പുതുശേരിക്കടവിലെ അനധികൃത ഇഷ്ടിക കളങ്ങള്‍; നടപടി വൈകുന്നു
പുതുശേരിക്കടവ്: പടിഞ്ഞാറത്തറ പഞ്ചായത്തിലെ പുതുശേരിക്കടവ് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന അനധികൃത ഇഷ്ടികകളങ്ങള്‍ക്കെതിരേ നടപടി വൈകുന്നതായി പരാതി. നേരത്തെ നാട്ടുകാര്‍ ആര്‍.ഡി.ഒക്കും വില്ലേജ് അധികൃതര്‍ക്കും കളങ്ങള്‍ക്കെതിരേ പരാതി കൊടുത്തിരുന്നു. തുടര്‍ന്ന് തേര്‍ത്ത്കുന്ന് ഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഇഷ്ടികക്കളം തുടര്‍ന്നുള്ള നിര്‍മാണം നിര്‍ത്തിയിരുന്നു. എന്നാല്‍ ഇവിടെനിന്നു 250 മീറ്റര്‍ മാറി കുന്ദമംഗലംപുഴ തീരത്ത് പ്രവര്‍ത്തിക്കുന്ന കളത്തില്‍ നിര്‍മാണം ആരംഭിക്കാന്‍ ഉടമ ശ്രമം ആരംഭിച്ചിട്ടുണ്ട്. മറ്റ് സ്ഥലങ്ങളില്‍നിന്നു ജെ.സി.ബിക്ക് മണ്ണെടുത്താണ് നിര്‍മാണ പ്രവര്‍ത്തിക്ക് തുടക്കം കുറിക്കുന്നത്. പുഴ അരികില്‍ പ്രവര്‍ത്തിക്കുന്ന കളം പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് നേരത്തെ പരാതിയുണ്ടങ്കിലും നടപടിയെടുത്തിരുന്നില്ല. നെല്‍കൃഷി ചെയ്യുന്ന വയലുകളില്‍നിന്ന് വെള്ളം ഇഷ്ടിക പിടിക്കുന്ന കുഴികളിലേക്ക് ഊര്‍ന്നിറങ്ങുന്നതിനാല്‍ കൃഷി കരിഞ്ഞുണങ്ങുന്നുണ്ട്. കളത്തിന് സമീപം പഞ്ചായത്ത് റോഡും ചെറിയ പാലവുമുണ്ട്. മണ്ണടുത്തതിനെ തുടര്‍ന്ന് ഇതിനും ഭീഷണിയുണ്ട്. ചൂള കത്തിക്കുന്ന സമയത്ത് ദിവസങ്ങളോളം ഉയരുന്ന പുക പ്രദേശത്ത് ദുരിതവും രോഗങ്ങളും വിതക്കുന്നുണ്ട്. വേനല്‍ കാലത്ത് വറ്റി വരളുന്ന പുഴയില്‍നിന്ന് ജലമൂറ്റിയാണ് കളങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മാസം അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി വൈകുന്നതില്‍ ആക്ഷേപമുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."