വിടവാങ്ങിയത് ബന്ധങ്ങളുടെ കഥ പറഞ്ഞ എഴുത്തുകാരന്‍
നീലേശ്വരം: മടിക്കൈ രാമചന്ദ്രന്റെ നിര്യാണത്തോടെ നഷ്ടമായത് ജീവിത ബന്ധങ്ങളുടെ കഥ പറഞ്ഞ എഴുത്തുകാരനെയാണ്. ജീവിത കാമനകളുടെ ലളിതാവിഷ്‌കാരത്തിലൂടെ വായനക്കാരുടെ ഇടയില്‍ സ്ഥാനം നേടിയ നോവലിസ്റ്റാണ് അദ്ദേഹം. 'ലതികാ മേനോന്റെ പതനം' എന്ന ചെറുകഥയിലൂടെയാണ് രാമചന്ദ്രന്‍ എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിച്ചത്. 'നക്ഷത്ര വിരുന്ന'്, 'കുങ്കുമപ്പാടം', 'രാവിന്റെ മാറില്‍', 'സ്ത്രീ പര്‍വം' തുടങ്ങി എട്ടോളം കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഗ്രാമ-നഗര സംഘര്‍ഷങ്ങളില്‍ ചോര്‍ന്നു പോകുന്ന മനുഷ്യബന്ധങ്ങളും നഷ്ടപ്പെടുന്ന ജൈവലോകവുമാണു രാമചന്ദ്രന്റെ കൃതികളുടെ ഉള്ളടക്കം.
കരുത്തിന്റെ മനുഷ്യരൂപങ്ങളായ സ്ത്രീകഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റെ കൃതികളില്‍ അധികവും.പ്രതിസന്ധി ഘട്ടങ്ങളില്‍ തളരാതെ മുന്നേറുന്ന സ്ത്രീപര്‍വത്തിലെ വസുന്ധര ടീച്ചര്‍ മലയാളനോവലില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലുണ്ടായ ശക്തമായ സാന്നിധ്യമാണ്. കെ.അജിതയുടെ പ്രതിരൂപമാണ് വസുന്ധര ടീച്ചര്‍.സാധാരണക്കാരനു പോലും വായിച്ചാസ്വദിക്കാന്‍ കഴിയുന്ന കൃതികളാണ് രാമചന്ദ്രന്റേത്.
സ്വന്തം നാട്ടില്‍ നിന്നു തന്നെയാണ് അദ്ദേഹം കഥാപാത്രങ്ങളെ കണ്ടെത്തിയത്.കോളജ് പഠനകാലത്തു തന്നെ എഴുത്തു തുടങ്ങിയ ഇദ്ദേഹത്തിന് ഒ.വി വിജയന്‍ പുരസ്‌കാരം, തിക്കുറിശി നോവല്‍ അവാര്‍ഡ്,തുളുനാട് നോവല്‍ സമ്മാനം എന്നിവയും ലഭിച്ചു. പടിഞ്ഞാറ്റംകൊഴുവല്‍ നവജ്യോതി ക്ലബ് സെക്രട്ടറി, സി.പി.എം അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
ഗ്രാമ ജീവിതത്തിന്റെ ഉള്ളടരുകളില്‍ തിണര്‍ത്തു നില്‍ക്കുന്ന പ്രണയത്തിന്റെയും സങ്കീര്‍ണജീവിത ബന്ധങ്ങളുടേയും കഥകള്‍ ബാക്കിയാക്കിയാണ് രാമചന്ദ്രന്‍ യാത്രയായത്. ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ അദ്ദേഹത്തിനു അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
എം. രാജഗോപാലന്‍ എം.എല്‍.എ, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍, ഉപാധ്യക്ഷ വി. ഗൗരി, കൗണ്‍സലര്‍മാര്‍, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍ ,ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി പി. അപ്പുക്കുട്ടന്‍, സാഹിത്യകാരന്മാരായ ഇ.പി രാജഗോപാല്‍, പി.വി.കെ പനയാല്‍, അംബികാസുതന്‍ മാങ്ങാട് തുടങ്ങിയവരും അന്തിമോപചാരം അര്‍പ്പിച്ചു.
മടിക്കൈ രാമചന്ദ്രന്റെ വിയോഗത്തില്‍ യുവകലാസാഹിതി ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."