ജലാശയങ്ങളില്‍ മാലിന്യം തള്ളല്‍ ശക്തമായി നേരിടും- ജില്ലാ പഞ്ചായത്ത്
കോഴിക്കോട്: നഗരത്തിലെ ലോഡ്ജുകളിലും ഫ്‌ളാറ്റുകളിലും വീടുകളിലും നിന്ന് കക്കൂസ് മാലിന്യം ശേഖരിച്ച് ജില്ലയിലെ പുഴകളിലും തോടുകളിലും മറ്റു ജലാശയങ്ങളിലും വയലുകളിലും തള്ളി അതീവ ഗുരുതരമായ മലിനീകരണം സൃഷ്ടിക്കുന്ന മാഫിയകളെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും നേരിടുമെന്ന് ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗം വ്യക്തമാക്കി.
ഇത്തരം മാഫിയാ സംഘത്തിന്റെ പ്രവര്‍ത്തനം ജില്ലയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നത് പകര്‍ച്ചപ്പനിക്കെതിരേ പ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന വേളയില്‍ പുതിയ രോഗങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്.
മാലിന്യം തള്ളിയ കേന്ദ്രങ്ങളിലെ വീട്ടുകിണറിലടക്കം അമിതമായ തോതില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി കോഴിക്കോട് സി.ഡബ്ല്യു.ആര്‍.ഡി.എം നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ വെള്ളം ഉപയോഗിക്കരുതെന്ന് വിദഗ്ധര്‍ നിഷ്‌കര്‍ഷിച്ചതിനാല്‍ മഴക്കാലത്തു പോലും കുടിവെള്ളം ചുമടായി കൊണ്ടുവരേണ്ട ഗതികേടിലാണ് നാട്ടുകാര്‍.
ഈ മാഫിയ സംഘത്തിനെതിരെ പൊലിസ് ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടികളും റെസിഡന്‍ഷ്യല്‍ അസോസിയേഷനുകളും രംഗത്തു വരണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് പിന്താങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."