ജനറല്‍ ആശുപത്രി വിവാദത്തില്‍ പ്രതിഷേധം ശക്തം ആശുപത്രിയുടെ ദുരവസ്ഥ സംബന്ധിച്ചു സര്‍ക്കാറിനു റിപ്പോര്‍ട്ടു നല്‍കും
കൈക്കൂലി ആരോപണത്തില്‍ ഡി.എം.ഒ പരാതിക്കാരിയുടെ മൊഴിയെടുത്തു
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ അടിയന്തിര അവലോകന യോഗം
വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരങ്ങള്‍ നടന്നു
സ്വന്തം ലേഖകന്‍
കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് എത്തിയ ആദിവാസി സ്ത്രീയോട് ഡോക്ടര്‍ കൈക്കൂലി ചോദിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ജനറലാശുപത്രി പരിസരത്ത് ഇന്നലെയും സമരങ്ങളുടെ വേലിയേറ്റം. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ആശുപത്രി പരിസരത്തും കാസര്‍കോട് നഗരത്തിലും പ്രതിഷേധ സമരങ്ങള്‍ നടന്നു.
അതിനിടെ, സംഭവം സംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തിരമായി ലഭിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഡി.എം.ഒ എ.പി ദിനേഷ് കുമാറിനോട് ആവശ്യപ്പെട്ട സാഹചര്യത്തില്‍ പരാതിക്കാരിയായ ആദിവാസി സ്ത്രീയില്‍ നിന്നു ഡി.എം.ഒ തെളിവെടുത്തു. ഇതോടൊപ്പം, കാസര്‍കോട് ജനറലാശുപത്രിയുടെ ദുരവസ്ഥ സംബന്ധിച്ച് സര്‍ക്കാരിനു റിപ്പോര്‍ട്ടു നല്‍കാന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു.
ആശുപത്രിയില്‍ നടക്കുന്ന കെടുകാര്യസ്ഥതയെ കുറിച്ചും കൈക്കൂലി നല്‍കാത്തതിന് ആദിവാസി യുവതിയുടെ ശസ്ത്രക്രിയ മുടക്കുകയും നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്ത സംഭവവും ചര്‍ച്ച ചെയ്യുന്നതിനാണ് അവലോകന യോഗം ചേര്‍ന്നത്. ശസ്ത്രക്രിയ നടത്താന്‍ കൈക്കൂലി വേണമെന്നു ആവശ്യപ്പെടുകയും നല്‍കാത്തതിനെ തുടര്‍ന്നു ഡിസ്ചാര്‍ജ് ചെയ്തതായും പരാതി നല്‍കിയ മധൂര്‍ ചേനക്കോട്ടെ സരസ്വതിയെ നേരില്‍ കണ്ടാണ് ഡി.എം.ഒ മൊഴി എടുത്തത്. ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കലക്ടര്‍ ഇ ദേവദാസന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. പരാതിക്കാരിയുടെയും ആരോപണ വിധേയരുടെയും മൊഴികള്‍ ശേഖരിച്ച് അടുത്ത ദിവസം തന്നെ മന്ത്രിക്കു റിപ്പോര്‍ട്ടു കൈമാറുമെന്നു കലക്ടര്‍ പറഞ്ഞു.
അവലോകന യോഗത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കലക്ടര്‍ ഇ ദേവദാസന്‍, ഡി.എം.ഒ ഡോ. എ.പി ദിനേഷ് കുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. വിമല്‍രാജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ആശുപത്രിയിലെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിച്ചു. മറ്റുപരാതികളില്‍ ഡി.എം.ഒയുടെ റിപ്പോര്‍ട്ടു വന്നശേഷം നടപടികളാവാമെന്നാണ് യോഗത്തില്‍ തീരുമാനമായത്. പ്രതിഷേധം ഭയന്നു ഡി.എം.ഒയും മറ്റും വാഹനം വളരെ ദൂരെ പാര്‍ക്കു ചെയ്തശേഷമാണ് ആശുപത്രിയിലെത്തിയത്.
അതിനിടെ പുതിയ പരാതികളും ആശുപത്രിക്കെതിരേ ഉയരുന്നുണ്ട്. ശസ്ത്രക്രിയക്ക് മുമ്പ് മയക്കി കിടത്താനുള്ള ഡോക്ടര്‍ക്ക് കൈക്കൂലി നല്‍കിയില്ലെങ്കില്‍ ഓപറേഷന്‍ വൈകിപ്പിക്കുന്നതായും അങ്ങനെ നല്‍കിയില്ലെങ്കില്‍ ശസ്ത്രക്രിയയുടെ ദിവസം ഡോക്ടര്‍ അവധി എടുത്ത് മുങ്ങുന്നതുമായാണു പരാതി ഉയര്‍ന്നത്.
ആശുപത്രിയുടെ ദുരവസ്ഥക്ക് പരിഹാരം കാണണമെന്നും കൈക്കൂലി ആരോപണത്തിനിരയായ ഡോക്ടര്‍ക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷന്‍, എസ്.ഡി.പി.ഐ സംഘടനകളുടെ നേതൃത്വത്തിലാണ് ആശുപത്രി പടിക്കലേക്ക് ഇന്നലെ മാര്‍ച്ച് നടത്തിയത്. സോളിഡാരിറ്റി അശുപത്രി പടിക്കലേക്കു മാര്‍ച്ചും നഗരത്തില്‍ പിച്ചച്ചട്ടി സമരവും നടത്തി. എസ്.ഡി.പി.ഐ കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാര്‍ച്ചു നടത്തി. ജില്ലാ പ്രസിഡന്റ് എന്‍.യു അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. മനാഫ് കടപ്പുറം അധ്യക്ഷനായി. പ്രതിഷേധ പ്രകടനം ആശുപത്രി കവാടത്തില്‍ പൊലിസ് തടഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് ജില്ലാ സെക്രട്ടറി ഇ പത്മാവതി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം പി ജാനകി അധ്യക്ഷയായി. എം ജയകുമാരി, ബിന്ദു, എം പത്മാവതി സംസാരിച്ചു.
എക്‌സ്‌റേ യൂനിറ്റു പത്തു
ദിവസത്തിനകം സജ്ജമാക്കും
ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി 11നു ചേരും
കാസര്‍കോട്: ജനറല്‍ ആശുപത്രിയിലെ രണ്ടു എക്‌സ്‌റേ യൂനിറ്റുകള്‍ 10 ദിവസത്തിനകം പ്രവര്‍ത്തനക്ഷമമാക്കാന്‍ ഇന്നലെ ചേര്‍ന്ന അടിയന്തിര അവലോകന യോഗത്തില്‍ തീരുമാനമായി. വൈദ്യുതി കണക്ഷന്‍ പ്രശ്‌നം മാത്രമാണ് ഇപ്പോള്‍ എക്‌സ്‌റേ യൂനിറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിനു തടസ്സം.
ഈ പ്രശ്‌നത്തിനു പരിഹാരം കണ്ട് 10 ദിവസത്തിനകം തന്നെ എക്‌സ്‌റേ യൂനിറ്റ് പ്രവര്‍ത്തിപ്പിക്കുമെന്ന് യോഗത്തില്‍ ഡി.എം.ഒ ഉറപ്പു നല്‍കി. ജനറല്‍ ആശുപത്രിയിലെ കെടുകാര്യസ്ഥത പുറത്തു വന്നതിനെ തുടര്‍ന്നു എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അവലോകന യോഗം ചേര്‍ന്നത്. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗം 11 നു ആശുപത്രിയില്‍ ചേരാനും തീരുമാനമായി.
ആശുപത്രിയിലെ രക്തസംഭരണ കേന്ദ്രം പ്രവര്‍ത്തിക്കാത്തതു മെഷിന്‍ സ്ഥാപിക്കാന്‍ ഉചിതമായ സ്ഥലം ഇല്ലാത്തതിനാലാണെന്നു യോഗത്തില്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കാന്‍ ഡി.എം.ഒയെ യോഗം ചുമതലപ്പെടുത്തി.
ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും.
കൈക്കൂലിയായി 400 രൂപ നല്‍കി,
1000 രൂപ നല്‍കാത്തതിനു ഡിസ്ചാര്‍ജാക്കി
കാസര്‍കോട്: ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രിയക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആദിവാസി സ്ത്രീയോട് ഡോക്ടര്‍ കൈക്കൂലിയായി ചോദിച്ചത് 1400 രൂപ. ആദിവാസി സ്ത്രീ ആരോഗ്യമന്ത്രിക്കു നല്‍കിയ പരാതിയിലാണു കൈക്കൂലി കണക്കു വ്യക്തമാക്കിയത്. അഡ്മിറ്റു ചെയ്ത ദിവസം ശസ്ത്രക്രിയ ചെയ്യണമെങ്കില്‍ 400 രൂപവേണമെന്നു പറഞ്ഞുവെന്നും അതു നല്‍കിയെന്നും സ്ത്രീ പരാതിയില്‍ പറയുന്നു. പിന്നീടാണ് 1000 രൂപ കൂടി വേണമെന്നു പറയുന്നത്. എന്നാല്‍ അതു നല്‍കാനായില്ല. തുടര്‍ന്നാണ് ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തതെന്നും ഇവര്‍ മന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."