക് ഇഫ്ത്താറൊരുക്കി അന്യ സംസ്ഥാന തൊഴിലാളികള്‍
പത്തിരിപ്പാല: കേരളത്തിലെ മുക്കിലും മൂലയിലുമുള്ള പള്ളികളില്‍ നോമ്പുതുറക്കും തറാവീഹ് ഉള്‍പ്പടേയുള്ള നിസ്‌കാരങ്ങള്‍ക്കും അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം പ്രത്യേകതയൊന്നുമല്ല. എന്നാല്‍ നാട്ടുകാര്‍ക്ക് ഇഫ്ത്താര്‍ ഒരുക്കി വിഭവ സമൃദ്ധമായ ഭക്ഷണം വിളമ്പുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ മുന്നില്‍ ആശ്ചര്യവും അതിലുപരി ആഘോഷവുമായാണ് പത്തിരിപ്പാലയിലുള്ളവര്‍ പരിപാടിക്കെത്തിയത്.
കഴിഞ്ഞ എട്ടുവര്‍ഷമായി പത്തിരിപ്പാല ചന്ദനപ്പുറത്ത് അമര്‍ ഗ്ലാസസ് എന്ന സ്ഥാപനത്തിലുള്ളവരാണ് പത്തിരിപ്പാല ചവിറ്റിലത്തോട് നിസ്‌കാരപ്പള്ളിയില്‍ ഇഫ്ത്താര്‍ സംഘടിപ്പിച്ചത്.
മറ്റു ദിവസങ്ങളില്‍ നാട്ടുകാര്‍ക്കൊപ്പം നോമ്പുതുറയില്‍ പങ്കെടുത്തിരുന്ന ഇവര്‍ ഒരുനാള്‍ പത്തിരിപ്പാലയിലെ ജനങ്ങള്‍ക്ക് ഒരു ഇഫ്ത്താര്‍ ഒരുക്കണമെന്ന് തീരുമാനിക്കുകയായിരുന്നു.
ആഗ്ര സ്വദേശികളായ ശാഹിദ് ഉമ്മര്‍, മുഹമ്മദ് നസീം, ഷംസുദ്ധീന്‍, റഹ്മത്ത് അലി, ഫൈജാന്‍ ചേര്‍ന്നാണ് ഇഫ്ത്താര്‍ ഒരുക്കിയത്.
കേരളീയ രീതിയിലുള്ള ഭക്ഷണങ്ങള്‍ തന്നെയാണ് ഇവര്‍ ഇഫ്ത്താറിനായി തയ്യാറാക്കിയത്. ഇറച്ചിക്കറി, പത്തിരി, തരിക്കഞ്ഞി, പഴവര്‍ഗങ്ങള്‍ എന്നിവ തയ്യറാക്കിയതും സംഘാടകര്‍ തന്നെ.
കഴിഞ്ഞ എട്ടുവര്‍ഷമായി പത്തിരിപ്പാലയിലുള്ള ആഗ്രസ്വദേശികള്‍ പത്തിരിപ്പാലയോട് കാണിക്കുന്ന സ്‌നേഹവം തങ്ങളെ ആശ്ചര്യപ്പെടുത്തുന്നുവെന്നും ഈ വര്‍ഷത്തെ ഏറ്റവും ഹൃദ്യമായ ഇഫ്ത്താര്‍ ഇവരുടേതാണെന്നും എസ്.വൈ.എസ് ജില്ലാ സെക്രട്ടറി യൂസഫ് പത്തിരിപ്പാല സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."