വടക്കാഞ്ചേരി നഗരസഭയില്‍ മാലിന്യ നിര്‍മാര്‍ജനം ജനങ്ങളുടെ മുതുകില്‍
വടക്കാഞ്ചേരി: 'സര്‍വ ശുദ്ധി' പ്രധാന മുദ്രാവാക്യമായ വടക്കാഞ്ചേരി നഗരസഭയില്‍ മാലിന്യ നിര്‍മാര്‍ജനം ജനകീയ ബാധ്യതയാക്കാന്‍ നഗരസഭ ഒരുങ്ങുന്നു. ഇനി മുതല്‍ മാലിന്യം നഗരസഭ ഏറ്റെടുക്കില്ലെന്നും, ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കാന്‍ നടപടി കൈകൊള്ളണമെന്നും ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് വിളിച്ച് കൂട്ടിയ യോഗത്തില്‍ വ്യാപാരികളോട് ആവശ്യപ്പെട്ടത് വലിയ പ്രതിഷേധത്തിന് വഴിവെച്ചു. നിര്‍ദേശം വ്യാപാരികള്‍ തള്ളുകയും ചെയ്തു.
മുന്‍ കാലങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യ നിര്‍മാര്‍ജനതിന് വിപുലമായ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നുവെന്നും, മുന്‍ പഞ്ചായത്ത് ഭരണസമിതി സൗജന്യമായാണ് ഈ പ്രവൃത്തി ഏറ്റെടുത്തിരുന്നതെന്നും വ്യാപാരികള്‍ യോഗത്തെ അറിയിച്ചു. നിലവില്‍ നഗരസഭ വ്യാപാരികളില്‍ നിന്ന് വന്‍തുക കൈപറ്റിയാണ് മാലിന്യശേഖരണം നടത്തുന്നത്. പ്രതിമാസം 1500 രൂപ വരെ നല്‍കുന്ന വ്യാപാരികള്‍ വരെയുണ്ട്. ഇവരെയൊക്കെ വെല്ലുവിളിച്ച് കൊണ്ട് പുതിയ തീരുമാനം അടിച്ചേല്‍പ്പിച്ചാല്‍ അംഗീകരിയ്ക്കില്ലെന്നും വ്യാപാരികള്‍ യോഗത്തില്‍ വ്യക്തമാക്കി. മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ മാലിന്യ സംസ്‌കരണ പ്ലാന്റിന് അനുവദിച്ച തുക ലാപ്‌സാക്കി കളഞ്ഞവര്‍ക്കെതിരേയാണ് നടപടി സ്വീകരിക്കേണ്ടതെന്നും വ്യാപാരികള്‍ പറയുന്നു. അതിനിടെ നഗരസഭയുടെ കുമ്പളങ്ങാടുള്ള മാലിന്യ നിക്ഷേപ കേന്ദ്രം പ്രദേശത്തെ ജനങ്ങള്‍ക്ക് സമ്മാനിക്കുന്നത് കൊടിയ ദുരിതമെന്ന ആരോപണവും ഉയര്‍ന്നു. വടക്കാഞ്ചേരി പട്ടണത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിയ്ക്കുന്ന മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിയ്ക്കാതെ ജനവാസ മേഖലയോട് തൊട്ടുള്ള മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ പ്ലാസ്റ്റിക് കവറുകളില്‍ നിറച്ച് കൂട്ടിയിട്ടിരിയ്ക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
രൂക്ഷമായ ദുര്‍ഗന്ധം മൂലം ജനങ്ങള്‍ക്ക് വീടുകളില്‍ കഴിയാനാകാത്ത സ്ഥിതിയാണ്. കാക്കയും, മറ്റ് പക്ഷികളുമൊക്കെ കൊത്തിവലിച്ച് കിണറുകളിലും ജലാശയങ്ങളിലും കൊണ്ടുവന്നിടുന്നത് മൂലം കുടിവെള്ളം പോലും മലിനമാകുന്ന സ്ഥിതിവിശേഷം നിലനില്‍ക്കുന്നു. ശാസ്ത്രീയമായി മാലിന്യ നിക്ഷേപം നടത്താതെ നഗരസഭ ജനങ്ങളെ വെല്ലുവിളിയ്ക്കുകയാണെന്ന പരാതിയും ശക്തമാണ്. ജനദ്രോഹ നടപടിക്കെതിരേ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് ജനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."