എങ്ങുമെത്താത്ത വാഗ്ദാനം: കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്‍ വികസനം ഇഴയുന്നു
കഴക്കൂട്ടം: മാസങ്ങള്‍ പിന്നിട്ടിട്ടും കേന്ദ്രം സംസ്ഥാന മന്ത്രിക്ക് ഉറപ്പ് നല്‍കിയ കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷന്റെ വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടക്കമായില്ല. ദീര്‍ഘദൂര ഇന്റര്‍ സ്റ്റേറ്റ് തീവണ്ടികള്‍ വരുകയും പുറപ്പെടുകയും ചെയ്യുന്ന റെയില്‍വേ സ്റ്റേഷന്റെ അടുത്ത ഘട്ട വികസനപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ജൂണില്‍ തുടക്കമാകുമെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ മന്ത്രി ജി.സുധാകരനെ അറിയിച്ചെങ്കിലും വാഗ്ദാനം ഇപ്പോഴും എങ്ങുമെത്താത്ത അവസ്ഥയാണ്. നിലവില്‍ ഇവിടെ നിന്നും പുതിയ രണ്ട് തീവണ്ടികള്‍ തുടങ്ങിയെന്നതെന്ന് ഒഴിച്ചാല്‍ മറ്റൊരു വികസനവും എത്തിയിട്ടില്ല. ദിവസവും ആയിരക്കണക്കിന് യാത്രക്കാരാണ് ഈ സ്റ്റേഷനില്‍ വന്നിറങ്ങുന്നതും ഇവിടെ നിന്നും പുറപ്പെടുന്നതും. ഇവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഏറെ പരിമിതമാണ്. സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്ന പ്രഖ്യാപനമാണ് യാതൊരു നടപടികളുമാകാതെ തുടരുന്നത്. നാലു പ്ലാറ്റ്‌ഫോമുകള്‍ക്കായുള്ള പാളങ്ങളും അറ്റകുറ്റപ്പണി കഴിഞ്ഞ ട്രെയിനുകള്‍ നിര്‍ത്തിയിടാനുള്ള മൂന്ന് സ്റ്റേബ്ലിങ് ലൈനുകള്‍ സ്ഥാപിക്കുമെന്നും രണ്ട് പുതിയ പ്ലാറ്റ്‌ഫോമുകളും ആധുനിക സിഗ്‌നല്‍ സംവിധാനവും നടപ്പിലാക്കുമെന്നുമാണ് കേന്ദ്ര മന്ത്രി സംസ്ഥാന മന്ത്രിക്ക് ഉറപ്പ് നല്‍കിയിരുന്നത്. പുതിയതായി ഇടുമെന്ന് പറഞ്ഞ രണ്ട് ലൈനുകള്‍ക്ക് അപൂര്‍ണമായ ഫ്‌ലാറ്റ് ഫോം നിലവിലുണ്ട്. അത് നന്നാക്കി ഇരു വശവും പാളങ്ങള്‍ നിര്‍മിച്ചാല്‍ കൂടുതല്‍ തീവണ്ടികള്‍ക് ഇവിടെ വന്ന് ചേരാനും സൗകര്യമാകും. ഇപ്പോള്‍ കൂടുതല്‍ പാളങ്ങള്‍ ഇടാന്‍ സ്ഥലം ഏറ്റെടുക്കേണ്ട ആവശമില്ല. നിലവിലുള്ള സ്ഥലത്ത് രണ്ടോ മൂന്നോ പാളങ്ങള്‍ നിര്‍മിച്ചാല്‍ ഇവിടെ യാത്ര അവസാനിപ്പിക്കുന്ന വണ്ടികല്‍ക്കൊക്കെ ഇവിടെ തന്നെ അറ്റകുറ്റപണികളും പരിപാലനവും നടത്താനാകും. ഇപ്പോള്‍ പാളങ്ങള്‍ തികയാത്തതിനാല്‍ ഒരു വണ്ടിയെ പരവൂരിലും ഒന്നിനെ കടയ്കാവൂരിലെയ്ക്കും ഒന്നിനെ കഴക്കൂട്ടം സ്റ്റെഷനുകളിലും ഒതുക്കി ഇടുകയാണ് ചെയ്യ്തു വരുന്നത്. ടെയിനുകളുടെ പരിപാലനത്തിനും യാത്ര തുടങ്ങുവാനുമായി വീണ്ടും കൊച്ചു വേളിയിലേയ്ക്ക് തിരികെ കൊണ്ട് വരും. അടച്ചു പൂട്ടി കിലോമീറ്റര്‍ നീളുന്ന ഈ പാഴ്ചിലവ് റെയില്‍വേക്ക് ഏറെ ബാധ്യതയാണ് വന്നടിയുന്നത്. ഇങ്ങനെ വണ്ടി പതിവായി കാലിയായി ഓടുമ്പോള്‍ വഴിയിലെ ലെവല്‍ ക്രോസുകള്‍ അടച്ചിടുകയും അത് കാരണം മണിക്കൂറുകളോളം അതിന്റെ ബുദ്ധിമുട്ട് റോഡ് യാത്രക്കുന്ന അവസ്ഥയാണ്. ഇങ്ങനെ ഓടുമ്പോള്‍ യാത്രക്കാരുള്ള വണ്ടികള്‍ക്കും കടന്നു പോകുന്നതിനും കാല താമസം സംഭവിക്കുന്നുണ്ട്. ആയിരകണക്കിന് യാത്രക്കാരാണ് ഇത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവിച്ച് വരുന്നത്. കൊച്ചു വേളി സ്റ്റേഷന്‍ പരിധിയില്‍ നിലവിലുള്ള സ്ഥലത്ത് രണ്ടോ മൂന്നോ പാളങ്ങള്‍ കൂടി പണിതാല്‍ ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരമാകും.
29 ജോഡി എക്‌സ്പ്രസ് വണ്ടികളും ഒരു ജോഡി പാസഞ്ചര്‍ വണ്ടിയും ഇവിടെ യാത്ര അവസാനിപ്പിച്ച് ഇവിടെ നിന്ന് പുറപ്പെടുന്നവയാണ്. വേറെ മൂന്ന് പാസഞ്ചര്‍ വണ്ടികള്‍ക്ക് ഇവിടെ സ്റ്റോപ്പുണ്ട്. കൊച്ചുവേളി-ബാനസവാടി ഹംസഫര്‍ എക്‌സ്പ്രസ് സ്‌പെഷല്‍ ട്രെയിന്‍,കൊച്ചുവേളി- മംഗളൂരു അന്ത്യോദയ എക്‌സ്പ്രസ് എന്നീ തീവണ്ടികളുടെ വരവോടു കൂടി കൊച്ചു വേളിയില്‍ നിന്ന് യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. ടെക്‌നോപാര്‍ക്ക്,ഇന്‍ഫോസിസ്,വി.എസ്.എസ്.സി എന്നിവടങ്ങളിലെ ആയിരക്കണക്ക് ജീവനക്കാരനാണ് വിവിധ സ്ഥലങ്ങളിലേയ്ക്ക് പോകുന്നതിനായി കൊച്ചു വേളി റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നത്. ത്രീ ടയര്‍ എ.സി കോച്ച്, ആധുനിക സൗകര്യങ്ങള്‍, സുരക്ഷാ സൗകര്യങ്ങളായ 'ഫയര്‍ ഡിറ്റക്ഷന്‍ സിസ്റ്റം' സി.സി.ടി.വി കാമറ,ജി.പി.എസ് ബേസ്ഡ് ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്‌ളെ ബോര്‍ഡ്,സുഖപ്രദമായ സീറ്റുകള്‍ എന്നീ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയാണ് കൊച്ചുവേളി-ബാനസവാടി ഹംസഫര്‍ എക്‌സ്പ്രസ് കൊച്ചു വേളിയില്‍ നിന്നും യാത്ര ആരംഭിക്കുന്നത്. രാത്രിയും പകലും ഒരേ രീതിയിലുള്ള തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."