ആര്‍.ബി.ഐയുടെ നിര്‍ണായക യോഗം ഇന്ന്; ഉര്‍ജിത് പട്ടേല്‍ രാജിവച്ചേക്കും
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരുമായി കടുത്ത വിയോജിപ്പ് നിലനില്‍ക്കവേ റിസര്‍വ് ബാങ്കിന്റെ നിര്‍ണായക ഡയരക്ടര്‍ ബോര്‍ഡ് യോഗം ഇന്ന്. ധനകാര്യ മന്ത്രാലയ പ്രതിനിധികള്‍, ഡയരക്ടര്‍ ബോര്‍ഡിലെ സ്വതന്ത്ര പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ സംബന്ധിക്കും. അതേസമയം, സര്‍ക്കാരുമായുള്ള വിയോജിപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്നത്തെ ബോര്‍ഡ് യോഗത്തിനു ശേഷം ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവച്ചേക്കുമെന്ന് സൂചനയുണ്ട്. നേരത്തെ തന്നെ ഇത്തരമൊരു അഭ്യൂഹമുണ്ടായിരുന്നു.
കരുതല്‍ ധനശേഖരത്തില്‍നിന്ന് പണം ആവശ്യപ്പെട്ടതിന്റെ പേരില്‍ ആര്‍.ബി.ഐയും കേന്ദ്ര ധനകാര്യ മന്ത്രാലയവും തമ്മിലുള്ള തര്‍ക്കം രൂക്ഷമാണ്. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആര്‍.ബി.ഐ ഗവര്‍ണര്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ചെറുകിട-ഇടത്തരം സംരംഭകര്‍ക്കു നല്‍കുന്ന വായ്പാ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയമാണ് ആര്‍.ബി.ഐയും കേന്ദ്ര സര്‍ക്കാരും തമ്മില്‍ തര്‍ക്കം രൂക്ഷമാകാന്‍ കാരണമായത്. വായ്പ നല്‍കുന്നതില്‍നിന്ന് അലഹബാദ് ബാങ്ക്, യു.ബി.ഐ, കോര്‍പറേഷന്‍ ബാങ്ക്, ഐ.ഡി.ബി.ഐ, യുകോ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ്, ദേന ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നീ 11 ബാങ്കുകളെ ആര്‍.ബി.ഐ തടഞ്ഞിരുന്നു. ഇതാണ് കേന്ദ്ര സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്.
വായ്പാ തടസം നീക്കുന്നതിന് ആര്‍.ബി.ഐക്കുമേല്‍ സര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദമുണ്ട്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ആര്‍.ബി.ഐയുടെ കരുതല്‍ ധനത്തില്‍നിന്ന് 3.6 ലക്ഷം കോടി രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു. മന്ദീഭവിച്ച സാമ്പത്തിക രംഗം പുനരുജ്ജീവിപ്പിക്കുന്നതിനു വേണ്ടിയാണിതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. ഇതും സര്‍ക്കാരുമായുള്ള തര്‍ക്കത്തിനു കാരണമായി.
ഇന്നു നടക്കുന്ന യോഗത്തില്‍ ഉര്‍ജിത് പട്ടേല്‍, ആര്‍.ബി.ഐയിലെ മുഴുവന്‍ സമയ അംഗങ്ങളായ നാലുപേര്‍, കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത ധനകാര്യ മന്ത്രാലയത്തിലെ സാമ്പത്തികകാര്യ സെക്രട്ടറി, ധനകാര്യ സേവന വിഭാഗം സെക്രട്ടറി അടക്കം 13 അംഗങ്ങളാണ് പങ്കെടുക്കുന്നത്. യോഗത്തില്‍ സര്‍ക്കാരുമായുള്ള തര്‍ക്കം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുമെന്നാണ് വിവരം.
ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് നല്‍കുന്ന വായ്പാ പദ്ധതിയുമായി ബന്ധപ്പെട്ട തര്‍ക്കം മുഖ്യവിഷയമാകുമെന്നും പറയപ്പെടുന്നു. ബാങ്കിനുമേല്‍ മേല്‍നോട്ടം കിട്ടുന്നതിനായി പുതിയ ചട്ടങ്ങള്‍ രൂപപ്പെടുത്തണമെന്ന ധനകാര്യ മന്ത്രാലയത്തിന്റെ ആവശ്യം സര്‍ക്കാര്‍ പ്രതിനിധികള്‍ മുന്നോട്ടുവച്ചേക്കുമെന്നാണ് വിവരം.
സാമ്പത്തിക സ്ഥിരത, ധന നയം, വിദേശ നാണയ വിനിമയ നിയന്ത്രണം എന്നിവയുടെ കാര്യത്തില്‍ മേല്‍നോട്ട ചുമതല സര്‍ക്കാരിനു ലഭിക്കുന്ന വിധത്തില്‍ ചട്ടം ഭേദഗതി ചെയ്യണമെന്നാണ് ധനകാര്യ മന്ത്രാലയം താല്‍പര്യപ്പെടുന്നത്. എന്നാല്‍ മേല്‍നോട്ട സമിതി വേണമെന്ന സര്‍ക്കാര്‍ ആവശ്യം ആര്‍.ബി.ഐയുമായുള്ള തര്‍ക്കം വീണ്ടും രൂക്ഷമാക്കിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."