ഗവ. നഴ്‌സിങ് കോളജുകളുടെ അംഗീകാരം റദ്ദാക്കി
തിരുവനന്തപുരം: കര്‍ണാടകത്തിനുപുറമേ, സംസ്ഥാനത്തെ ഗവ. നഴ്‌സിങ് കോളജുകളുടെ അംഗീകാരവും ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ റദ്ദാക്കി. ബി.എസ്.സി, എം.എസ്.സി കോഴ്‌സുകളുടെ അനുമതിയാണ് കൗണ്‍സില്‍ റദ്ദാക്കിയത്. ഐ.എന്‍.സിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് അംഗീകാരം റദ്ദാക്കാന്‍ കാരണം. അനേകം വിദ്യാര്‍ഥികളുടെ ഭാവി തുലാസിലാകുമ്പോഴും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം തിരുവനന്തപുരം, മഞ്ചേരി നഴ്‌സിങ് സ്‌കൂളുകള്‍ക്ക് ഇത്തവണയും ജനറല്‍ നഴ്‌സിങ്ങിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. മുന്‍ വര്‍ഷവും കോഴ്‌സിന് അംഗീകാരം നല്‍കിയിരുന്നില്ലെങ്കിലും ജി.എന്‍.എം കോഴ്‌സിന് നല്‍കിയ അനുമതിയുടെ മറവില്‍ മറ്റു കോഴ്‌സുകളിലേക്കും ഗവ.കോളജുകള്‍ പ്രവേശനം നടത്തുകയായിരുന്നു. ജൂണ്‍ 23ന് പ്രസിദ്ധീകരിച്ച 2017-18 വര്‍ഷത്തെ ഐ.എന്‍.സി അംഗീകൃത കോളജുകളുടെ പട്ടികയില്‍ നിന്നാണ് സര്‍ക്കാര്‍ കോളജുകള്‍ പുറത്തായത്.
അംഗീകാരം പുതുക്കി നല്‍കാത്തതിനാല്‍ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് വിദ്യാര്‍ഥികള്‍. ഏറ്റവും ഒടുവില്‍ 2015ലാണ് ബി.എസ്.സി കോഴ്‌സിന് അംഗീകാരം നല്‍കിയത്. പിന്നീട് ഈ കോഴ്‌സിലേക്ക് പ്രവേശനം നടത്തുവാന്‍ കേരളത്തിലെ ഒറ്റ സര്‍ക്കാര്‍ കോളജിനും ഐ.എന്‍.സി അംഗീകാരം നല്‍കിയിരുന്നില്ല. വിവിധ സര്‍ക്കാര്‍ കോളജുകളുടെ വെബ്‌സൈറ്റില്‍ നഴ്‌സിങ് കൗണ്‍സില്‍ അംഗീകൃത കോളജ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
പക്ഷെ, കൗണ്‍സിലിന്റെ അംഗീകൃത നഴ്‌സിങ് കോളജുകളുടെ പട്ടികയില്‍ ഒറ്റ സര്‍ക്കാര്‍ സ്ഥാപനം പോലുമില്ലെന്നതാണ് വാസ്തവം. സ്വകാര്യ മാനേജ്‌മെന്റുകളെ പോലെ സര്‍ക്കാരും വിദ്യാര്‍ഥികളുടെ കണ്ണില്‍ പൊടിയിടുന്ന രീതിയാണ് കേരളത്തില്‍.
കര്‍ണാകയിലെ കോളജുകളുടെ അനുമതി റദ്ദാക്കിയതിലൂടെ അവിടെ പഠിക്കുന്ന കേരളത്തിലെ ഒരുവിഭാഗം വിദ്യാര്‍ഥികള്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് കേരളത്തിലെ കോളജുകളിലെ അവസ്ഥയും അറിയുന്നത്.
നേരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 11 നഴ്‌സിങ് കോളജുകള്‍ക്ക് ജി.എന്‍.എം കോഴ്‌സിന് അംഗീകാരം ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഒന്‍പത് കോളജുകളുടെ ജി.എന്‍.എം കോഴ്‌സിനുള്ള അനുമതിയും റദ്ദാക്കി. കോട്ടയം, തിരുവനന്തപുരം, തൃശൂര്‍,കോഴിക്കോട്, ആലപ്പുഴ മെഡിക്കല്‍ കോളജുകള്‍ക്ക് കീഴിലുള്ള നഴ്‌സിങ് സ്‌കൂളുകള്‍ക്കും അംഗീകാരം നഷ്ടമായിട്ടുണ്ട്.
ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിന്റെ അംഗീകൃത സ്‌കൂളുകളുടെ പുതുക്കിയ പട്ടികയില്‍ സംസ്ഥാനത്തുനിന്ന് ഇടം നേടിയത് വെറും പതിനേഴ് സ്വകാര്യ കോളജുകള്‍ മാത്രം.
മുന്‍ വര്‍ഷം 123 സ്വകാര്യ കോളജുകള്‍ക്ക് ബി.എസ്.സി നഴ്‌സിങ് കോഴ്‌സിന് അനുമതി ലഭിച്ചിരുന്നു. എന്നാല്‍ മാനദണ്ഡം പാലിക്കാത്തതിനാല്‍ ഇത്തവണ 106 കോളജുകളുടെ അംഗീകാരം റദ്ദാക്കി. 2014 ല്‍ 117 സ്വകാര്യ കോളജുകള്‍ക്ക് നഴ്‌സിങ് കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു. ഇത്തരത്തില്‍ സ്വകാര്യ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച കേരളം നഴ്‌സിങ് വിദ്യാഭ്യാസ രംഗത്തും പിന്നോട്ട് പോവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."