HOME
DETAILS

മദ്യവും കുറ്റകൃത്യങ്ങളും

  
backup
June 24 2017 | 19:06 PM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b5%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%95%e0%b5%83%e0%b4%a4%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81

കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് മദ്യലഹരിയിലാണെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ കൊലപാതകങ്ങളില്‍ 84 ശതമാനവും കൈയേറ്റങ്ങളില്‍ 70 ശതമാനവും ഭവനഭേദനങ്ങളില്‍ 70 ശതമാനവും മോഷണങ്ങളില്‍ 65 ശതമാനവും ബലാത്സംഗങ്ങളില്‍ 65 ശതമാനവും മദ്യപാനവുമായി ബന്ധപ്പെട്ടുകിടക്കുന്നു. വര്‍ഷംതോറും ഇതിന്റെ തോത് രണ്ടുശതമാനംകണ്ടു വര്‍ധിക്കുകയും ചെയ്യുന്നു. 

നാഷനല്‍ ക്രൈംബ്യൂറോയുടെ 2006 ലെ കണക്കുപ്രകാരം കേരളത്തില്‍ മദ്യപാനവുമായി ബന്ധപ്പെട്ട് 1,59,431 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മദ്യപാനംമൂലമുള്ള കുറ്റകൃത്യങ്ങളുടെ ഇന്ത്യന്‍ ശരാശരി 175.6 മാത്രമാകുമ്പോള്‍ മറ്റു സംസ്ഥാനങ്ങളെ പിന്തള്ളി കേരളത്തിലിതു 306.5 ആണ്. കഴിഞ്ഞ കുറച്ചുവര്‍ഷമായി സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങളിലും നാലുമടങ്ങ് വളര്‍ച്ച (22.7 ശതമാനം) ഉണ്ടായിട്ടുണ്ട്. കേരളത്തിലെ 61 ശതമാനം കുടുംബങ്ങളിലും സ്ത്രീകള്‍ക്കെതിരേ അതിക്രമങ്ങള്‍ നടക്കുന്നു. കേരളത്തിലെ 80 ശതമാനം വിവാഹമോചനങ്ങളും മദ്യവുമായി ബന്ധപ്പെട്ടാണു സംഭവിക്കുന്നത്.

 

 

മദ്യപാനവും വാഹനാപകടങ്ങളും


കേരളത്തിലെ റോഡപകടങ്ങളുടെ പ്രധാനകാരണങ്ങളിലൊന്ന് മദ്യപിച്ചുള്ള ഡ്രൈവിങ്ങാണെന്നു പൊലിസ് രേഖകള്‍ പറയുന്നു. റോഡപകടങ്ങളില്‍ ഇന്ത്യയില്‍ രണ്ടാംസ്ഥാനത്താണു കേരളം. രാജ്യത്തെ ജനസംഖ്യയുടെ 3.1 ശതമാനംമാത്രം വരുന്ന കേരളത്തിലാണു മൊത്തം റോഡപകടങ്ങളുടെ 12 ശതമാനവും നടക്കുന്നത്. കേരളത്തിലെ റോഡപകടങ്ങളില്‍ 40 ശതമാനവും ഡ്രൈവറുടെ മദ്യപാനം മൂലമാണ്. ദേശീയപാതയില്‍ ഇത് 72 ശതമാനമാണ്.
അപകടങ്ങള്‍ കൂടുതലുണ്ടാകുന്നത് ആഴ്ചയുടെ അവസാനങ്ങളിലും വൈകിട്ടു മൂന്നിനും ഏഴിനും ഇടയ്ക്കുമാണ്. മദ്യവില്‍പ്പനഷാപ്പുകള്‍ക്ക് അവധിയുള്ള ദിവസങ്ങളില്‍ അപകടം കുറയുന്നു. മദ്യപിച്ചു വാഹനമോടിച്ച് ഇന്ത്യയില്‍ ദിവസവും 270 പേര്‍ മരിക്കുന്നു, 5000 പേര്‍ക്കു ഗുരതരമായി പരുക്കേല്‍ക്കുന്നു. മദ്യപിച്ചവരില്‍ അമിതവേഗത്തില്‍ വാഹനമോടിക്കാനുള്ള പ്രവണത കൂടും. മദ്യപാനി വാഹനമെടുത്തിറങ്ങുമ്പോള്‍ അപായത്തിലാകുന്നത് അയാളുടെ ജീവന്‍ മാത്രമല്ല, അനേകം നിരപരാധികളുടെ ജീവന്‍കൂടിയാണ്.

 

 

മദ്യപാനവും മാനസികരോഗങ്ങളും ആത്മഹത്യയും


മദ്യപാനം മൂലം കേരളത്തില്‍ 17.6 ശതമാനംപേര്‍ മനോരോഗികളായി മാറി. ആത്മഹത്യകളും കൂട്ട ആത്മഹത്യകളും വാര്‍ത്തയല്ലാതായിക്കഴിഞ്ഞ കേരളത്തില്‍ വര്‍ധിച്ചുവരുന്ന മദ്യഉപഭോഗവും ആത്മഹത്യകളും തമ്മിലുള്ള ബന്ധം സുവ്യക്തമാണ്.
ആത്മഹത്യാപ്രവണത ഏറ്റവും കൂടുതല്‍ 21-40 വയസുകാരിലാണ്. ഈ പ്രായക്കാരില്‍തന്നെയാണ് ഏറ്റവും കൂടുതല്‍ മദ്യപാനികളും. കേരളത്തിലെ ആത്മഹത്യകളില്‍ 50 ശതമാനവും മദ്യപാനംമൂലമാണെന്നു സ്റ്റേറ്റ് ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. മദ്യപാനം എടുത്തുചാട്ടം, ആക്രമണസ്വഭാവം എന്നിവയുണ്ടാക്കും.
മദ്യപാനിയെ ആത്മഹത്യയിലേയ്ക്കു നയിക്കുന്ന കാരണങ്ങള്‍ വിഷാദരോഗം, സാമ്പത്തികനഷ്ടം, ആത്മാഭിമാനക്കുറവ്, ഒറ്റപ്പെടല്‍, മദ്യം നിര്‍ത്താനാവായ്ക എന്നിവയാണ്. പുരുഷന്മാരില്‍ ആത്മഹത്യയുടെ പ്രധാനകാരണം മദ്യപാനമാണെങ്കില്‍ 30 ശതമാനം സ്ത്രീകളുടെ ആത്മഹത്യയിലും പ്രധാനപങ്ക് ഭര്‍ത്താവിന്റെ മദ്യപാനം തന്നെയാണ്.
ഇതിനൊക്കെ പുറമേയാണു വ്യാജമദ്യദുരന്തങ്ങള്‍. 25 വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തില്‍ മാത്രം 19 വ്യാജമദ്യദുരന്തങ്ങളാണുണ്ടായത്. അതില്‍ 237 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു, ആയിരക്കണക്കിനാളുകള്‍ക്ക് അംഗവൈകല്യം സംഭവിച്ചു. അവസാനമായി 2010 ല്‍ ഉണ്ടായ കുറ്റിപ്പുറം ദുരന്തത്തില്‍ 17 പേര്‍ മരിച്ചു.

 


മദ്യം... മലയാളി സ്റ്റൈല്‍


ന്യൂജനറേഷന്‍ ചലച്ചിത്രങ്ങളിലെ നായികാനായകന്മാരാണ് ഇന്നത്തെ ഏറ്റവും വലിയ മാതൃകാ മദ്യഉപഭോക്താക്കള്‍. മദ്യാസക്തി ജീവിതനൈരാശ്യത്തിന്റെ അളവുകോലായി കണ്ടിരുന്ന കാലം മാറി. ജീവിതത്തിലെ ഏതവസ്ഥയ്ക്കും മദ്യത്തെ കൂട്ടുപിടിക്കുന്ന അവസ്ഥയിലേയ്ക്കു കാര്യങ്ങളെത്തി.
ഓണം, വിഷു, ക്രിസ്മസ്, ദീപാവലി, പുതുവര്‍ഷം, പ്രമോഷന്‍, കല്യാണം, ജന്മദിനം, പിറവി, എന്തിന് മരണംപോലും മദ്യത്തിന്റെ ലഹരിയില്‍ ആസ്വദിക്കുന്ന അവസ്ഥയിലേയ്ക്കു മലയാളി മാറിയിരിക്കുന്നു. ജോലി കഴിഞ്ഞാല്‍ രണ്ടു പെഗ് എന്നതു ഭൂരിപക്ഷം മലയാളികളും ശൈലിയാക്കി മാറ്റിയെന്നു ബിവറേജിലെ തിരക്കു കാണുമ്പോള്‍ ബോധ്യമാകും. രണ്ടു സുഹൃത്തുക്കള്‍ക്ക് മുഖാമുഖം സംസാരിക്കാന്‍ ടേബിളില്‍ മദ്യം വേണമെന്ന സ്ഥിതി വന്നിരിക്കുന്നു.
മലയാളിയുടെ മദ്യപാനത്തിനുമുണ്ട് സവിശേഷത. ബഹുഭൂരിപക്ഷത്തിനും അതു ശീഘ്രസ്ഖലനംപോലെയാണ്. എത്രയും പെട്ടെന്നു തീര്‍ക്കണമെന്നു തിടുക്കമുള്ളപോലെ പെട്ടെന്നു വലിച്ചുകുടിച്ചു ഗ്ലാസ് കാലിയാക്കും. ഇങ്ങനെ കുടിക്കുന്നതുകൊണ്ടാണ് അളവുവല്ലാതെ കൂടുന്നത്. ഇത്രയധികം മദ്യം ഒറ്റയടിക്കു ചെന്നു തലച്ചോറിനെ ആക്രമിക്കുന്നതുകൊണ്ടു തലയ്ക്ക് അടികിട്ടിയ പരുവത്തിലാകുകയും ബോധം പോകുകയും ചെയ്യും.
മലയാളിസമൂഹത്തിലെ നല്ലൊരു പങ്കും മദ്യപാനത്തെ സാമൂഹികാംഗീകാരമുള്ളതാക്കി മാറ്റിയിട്ടുണ്ട്. അതങ്ങനെതന്നെയെന്നു ന്യായീകരിക്കുന്ന ആരാധനാബിംബങ്ങള്‍ ജനപ്രിയമാധ്യമങ്ങളിലൂടെ സൃഷ്ടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അധ്വാനിക്കുന്ന ജനവിഭാഗത്തിനു മദ്യപാനശീലത്തെ ന്യായീകരിക്കുവാന്‍ വേണ്ടതൊക്കെ സമൂഹം നല്‍കുന്നുണ്ട്. കടലില്‍പോയി കഠിനമായി പണിയെടുക്കുന്നവനു ശരീരത്തിന് അയവുവരാന്‍ 'നല്ലോണം മദ്യം മോന്തണ്ടേ'യെന്നാണു നാട്ടിലെ അംഗീകൃതവര്‍ത്തമാനം.
മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന സാംസ്‌കാരികാവസ്ഥയും കേരളത്തിലുണ്ടായിട്ടുണ്ട്. മദ്യവല്‍ക്കരിക്കപ്പെട്ട മലയാളിസമൂഹത്തില്‍ നേട്ടങ്ങളുണ്ടായാല്‍ ആനന്ദിക്കാന്‍ മദ്യസല്‍ക്കാരം വേണം. കോട്ടങ്ങളുടെ സങ്കടം തീര്‍ക്കാനും മദ്യം വേണം. എന്തിനുമേതിനും മദ്യവിരുന്നു നിര്‍ബന്ധം. നെഞ്ചുവിരിച്ച് അഭിമാനത്തോടെയും അച്ചടക്കത്തോടെയും ക്യൂവില്‍ കാത്തുനിന്നു മലയാളി മദ്യം വാങ്ങുകയാണ്. ഉത്സവങ്ങള്‍ക്കിടയിലും ഹര്‍ത്താല്‍തലേന്നും ഈ ക്യൂ വിശേഷാല്‍ വളരും, പെരുമ്പാമ്പുപോലെ നീളും.

 


മലയാളി - മദ്യപാനത്തിന്റെ ആരംഭം


1986 ല്‍ മദ്യപാനപ്രായം 19 വയസായിരുന്നെങ്കില്‍ 1990 ല്‍ 17 വയസായും 2000 ല്‍ 14 വയസായും 2002 ല്‍ 13 വയസായും ചുരുങ്ങി. ഇന്നതു 12 ലെത്തി. അതായത് ഹൈസ്‌കൂള്‍തലം മുതല്‍ വിദ്യാര്‍ഥികള്‍ ഈ ശീലത്തിലേയ്ക്കു ചുവടുവയ്ക്കുന്നു.

 

 

മദ്യപാനം സ്ത്രീകളില്‍


കേരളത്തില്‍ 3 മുതല്‍ 5 ശതമാനംവരെ സത്രീകള്‍ ലഹരി ശീലക്കാരാണ്. 10 വര്‍ഷത്തിനിടയില്‍ നാലിരട്ടി വര്‍ധനവാണുണ്ടായത്. സ്വകാര്യത ഉറപ്പാക്കിക്കൊണ്ടാണു സ്ത്രീകളുടെ മദ്യപാനം. കുറച്ചുപേര്‍ പ്രമുഖ ക്ലബ്ബുകളില്‍ മദ്യപിക്കുന്നവരാണ്. കോളജ് വിദ്യാര്‍ഥികള്‍, പ്രൊഫഷണലുകള്‍, വീട്ടമ്മമാര്‍ ഒക്കെ മദ്യപാനികളുടെ വിഭാഗത്തിലുണ്ട്. ഹോസ്റ്റലുകളില്‍ താമസിക്കുന്ന കുട്ടികളും വാടകവീട്ടില്‍ ഒരുമിച്ചു താമസിക്കുന്ന ഉദ്യോഗസ്ഥകളും കൂട്ടായ മദ്യപാനപാതയിലാണ്.
മദ്യാസക്തി എങ്ങനെ തടയാം
കൗമാരപ്രായത്തിലേയ്ക്കു ചുവടുവയ്ക്കുമ്പോള്‍തന്നെ മക്കളെ നിയന്ത്രിക്കാന്‍ രക്ഷിതാക്കള്‍ക്കു കഴിയാത്തതു പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നു. ആധുനിക തൊഴില്‍സാഹചര്യങ്ങള്‍ അതിന് ആക്കംകൂട്ടുന്നു. തൊഴില്‍ സമ്മര്‍ദം, പരീക്ഷാപേടി, വീട്ടിലെ സാഹചര്യം തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ മദ്യപാനശീലത്തിന് ആക്കം കൂട്ടുന്നു. ലഹരിയുടെ തോതു വര്‍ധിച്ചു നിയന്ത്രണാതീതമാകുന്നതു രാഷ്ട്രക്ഷേമത്തിനോ സമഗ്രപുരോഗതിക്കോ സഹായകമല്ല.
ഉപദേശങ്ങള്‍ക്കും ബോധവല്‍ക്കരണങ്ങള്‍ക്കുമപ്പുറം രാഷ്ട്രീയ ഇച്ഛാശക്തിയാണ് അനിവാര്യം. അതിന് എല്ലാ രാഷ്ട്രീയക്കാരും തയാറാകണം. അതിന് അമാന്തിക്കുന്തോറും കൊടുക്കേണ്ടിവരുന്ന വില വലുതായിരിക്കും.
മദ്യാസക്തിയുടെ അങ്ങേത്തലയ്ക്കലെത്തിയ ആളെ ഉദ്ധരിക്കുക ദുഷ്‌കരമായ യജ്ഞമാണ്. കുടുംബങ്ങള്‍ വകതിരിവോടെയും ക്ഷമയോടെയും പ്രയത്‌നിച്ചാലും ഡോക്ടര്‍മാരുടെ നീണ്ടുനില്‍ക്കുന്ന വൈദ്യ-മനോരോഗ ചികിത്സ ലഭ്യമാക്കിയാലും വളരെ ചെറിയ വിഭാഗത്തെ മാത്രമേ രക്ഷപ്പെടുത്താന്‍ സാധിക്കൂ. സമൂഹത്തിലെ മുന്‍നിരക്കാരും ധനികരുടെ ക്ലബുകളും സിനിമയും മദ്യത്തിനു നല്‍കിയ മാന്യതയുടെ പരിവേഷം അഴിച്ചുകളയുംവിധം പുതുതലമുറയെ ബോധവല്‍ക്കരിക്കേണ്ടതുണ്ട്. സ്‌കൂള്‍തലത്തില്‍ പ്രത്യേക പാഠ്യവിഷയംതന്നെ ഇക്കാര്യത്തില്‍ വേണം. മദ്യപാനത്തിന്റെ ഭീകരത നേരില്‍ മനസിലാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഇത്തരം ആശുപത്രി സന്ദര്‍ശനങ്ങള്‍ സഘടിപ്പിക്കണം.
മദ്യത്തിന്റെ സുഗമമായ ലഭ്യത കുറച്ചുകൊണ്ടുവരുന്നതിനുള്ള ഫലപ്രദമായ നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതു സ്വാഗതാര്‍ഹമാണ്. കൗമാരപ്രായക്കാര്‍ കുടി തുടങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത് അനായാസലഭ്യതയാണ്. ആത്മാര്‍ത്ഥതയുള്ള ഭരണകൂടത്തിനു നിലവിലുള്ള നിയമങ്ങളും വകുപ്പുകളും ഉപയോഗിച്ചുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ പരിവര്‍ത്തനങ്ങള്‍ വരുത്തുവാന്‍ സാധിക്കും.
17 ലക്ഷം മദ്യാസക്തരെ സൃഷ്ടിച്ചു കഴിഞ്ഞിരിക്കെ പെട്ടെന്നൊരു സമ്പൂര്‍ണമദ്യനിരോധനം വ്യാപകമായ വ്യാജമദ്യ നിര്‍മാണത്തിലും കള്ളകടത്തിലും അവസാനിക്കുമെന്നു വ്യക്തമാണ്. പക്ഷേ, ബോധല്‍ക്കരണത്തിലൂടെ ജനങ്ങള്‍ക്കു പ്രതിരോധശക്തി നല്‍കുകയും മദ്യത്തിന്റെ ലഭ്യത അനുക്രമം കുറച്ചുകൊണ്ടുവരികയും നിയമങ്ങള്‍ ആത്മാര്‍ത്ഥതയോടെ നടപ്പിലാക്കുകയും ചെയ്‌തെങ്കിലേ അതിഭീകരമായ സാമൂഹ്യദുരന്തത്തില്‍നിന്നു വര്‍ഷങ്ങള്‍ കൊണ്ടെങ്കിലും കേരളത്തെ രക്ഷിക്കാനാകൂ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 days ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 days ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 days ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 days ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 days ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 days ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 days ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 days ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 days ago