വര്‍ക്കലയില്‍ കനത്തമഴ: വീടുകള്‍ക്ക് നാശം
കല്ലമ്പലം: കഴിഞ്ഞ ദിവസം രാത്രി പെയ്ത കനത്ത മഴയില്‍ വയോധികയുടെ വീട് തകര്‍ന്നു. വെട്ടൂര്‍ പഞ്ചായത്തിലെ പുന്നകൂട്ടം അക്കരവിളയില്‍ ആബിദയുടെ വീടാണ് തകര്‍ന്നു വീണത്.
പുലര്‍ച്ചെ രണ്ടോടെയായിരുന്നു അപകടം. കിടപ്പുമുറിയുടെയും അടുക്കളയുടെയും ഭിത്തികളാണ് നിലം പൊത്തിയത്. ആബിദയും രോഗ ബാധിതയായ മകളും മൂന്ന് കൊച്ചു കുട്ടികളും കിടന്നുറങ്ങിയ മുറിയുടെ ഭിത്തിയാണ് തകര്‍ന്നത്. ബാക്കിഭാഗങ്ങളും തകര്‍ച്ചയുടെ വക്കിലാണ്. കുതിര്‍ന്ന മണ്‍ഭിത്തികള്‍ പുറത്തേക്ക് മറിഞ്ഞതിനാല്‍ അപകടം ഒഴിവായി.
നിര്‍ധനയായ ആബിദക്ക് നാല് മാസം മുമ്പ് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ വീട് നിര്‍മിക്കാനായി ആദ്യ ഗഡ് ലഭിച്ചിരുന്നു. എന്നാല്‍ തകര്‍ന്നു വീഴാറായ മണ്‍കുടിലിനോട് ചേര്‍ന്ന് പുതിയ വീടിന് അടിസ്ഥാനം നിര്‍മിച്ച് അധികൃതരെ അറിയിച്ചിട്ട് മൂന്ന് മാസം കഴിഞ്ഞു.
രണ്ടാം ഗഡുവിലെ തുക ലഭ്യമാക്കുന്നതില്‍ അധികൃതര്‍ വീഴ്ച വരുത്തിയതാണ് വീടുപണി മുടങ്ങാന്‍ കാരണം. വീട് തകര്‍ന്ന വിവരം പഞ്ചായത്ത് വില്ലേജ് അധികൃതരെ രേഖാമൂലം അറിയിച്ചതായി ആബിദ പറഞ്ഞു.
ഇടവ പുന്നക്കുളം വലിയവിളാകം ചരുവിള വീട്ടില്‍ സിനിമോന്റെ ഓടുമേഞ്ഞ വീടിന് മുകളിലേക്ക് വീശിയടിച്ച കാറ്റില്‍ തെങ്ങ് വീടിന് മുകളിലേക്ക് ഒടിഞ്ഞു വീണാണു. കഴിഞ്ഞ ദിവസം രാവിലെ എട്ടോടെയായിരുന്നു അപകടം.
പുലര്‍ച്ച മുതല്‍ ഇടവയുടെ തീരമേഖലയില്‍ ശക്തമായ കാറ്റുണ്ടായിരുന്നു. തൊട്ടടുത്ത പുരയിടത്തില്‍ ഉണങ്ങി നിന്ന മുപ്പതടിയോളം ഉയരമുള്ള തെങ്ങാണ് മേല്‍ക്കൂരയിലേക്ക് പതിച്ചത്. സംഭവ സമയം മത്സ്യത്തൊഴിലാളിയായ സിനിമോന്‍ കടപ്പുറത്തായിരുന്നു. ഭാര്യ അടുക്കളയില്‍ ജോലിയിലായിരുന്നു.
കിടപ്പ് മുറിയിലെ കട്ടിലില്‍ ഉറങ്ങുകയായിരുന്ന രണ്ട് കുട്ടികള്‍ അപകടത്തിന് തൊട്ടു മുമ്പ് എഴുന്നേറ്റതിനാല്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
തെങ്ങ് ഒടിഞ്ഞ് നാല് കഷണങ്ങളായി. അതിലൊരു കഷണം കുട്ടികള്‍ കിടന്നുറങ്ങിയ കട്ടിലില്‍ പതിച്ചു. തെങ്ങ് വീണതിന്റെ ആഘാതത്തില്‍ ഭിത്തികള്‍ പൊട്ടിപ്പിളര്‍ന്നു. സ്റ്റീല്‍ പൈപ്പ് ഉപയോഗിച്ച മേല്‍ക്കൂരയായതിനാല്‍ വീട് നിലം പൊത്തിയില്ല. സംഭവത്തെ തുടര്‍ന്ന് ഇടവ വില്ലേജ് അധികൃതര്‍ വീട് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."