തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ രാജിവച്ചു
തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ രാജിവച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ധാരണയനുസരിച്ചാണ് രാജി.
ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ രാജിക്കത്ത് സെക്രട്ടറിക്ക് കൈമാറി. സി.പി.ഐയിലെ അജിത വിജയന്‍ പുതിയ മേയറാകും. ഒരു വര്‍ഷത്തേക്കാണ് സി.പി.ഐയ്ക്ക് മേയര്‍ സ്ഥാനം. അവസാന വര്‍ഷം വീണ്ടും സി.പി.എം മേയര്‍ സ്ഥാനം ഏറ്റെടുക്കും. മേയര്‍ തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ ഡെപ്യൂട്ടി മേയര്‍ ബീന മുരളിക്കാണ് മേയറുടെ ചുമതല. അടുത്ത ഡിസംബര്‍ പകുതിയോടെ സി.പി.ഐയിലെ ഡെപ്യൂട്ടി മേയറും സി.പി.എമ്മിനുവേണ്ടി സ്ഥാനമൊഴിയും. 2015 നവംബര്‍ 18നാണ് അജിത ജയരാജന്‍ മേയറായി സ്ഥാനമേറ്റത്.
ഇന്നാണ് മൂന്നു വര്‍ഷ കാലാവധി പൂര്‍ത്തിയാകുന്നത്. ഇന്ന് ഞായറാഴ്ചയായതിനാലാണ് ഇന്നലെ തന്നെ രാജി നല്‍കിയതെന്നും അജിത പറഞ്ഞു. ജില്ലാ നഴ്‌സിങ് ഓഫിസറായി വിരമിച്ച ശേഷം ആദ്യമായാണ് തെരഞ്ഞെടുപ്പിന് നിന്നത്. സി.പി.എമ്മിന്റെ സ്ഥാനാര്‍ഥിയായി വിജയിക്കുക മാത്രമല്ല മേയറായി സ്ഥാനമേല്‍ക്കാനുമുള്ള ഭാഗ്യവും ലഭിച്ചു. 1582 പദ്ധതികളിലായി 202 കോടി രൂപയുടെ മരാമത്ത് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചുവെന്ന് അജിത ജയരാജന്‍ പറഞ്ഞു.അഞ്ചര കോടി രൂപ ചെലവു വരുന്ന വടക്കേ ബസ് സ്റ്റാന്‍ഡ് പുനരുദ്ധാരണത്തിന് സൗത്ത് ഇന്ത്യന്‍ ബാങ്കിനെ ചുമതലപ്പെടുത്തി. വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയും ഉടനെ പൂര്‍ത്തിയാക്കും. നഗരത്തില്‍ പുതുതായി 57 ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചുവെന്നും മേയര്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."