ജലസേചന വകുപ്പിന്റെ അനാസ്ഥ: നെല്‍കര്‍ഷകര്‍ ദുരിതത്തില്‍
കല്‍പ്പറ്റ: വയനാടിന്റെ നെല്ലറയെന്ന് വിശേഷിപ്പിക്കുന്ന ചേകാടിയിലെ നെല്‍കര്‍ഷകര്‍ ജലസേചന സൗകര്യങ്ങളില്ലാതെ ദുരിതത്തിലായിട്ടും ചെറുകിട ജലസേചന വകുപ്പ് അനാസ്ഥ തുടരുന്നതായി ചേകാടിയിലെ കര്‍ഷകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രണ്ടുകോടി രൂപയോളം ചെലവഴിച്ച് പ്രവൃത്തി പൂര്‍ത്തീകരിച്ച പമ്പ് ഹൗസ് നിസാര കാര്യങ്ങളുടെ പേരില്‍ വൈദ്യുതി കണക്ഷനെടുക്കാത്തതിനാല്‍ നശിക്കുകയാണ്.
2011-12 വര്‍ഷത്തില്‍ ഒരുകോടി 60 ലക്ഷം രൂപ എസ്റ്റിമേറ്റില്‍ പ്രവൃത്തികള്‍ ആരംഭിച്ചതും 2014ല്‍ കമ്മിഷന്‍ ചെയ്യുമെന്നറിയിക്കുകയും ചെയ്ത പദ്ധതിയാണ് നിസാര കാര്യങ്ങളുടെ പേരില്‍ മുടങ്ങി കിടക്കുന്നത്. 2017-ലെ വരള്‍ച്ചയില്‍ ചേകാടിയിലെ പാടശേഖര സമിതിക്കാര്‍ വകുപ്പിന്റെ ഓഫിസില്‍ നടത്തിയ സമരത്തെ തുടര്‍ന്ന് കലക്ടര്‍ എസ്. സുഹാസ്, ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, വിജയന്‍ ചെറുകര എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പദ്ധതി 2017 ഡിസംബറില്‍ കമ്മിഷന്‍ ചെയ്യുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍ ഈ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്ന് 2018 മെയില്‍ ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയില്‍ കേസ് വരികയും തുടര്‍ന്ന് ഉടന്‍ തീരുമാനമാകുമെന്ന് പറഞ്ഞ പദ്ധതിയാണ് ഇപ്പോഴും ഇഴയുന്നത്. രണ്ടുകൊല്ലം മുന്‍പ് സ്ഥാപിച്ച 50 എച്ച്.പിയുടെ മൂന്ന് മോട്ടോറുകളാണ് ഇപ്പോള്‍ ഉപയോഗിക്കാതെ തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുന്നത്.
ഈ വര്‍ഷം ഡിസംബറിനുള്ളില്‍ പദ്ധതിയുടെ ബാക്കി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നിട്ടിറങ്ങുമെന്നും കര്‍ഷകര്‍ അറിയിച്ചു. പച്ചക്കറി കൃഷിയടക്കം വയനാടിന് മാതൃകയായി മാറിയ ചേകാടിയിലെ കര്‍ഷകര്‍ക്ക് അടിയന്തിരമായി ജലസേചന സൗകര്യമൊരുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്തംഗം പ്രേമവല്ലി കവിക്കല്‍, മനോജ് വീരാടി, കെ.എന്‍ അജയന്‍, രാജേഷ് കവിക്കല്‍, കെ.ആര്‍ ദിനേശ്, കെ സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."